ഓര്‍മ്മയിലിന്നുമുണ്ട് സത്യസന്ധനായ ആ ഉദ്യോഗസ്ഥന്‍

കെ.പി രാമകൃഷ്ണന്‍ തഹസില്‍ദാര്‍ വിടപറഞ്ഞ് 20 വര്‍ഷം

സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥരെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ കാസര്‍കോട് അഭിമാനത്തോടെ ഓര്‍ക്കുന്ന ഒരു നാമമുണ്ട്; അത് കെ.പി രാമകൃഷ്ണന്‍ എന്ന റിട്ട. തഹസില്‍ദാറെ കുറിച്ചാണ്. കാസര്‍കോട് ബീരന്ത്‌വയല്‍ സ്വദേശിയായ അദ്ദേഹം 2005 മെയ് 23ന് 63-ാം വയസില്‍ ഈ ലോകത്തോട് വിട പറഞ്ഞു. നീണ്ട 20 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.

കെ.പി രാമകൃഷ്ണന്‍ ഒരു മാതൃകാ ഉദ്യോഗസ്ഥനായിരുന്നു. കൈക്കൂലി തൊട്ടുതീണ്ടിയിട്ടില്ലാത്ത സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥന്‍. ആര്‍ക്കും ഏത് സമയത്തും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനും ആവശ്യം നിവര്‍ത്തിച്ചുകിട്ടാനും സാധിച്ചിരുന്ന മനുഷ്യസ്‌നേഹി. ജീവിതം മുഴുവനും ജനസേവനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ത്യാഗിവര്യനായിരുന്നു അദ്ദേഹം. എല്ലാ സര്‍ക്കാര്‍ നിയമങ്ങളും നാട്ടുകാരുടെ പ്രിയപ്പെട്ട രാമകൃഷ്ണന്‍ തഹസില്‍ദാര്‍ക്ക് മന:പാഠമായിരുന്നു. ഇംഗ്ലീഷ് ഡ്രാഫ്റ്റിംഗില്‍ ഇദ്ദേഹത്തെ പോലെ അഗ്രഗണ്യര്‍ അപൂര്‍വ്വമായിരിക്കും.

രാമകൃഷ്ണന്‍ തഹസില്‍ദാറുടെ ജീവിതം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. 1981ലാണ് അദ്ദേഹം കാസര്‍കോട് താലൂക്ക് തഹസില്‍ദാര്‍ പദവിയില്‍ നിന്ന് വിരമിച്ചത്. ഒന്നിനോടും ആര്‍ത്തിയില്ലാത്ത ഒരു മനുഷ്യന്‍. ബ്ലോക്ക് ഓഫീസര്‍ എന്ന നിലയിലും തഹസില്‍ദാര്‍ എന്ന നിലയിലും സ്വാധീനിക്കാനായി പണക്കെട്ടുകള്‍ അദ്ദേഹത്തിന്റെ മേശപ്പുറത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷെ, തങ്ങളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ വേണ്ടി പണക്കെട്ട് കൊണ്ടുവെച്ചവരൊക്കെ പിന്നീട് അദ്ദേഹത്തിന്റെ തുറിച്ച നോട്ടം കണ്ട് ഭയന്ന് വിറച്ച് അവ തിരികെ എടുത്ത് കൊണ്ടുപോയിട്ടുണ്ട്.

രാമകൃഷ്ണന്‍ തഹസില്‍ദാര്‍ എപ്പോഴും നീതിക്കൊപ്പമായിരുന്നു. അര്‍ഹിക്കുന്നത് ആര്‍ക്കും ചെയ്തുകൊടുക്കും. തന്റെ മുന്നിലെത്തുന്ന സാധാരണക്കാരായ ജനങ്ങളുടെ പ്രയാസങ്ങള്‍ ഏതെങ്കിലും തരത്തില്‍ പരിഹരിച്ച് കൊടുത്ത് അദ്ദേഹം വിശ്രമിക്കാറുണ്ടായിരുന്നുള്ളൂ. സാധാരണക്കാരന് വേണ്ടി അര്‍ഹമായ നീതി ലഭ്യമാക്കാന്‍ അദ്ദേഹം നിയമത്തിന്റെ പഴുതുകളിലൂടെ ആഴ്ന്നിറങ്ങുമായിരുന്നു. തെറ്റായ വഴിയിലൂടെ ഒന്നിനും കൂട്ടുനില്‍ക്കില്ല. പ്രലോഭനങ്ങളുമായി വന്നവരൊക്കെ തോറ്റ് പിന്തിരിഞ്ഞ് പോയിട്ടുണ്ട്. കുടുംബത്തില്‍ ചില രോഗപീഡകളുണ്ടായപ്പോഴും മക്കളുടെ തുടര്‍ വിദ്യാഭ്യാസം വഴിമുട്ടിയപ്പോഴും അദ്ദേഹത്തിന്റെ മനസ് പതറിയില്ല. ഇതൊക്കെ അറിയാവുന്ന ചില വിരുതര്‍ തങ്ങളുടെ കാര്യം സാധിക്കാന്‍ വേണ്ടി നോട്ടുകെട്ടുമായി വന്നെങ്കിലും, കുടുംബത്തിലുള്ളവര്‍ അസുഖം മൂലം ദുരിതമെത്ര പേറിയാലും മക്കളുടെ വിദ്യാഭ്യാസം പാതിവഴിയില്‍ നിലച്ചുപോയാലും അന്യായമായതിനൊന്നിനും താന്‍ വഴങ്ങില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് തെളിയിച്ചു.

