കാസര്‍കോടിന്റെ വ്യാപാര മേഖലക്ക് ഉണര്‍വ്വേകിയ ഐവ സുലൈമാന്‍ ഹാജി

കാസര്‍കോടിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ പഴയ ബസ് സ്റ്റാന്റിലെ കെ.എസ്. റോഡില്‍ നിന്ന് വ്യാപാരം പച്ചപിടിക്കാതെ പലരും കടപൂട്ടി മറ്റു വഴികള്‍ തേടിപ്പോയപ്പോഴാണ്, ഇങ്ങനെ പൂട്ടിപ്പോയ കടകളിലൊന്ന് വാടകയ്‌ക്കെടുത്ത് ഐവ സുലൈമാന്‍ ഹാജി മക്കളെയും കൂട്ടി വ്യാപാരം തുടങ്ങുന്നത്. മുംബൈയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം കാസര്‍കോട്ട് ഫാഷന്‍ വസ്ത്രാലയം ആരംഭിക്കുന്നതിന് അദ്ദേഹത്തിന് പ്രചോദനമായി. നേരത്തെ ബേക്കറി കടയടക്കം പ്രവര്‍ത്തിച്ചിരുന്ന ഒറ്റമുറി കട വാടകക്കെടുത്ത് സുലൈമാനും മക്കളും റെഡിമെയ്ഡ് കട തുറക്കുമ്പോള്‍ കാസര്‍കോട് നഗരത്തിലെ ഏറ്റവും തിരക്കേറിയ, പ്രധാന കടകളിലൊന്നായി അത് മാറുമെന്നും മംഗലാപുരത്തടക്കം ഇതിന്റെ ശാഖകള്‍ തുറക്കുമെന്നും അധികമാരും ചിന്തിച്ചതല്ല. സുലൈമാന്‍ ഹാജി തുടക്കം കുറിച്ച ഐവ എന്ന റെഡിമെയ്ഡ് കടയ്ക്ക് തൊട്ടുമുന്നില്‍ മറ്റൊരു കടയില്‍ അന്ന് ഞാനുമുണ്ടായിരുന്നു. ഉത്തരദേശത്തിലെ ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വെറുതെ കറങ്ങി നടക്കുമ്പോള്‍ എന്നെ പിടിച്ചിരുത്താന്‍ വേണ്ടി ജ്യേഷ്ഠ സഹോദരന്‍ ബഷീര്‍ കാമിയോ എനിക്ക് വേണ്ടി തുറന്ന കടയായിരുന്നു അത്. രാത്രി കാലങ്ങളില്‍ ഞാനും സുലൈമാന്‍ച്ചയും ഏറെനേരം സംസാരിച്ചിരിക്കും. വ്യാപാരം പതുക്കെ പതുക്കെ വളര്‍ത്തുന്നത് എങ്ങനെ എന്ന ട്രിക്കൊക്കെ അദ്ദേഹം പറഞ്ഞു തരും. കസ്റ്റമേഴ്‌സിന്റെ മനസ്സറിയുകയാണ് ഒരു കടക്കാരന്റെ ആദ്യത്തെ കടമയെന്ന് നന്നായി മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. കാസര്‍കോട്ടെ കസ്റ്റമേഴ്‌സിന്റെ അഭിരുചികള്‍ എന്താണെന്ന് മനസ്സിലാക്കി അവര്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ മുംബൈയില്‍ നിന്ന് പ്രത്യേകം വരുത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മൂത്ത മകന്‍ അഷ്‌റഫിനെ കടയുടെ ചുമതലയേല്‍പ്പിച്ചപ്പോള്‍ രണ്ടാമത്തെ മകന്‍ സമീറിനെ സ്ഥിരമായി മുംബൈയില്‍ നിര്‍ത്തി അപ്പപ്പോള്‍ ഇറങ്ങുന്ന ഏറ്റവും മോഡേണ്‍ ആയ വസ്ത്രങ്ങള്‍ കടയിലെത്തിച്ച് വില്‍പ്പന കുത്തനെ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

എപ്പോഴും ഒരു നിശ്ശബ്ദ സാന്നിധ്യമായി, എല്ലാം ശ്രദ്ധിച്ചുകൊണ്ട് സുലൈമാന്‍ച്ച ഉണ്ടാവും. മുബാറക്ക് മസ്ജിദില്‍ നിന്ന് ബാങ്ക് വിളി കേള്‍ക്കുമ്പോഴേക്കും ഒരു തൂവാലയും ചുരുട്ടിപ്പിടിച്ച് അദ്ദേഹം പള്ളിയിലേക്ക് ധൃതിപിടിച്ച് നടക്കും. അധികമാരോടും അധികനേരം സംസാരിക്കുന്ന ശീലമില്ലായിരുന്നു.

ഐവ വസ്ത്രാലയം ഒറ്റ മുറിയില്‍ നിന്ന് വിശാലമായ രൂപത്തിലേക്കും തൊട്ടുമുന്നിലെ കെട്ടിടത്തിലേക്കും പിന്നീട് പുതിയ ബസ് സ്റ്റാന്റിലെ ഒരു ബഹുനില കെട്ടിടത്തിലേക്കും വിപുലീകരിച്ചതും ഐവ സില്‍ക്ക്‌സ് ആയി വളര്‍ന്നതും വളരെ പെട്ടെന്നാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സ്ഥാപനമായി വളരുകയും മംഗലാപുരത്തേക്കും കാഞ്ഞങ്ങാട്ടേക്കും വ്യാപിക്കുകയും ചെയ്തു. ഇളയ മകന്‍ തസ്‌ലിമും മരുമകന്‍ അഷ്‌റഫ് ആലംപാടിയും വ്യാപാരത്തില്‍ കൂട്ടിനായി എത്തി.

വ്യാപാര രംഗത്ത് മാത്രമല്ല, മൊഗ്രാല്‍പുത്തൂരിന്റെ മത-സാമൂഹിക രംഗങ്ങളിലും സുലൈമാന്‍ച്ച സജീവമായിരുന്നു. ദിഡുപ്പ മഹല്ല് കമ്മിറ്റിയുടെ ദീര്‍ഘകാല പ്രസിഡണ്ടായിരുന്നു. മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുലൈമാന്‍ ഹാജിയുടെ വേര്‍പ്പാടോടെ, കാസര്‍കോടിന്റെ വ്യാപാര മേഖലക്ക് പുത്തനുണര്‍വ്വ് നല്‍കിയ ഒരു വ്യാപാരിയെയാണ് നഷ്ടമായിരിക്കുന്നത്.

Related Articles
Next Story
Share it