സഫലമായ ജീവിതം... പ്രിയപ്പെട്ട ഗോപി മാഷിന് വിട

രാത്രി 1.32നായിരുന്നു ആ ഫോണ്‍ കോള്‍. അസമയത്തുള്ള വിളി ആശങ്കപ്പെടുത്തി. കണ്ണൂരില്‍ നിന്ന് രമേശന്‍ എം.പി ആണ് വിളിച്ചത്. നിങ്ങള്‍ മലപ്പുറം ടൂറില്‍ ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലായെന്ന് പറഞ്ഞപ്പോള്‍ ആരെ കോണ്‍ടാക്ട് ചെയ്യാനാകുമെന്ന് അടുത്ത ചോദ്യം. ഗോപിനാഥന്‍ മാഷ് ഉണ്ടല്ലോ എന്നായിരുന്നു എന്റെ മറുപടി. അപ്പോഴാണ് ഗോപി മാഷിനെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് വണ്ടൂരിലെ നിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിവരം ഞെട്ടലോടെ രമേശനില്‍ നിന്ന് അറിയുന്നത്.

ഗോപിമാഷുടെ സുഹൃത്തും ബാങ്ക് ഉദ്യോഗസ്ഥനുമാണ് രമേശന്‍. ഞാന്‍ ഉടന്‍ കാമലം രാധാകൃഷ്ണന്‍ മാഷിനെയും എ. പ്രഭാകരനെയും വിളിച്ചു. ഗോപിമാഷിനൊപ്പം ടൂറിന് നേതൃത്വം നല്‍കുന്ന കെ.ടി.സി (കാസര്‍കോട് ട്രാവല്‍ ക്ലബ്) ഭാരവാഹികള്‍ കൂടിയാണവര്‍. അപ്പോള്‍ അവര്‍ക്കൊപ്പം ഗോപി മാഷുടെ പ്രിയപ്പെട്ട സഹധര്‍മ്മിണി പ്രൊഫസര്‍ ശ്രീമതി ടീച്ചറും ആസ്പത്രിയിലുണ്ട്. ജീവന്‍ രക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ വിഫലമായിയെന്നറിഞ്ഞു. ഗോപിമാഷുടെ ധന്യവും കര്‍മ്മനിരതരവുമായ ജീവിതത്തിന് തിരശ്ശീല വീണിരിക്കുകയാണ്.

അത്ര അടുപ്പമുള്ള സൗഹൃദം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ പരിചയപ്പെട്ട അത്യപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒന്നാണ് ഗോപി മാഷുടേത്. കെ.ടി.സി എല്ലാ ജില്ലാകളിലും സംഘടിപ്പിക്കുന്ന പ്രാദേശിക പഠനയാത്രയുടെ ഭാഗമായാണ് ഈ മാസം 21 മുതല്‍ 24 വരെ മലപ്പുറത്തെ അറിയാന്‍ യാത്ര സംഘടിപ്പിച്ചത്. ഈ യാത്രയുടെ ടൂര്‍ ഡയറക്ടര്‍ ഗോപി മാഷായിരുന്നു. പെട്ടെന്നുള്ള മാഷുടെ വേര്‍പാടിനെ തുടര്‍ന്ന് മലപ്പുറം പഠന യാത്ര നിര്‍ത്തിവെച്ചു.

കെ.ടി.സി അഡൈ്വസറി ബോര്‍ഡ് നിലവില്‍ വന്ന 2023 മാര്‍ച്ച് മുതല്‍ ഡയറക്ടറും പാട്രണും ചീഫ് ടൂര്‍ അഡൈ്വസറുമാണ് ഗോപി മാഷ്. എല്ലാ നിലയിലും കെ.ടി.സിയുടെ അമരക്കാരനും മാര്‍ഗദര്‍ശിയും ടൂറുകളിലെല്ലാം സജീവവുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യ ടീച്ചറും യാത്രകളിലെല്ലാം ഒപ്പം ഉണ്ടാകും. ഞാന്‍ കാസര്‍കോട് ഗവ. കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജിയോളജി വകുപ്പില്‍ അധ്യാപകരായിരുന്നു ദമ്പതികളായ ഗോപി മാഷും ശ്രീമതി ടീച്ചറും.

അക്കാലം മുതല്‍ മാഷുമായി സൗഹൃദം സൂക്ഷിച്ചു. കാസര്‍കോട് ഞാന്‍ മാധ്യമ പ്രവര്‍ത്തകനായി എത്തിയപ്പോള്‍ ആ അടുപ്പം കൂടുതല്‍ ദൃഢമായി. പല വേദികളിലും ഒന്നിച്ച് പ്രവര്‍ത്തിക്കാനായി. കെ.ടി.സി യില്‍ ഞങ്ങള്‍ ഒന്നിച്ചപ്പോള്‍ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയായി മാറി. എത്രയെത്ര യാത്രകളില്‍ ഞങ്ങള്‍ കുടുംബ സമേതം പങ്കെടുത്തു.

നേപ്പാള്‍ യാത്രയിലായിരുന്നു തുടക്കം. നോര്‍ത്ത് ഈസ്റ്റ്, യു.എ.ഇ, ഭൂട്ടാന്‍ ട്രിപ്പുകള്‍ തുടങ്ങിയവ എടുത്തു പറയാവുന്നവ. വ്യക്തിപരമായ അസൗകര്യങ്ങളാല്‍ മലപ്പുറം യാത്രയില്‍ ഒന്നിച്ചുണ്ടാകാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ എന്നെ പലതവണ വിളിച്ചു. ടൂര്‍ വിവരങ്ങള്‍ പങ്കുവെച്ചു. ഒടുവില്‍ വിളിച്ചത് രാത്രി 8.30 ഓടെ...