ഓഫീസ് കഴിഞ്ഞാല്‍ നേരെ തായലങ്ങാടി സ്വദേശിയായ ഹാജി അഹമദ് കുന്നിലിന്റെ എം.എ റോഡിലുള്ള ടെക്‌സ്റ്റൈല്‍സ് കടയിലെത്തും. ഹാജി അഹമദ് കുന്നിലിന്റെ മകനും കളി എഴുത്തുകാരനുമായ അബു കാസര്‍കോടിന്റെ ഓര്‍മ്മയില്‍ ഇന്നും ആ രംഗങ്ങളുണ്ട്. അക്കാലത്ത് സന്ധ്യാനേരങ്ങളില്‍ ഈ ടെക്‌സ്റ്റൈല്‍സ് കട കാസര്‍കോട് നഗരത്തിലെ പ്രമുഖരായ ഏതാനും ഉദ്യോഗസ്ഥരുടെ സംഗമകേന്ദ്രമാണ്. കെ.പി രാമകൃഷ്ണന് പുറമെ ട്രഷറി ഓഫീസര്‍ പത്മനാഭന്‍, എ.പി.പി സീതാറാം ഷെട്ടി, റവന്യു ഉദ്യോഗസ്ഥനായ ഷേഖ് അബ്ദുല്ല, തഹസില്‍ദാര്‍മാരായ ബല്ലാള്‍, കൃഷ്ണന്‍ മണിയാണി തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ടാവും. 'ഹാജര്‍' പൂര്‍ണ്ണമാവുമ്പോഴേക്കും തൊട്ടടുത്ത ഫോര്‍ട്ട് റോഡിലെ അഹമദിന്റെ ഹോട്ടലില്‍ നിന്ന് ചായയും ഗോളിബജയും എത്തും. അവിടെ ഓഫീസ് സംബന്ധവും രാഷ്ട്രീയപരവും നാടിന്റെ വിവിധ വിഷയങ്ങളുമടങ്ങിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവരും. ചിലപ്പോള്‍ ഇശാ ബാങ്ക് വരെ അല്ലെങ്കില്‍ ഏതാണ്ട് 9 മണി വരെ സൊറ പറച്ചില്‍ തുടരും.

രാമകൃഷ്ണന്‍ തഹസില്‍ദാര്‍ സ്ഥിരമായി വന്നിരിക്കാറുള്ള സ്ഥലമെന്ന നിലയില്‍ അദ്ദേഹത്തെ സ്വാധീനിക്കാന്‍ വേണ്ടി ഹാജി അഹമദ് കുന്നിലിന്റെ സഹായം തേടി വന്നവരുമുണ്ട്. രാമകൃഷ്ണന്‍ തഹസില്‍ദാറിന്റെ സ്വഭാവം അറിയാവുന്ന ഹാജി അഹമദ് അവരെ ഓടിക്കും.

18-ാം വയസിലാണ് കെ.പി രാമകൃഷ്ണന്‍ റവന്യു വകുപ്പില്‍ ജോലിക്ക് ചേര്‍ന്നത്. പിന്നീട് കാസര്‍കോട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറായും പ്രവര്‍ത്തിച്ചു. തഹസില്‍ദാര്‍ പദവിയില്‍ നിന്ന് വിരമിക്കുന്നത് വരെ അഴിമതിയുടെ കറ പുരളാതെ തന്റെ സര്‍വീസ് ജീവിതം കാത്തുസൂക്ഷിച്ച രാമകൃഷ്ണന്‍ തഹസില്‍ദാരുടെ ജീവിതം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍മാര്‍ക്ക് എന്നുമൊരു പാഠമാണ്.

കെ.പി രാമകൃഷ്ണന്‍

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it