ബുറാഖിന്റെ വിയോഗം മരുതടുക്കം നാടിന് തീരാനഷ്ടം...

കുടുംബത്തെയും നാടിനെയും ഒരുപോലെ സ്‌നേഹിച്ച നന്മ നിറഞ്ഞ മരുതടുക്കത്തെ ബുറാഖിച്ച എന്ന അബ്ദുല്ലയുടെ പെട്ടെന്നുള്ള മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. കുടുംബത്തിന്റെ അത്താണിയായിരുന്നു, നാടിന്റെ നെടുംതൂണായിരുന്നു ബുറാഖ് എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന അബ്ദുല്ല. പറഞ്ഞവര്‍ക്കും അറിഞ്ഞവര്‍ക്കും വിശ്വസിക്കാനാവാത്തതായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അത്രമേല്‍ ഇഷ്ടമായിരുന്നു ആ വലിയ മനുഷ്യനെ എല്ലാവര്‍ക്കും. ദീര്‍ഘകാലം മരുതടുക്കം മഖാം ഉറൂസിന്റെ ചെയര്‍മാന്‍. മത-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ലോറി ഡ്രൈവറായിരുന്നു. സൗഹൃദ വലയങ്ങള്‍ക്ക് അത്രമേല്‍ വില കല്‍പ്പിക്കുന്ന പ്രിയപ്പെട്ടവനായിരുന്നു. രക്ത ബന്ധങ്ങള്‍ കൊണ്ടല്ലാതെ കര്‍മ്മ ബന്ധം കൊണ്ട് കൂടപിറപ്പായവന്‍. വലിയ മനുഷ്യ സ്‌നേഹിയായിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സ്‌നേഹം സമ്മാനിച്ചയാള്‍. പ്രതീക്ഷ അസ്തമിച്ച പലര്‍ക്കും ആശ്വാസവും തണലുമായിരുന്നു ബുറാഖ്. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് എത്തിയത്. കണ്ണീരൊഴുക്കാതെ ഒരാളേയും അവിടെ കാണാന്‍ സാധിച്ചിട്ടില്ല. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. നാടിന്റെയോ പള്ളിയുടേയോ മദ്രസയുടേയോ ഏതൊരു ആവശ്യം വന്നാലും മുന്നില്‍ നില്‍ക്കുന്ന വ്യക്തി. അഹ്‌ലുല്‍ ബൈത്തിനെ പ്രണയിച്ച പ്രിയപ്പെട്ടവന്‍. മരുതടുക്കം പള്ളിയില്‍ സേവനമനുഷ്ടിച്ച ഉസ്താദുമാരില്‍ ഒരു ഉസ്താദും ഈ മനുഷ്യന്റെ സ്‌നേഹം തൊട്ടറിയാത്തതായില്ല. തങ്ങള്‍മാരോടും ഉസ്താദുമാരോടും വല്ലാത്ത സ്‌നേഹവും മുഹബ്ബത്തുമായിരുന്നു. അഷ്‌റഖുല്‍ ബൈത്ത് നെഞ്ചോട് ചേര്‍ത്ത് വെച്ചവന്‍. ഏത് ഉസ്താദ് വന്നാലും മഖാമില്‍ കൊണ്ടുപോയി അഷ്‌റഖുല്‍ ബൈത്ത് ചൊല്ലിക്കുമായിരുന്നു. ഈ വലിയ മനുഷ്യന്റെ സ്‌നേഹവും കരുതലും അനുഭവിച്ചറിയാത്ത ഒരു ആലിമും ആ നാട്ടിലുണ്ടായിട്ടില്ല. കുടുംബത്തിന്റെയും നാടിന്റെയും അവസാന വാക്കായിരുന്നു അദ്ദേഹം. നാല് പെണ്‍മക്കളുടെ പിതാവായിരുന്ന അദ്ദേഹം തികഞ്ഞ കുടുംബസ്‌നേഹിയുമായിരുന്നു. കുടുംബത്തിന്റെ തണലാണ് ഇല്ലാതായത്...
മരുതടുക്കം മഹല്ലില്‍ ഏത് ആവശ്യം വന്നാലും ആദ്യം ഓടിയെത്തുന്ന ദീനീ സ്‌നേഹി... നാടിന്റെ പ്രിയപ്പെട്ട സയ്യിദ് എം.എസ്. ആറ്റക്കോയ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു ബുറാഖിച്ച... ഹോസ്പ്പിറ്റലില്‍ പോവുന്ന ദിവസം. പ്രിയപ്പെട്ട തങ്ങളുടെ വിളിവരുന്നു. മോനെ ബുറാഖെ എന്റെ മരുന്ന് വാങ്ങി വരണം എന്ന്. കേട്ടയുടന്‍ ബുറാഖിച്ച മരുന്നും വാങ്ങി തങ്ങള്‍ക്ക് വീട്ടില്‍ കൊണ്ടുകൊടുത്ത് അവസാനമായി തങ്ങളെ കണ്ട് സംസാരിച്ച് മടങ്ങി... യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള തങ്ങള്‍ക്ക് പ്രിയപ്പെട്ട ബുറാഖിച്ചാനെ അവസാനമായി ഒരു നോക്ക് കാണാനും സംസാരിക്കാനും നാഥന്‍ നല്‍കിയ അവസരമായിരിക്കാം അത്...
ശനിയാഴ്ച്ച ചെറിയ മകളുടെ കുട്ടിയുടെ തൊട്ടില്‍ കെട്ടല്‍ പരിപാടിയായത് കൊണ്ട് ബുധനാഴ്ച്ച രാത്രി കുടുംബക്കാരേയും സുഹൃത്തുക്കളേയും ഫോണില്‍ വിളിച്ച് ക്ഷണിച്ചിരുന്നു. അദ്ദേഹം ക്ഷണിച്ച ആ ശനിയാഴ്ച്ച അദ്ദേഹം മരിച്ചതിന്റെ ദുആ ആയിരുന്നു നടന്നത്. മുമ്പ് ജോലി ചെയ്ത ഒരു ഉസ്താദിന്റെ വാക്കുകള്‍ വല്ലാതെ തളര്‍ത്തുന്നതായിരുന്നു... ഉസ്താദ് ജോലിക്ക് വന്ന ആദ്യ വെള്ളിയാഴ്ച്ച ജുമുഅക്ക് തൊട്ട് മുമ്പ് സലാം പറഞ്ഞ് റൂമിലേക്ക് കടന്ന് വന്ന് പരിചയപ്പെട്ട ബുറാഖിച്ച കയ്യിലുള്ള ഒരു മോതിരം ഊരി ഉസ്താദിന് നല്‍കി, അന്ന് ഉണ്ടാക്കിയ ബന്ധം ഇന്നും നിലനിര്‍ത്തിയിരുന്നു.
എത്ര ബുദ്ധിമുട്ടും പ്രയാസവുമുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഉസ്താദുമാരെ വീട്ടില്‍ കൊണ്ടുപോയി നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി നല്‍കുമായിരുന്നു. അഷ്‌റഖുല്‍ ബൈത്ത് ചൊല്ലുകയും ചൊല്ലിക്കുകയും ചൊല്ലും ഹദിയ്യയും നല്‍കുകയും ചെയ്യും. ഒരു മുസ്ലിമിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് വെള്ളിയാഴ്ച്ച രാവോ വെള്ളിയാഴ്ച്ചയോ മരിക്കണമെന്നത്.
ബുറാഖിച്ച എന്ന ആ വലിയ മനുഷ്യന്‍ ഈ ലോകത്തോട് വിട വാങ്ങിയതും വെള്ളിയാഴ്ച്ച രാവാണ്... അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അദ്ദേഹത്തെ കുറിച്ച് പറയാന്‍ ആയിരം നാവാണ്. ചെറിയൊരു സമയം കൊണ്ട് ഉസ്താദുമാരോടും നാട്ടുകാരോടും സുഹൃത്തുക്കളോടും സംസാരിച്ചപ്പോള്‍ അദ്ദേഹത്തെ കുറിച്ചെഴുതണമെന്ന് തോന്നി... ഇത് വല്ലാത്തൊരു വിടവ് തന്നെയാണ്, നികത്താനാവില്ല... റബ്ബിന്റെ വിധിയെന്നോര്‍ത്ത് ക്ഷമിക്കാനേ കഴിയൂ... പരിചയപ്പെട്ട നാള്‍ മുതല്‍ ഒരു ഉപ്പയുടേയും ജ്യേഷ്ഠന്റെയും പലപ്പോഴും സുഹൃത്തിന്റേയും സ്‌നേഹം തന്ന ആ വലിയ മനുഷ്യനെ ഒരിക്കലും മറക്കാനാവില്ല... അനുഭവിച്ചറിഞ്ഞതും കേട്ടറിഞ്ഞതും ഇനിയും ഒരു പാട് കുറിക്കാനുണ്ട്... ആ മനുഷ്യന്റെ വിയോഗം തളര്‍ത്തിയ മനസും വിറക്കുന്ന കൈകളും കൊണ്ട് സാധിക്കുന്നില്ല...