ഞങ്ങളുടെ പൊതുപരിപാടികളില്‍ അധ്യക്ഷനായിരുന്നത് ഗോപി മാഷാണ്. മിക്കലോക രാഷ്ട്രങ്ങളും ഗോപി മാഷ് ശ്രീമതി ടീച്ചര്‍ക്കൊപ്പം സന്ദര്‍ശിച്ചിട്ടുണ്ട്. യാത്രാ പ്രിയനായിരുന്ന അദ്ദേഹം യാത്രാ കുറിപ്പുകളും തയ്യാറാക്കും. ഭൗമശാസ്ത്രത്തില്‍ നല്ല അറിവുള്ള ഗോപി മാഷ് ഓരോ യാത്രകളിലും ആ പ്രദേശത്തെ ഭൗമ ഘടനയും പരിസ്ഥിതിയെക്കുറിച്ചും സരസമായി വിവരിക്കും. വിവിധ ജേണലുകളില്‍ ഭൗമ ശാസ്ത്ര-പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ പരിസ്ഥിതി സമിതിയില്‍ അംഗമാണ്.

കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ജിയോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഗോപി മാഷ് എഴുത്ത് പരീക്ഷ ഇല്ലാതെ പി.എസ്.സിയുടെ നേരിട്ട് ഇന്റര്‍വ്യു വഴി ഇതേ കോളേജില്‍ അധ്യാപകനായി. കാല്‍ നൂറ്റാണ്ടിലേറെക്കാലം ഇവിടെ അധ്യാപകനും വകുപ്പ് തലവനും പ്രിന്‍സിപ്പാളുമായി തുടര്‍ന്നു. കോളേജിന്റെ വികസന കാര്യങ്ങളില്‍ ശ്രദ്ധിച്ചു. സുവര്‍ണ ജൂബിലിക്ക് നേതൃത്വം നല്‍കി. കോളേജിന് നാഷണല്‍ അക്രെഡിറ്റേഷന്‍ നേടിയെടുക്കുന്നതിന് നേതൃത്വം നല്‍കി. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്ന് മടിക്കൈ കോളേജില്‍ പ്രിന്‍സിപ്പളായി ഒരു ദശാബ്ദം പ്രവര്‍ത്തിച്ചു. കോളേജിന്റെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി.

ജില്ലയില്‍ സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. കാസര്‍കോട് പീപ്പിള്‍സ് ഫോറം, ലയണ്‍സ് ക്ലബ്ബ്, ചിന്മയ കോളനി റസിഡന്റ് അസോസിയേഷന്‍ എന്നിവയുടെ പ്രസിഡണ്ടായിരുന്നു. മറ്റ് ഒട്ടേറെ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. പുരോഗമന ചിന്താഗതിക്കാരനായിരുന്നു. പോസിറ്റീവ് എനര്‍ജി എല്ലാവര്‍ക്കും നല്‍കുന്ന വ്യക്തിത്വം. ദേഷ്യപ്പെടില്ല, സദാ പുഞ്ചിരിക്കുന്ന സൗമ്യ മുഖം. അങ്ങനെ പറയാന്‍ എറെയാണ് മാഷുടെ സവിശേഷതകള്‍...

വിനയവും ലാളിത്യവുമായിരുന്നു ഗോപി മാഷുടെ മുഖമുദ്ര. സ്‌നേഹമസൃണമായ, കുലീനമായ പെരുമാറ്റം. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ ഒരിക്കലും അദ്ദേഹത്തെയോ അദ്ദേഹം അവരെയോ മറക്കില്ല. മലപ്പുറം യാത്രയില്‍ ആദ്യമായി ഗോപി മാഷെ പരിചയപ്പെട്ട പയ്യാവൂര്‍ സ്വദേശി എം.പി. ജേക്കബ് ഒറ്റവരിയില്‍ ഈ ഗ്രൂപ്പില്‍ അത് സാക്ഷ്യപ്പെടുത്തുന്നു. ഒന്നിച്ചെടുത്ത ഫോട്ടോയും അദ്ദേഹം ഷെയര്‍ ചെയ്തു.

ഒടുവില്‍ ഞങ്ങള്‍ കണ്ടത് വിദ്യാനഗര്‍ ചിന്മയാ കോളനിയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു. മലപ്പുറം ടൂറിന്റെ ഒരുക്കങ്ങള്‍ വിലയുരുത്താന്‍ ചേര്‍ന്ന യോഗം. കെ.ടി.സി. ചെയര്‍മാന്‍ ജി.ബി. വത്സന്‍ മാസ്റ്ററും രാധാകൃഷ്ണന്‍ കാമലവും പ്രഭാകരനും അപ്പോള്‍ ഉണ്ടായിരുന്നു. ചായയും പലഹാരങ്ങളും നല്‍കി മാഷും ടീച്ചറും ഞങ്ങളെ സല്‍ക്കരിച്ചു. 250 മീറ്റര്‍ അകലെ മാത്രമാണ് മാഷുടെ വസതിയില്‍ നിന്നും എന്റെ വീട്. യാത്രയാക്കുമ്പോള്‍ ഗോപി മാഷ് ചോദിച്ചു കാറില്‍ വീട്ടിലാക്കട്ടെ എന്ന്. ഞാന്‍ നിരസിച്ചു. അങ്ങനെയാണ് ഗോപി മാഷ്. സ്‌നേഹം മാത്രം എപ്പോഴും നല്‍കുന്ന, പരിഭവങ്ങള്‍ ഇല്ലാത്ത ഒരു മനുഷ്യന്‍. നല്ല മനുഷ്യ സ്‌നേഹികൂടിയാണ് അദ്ദേഹം. ഒരു സാന്ത്വന ചികിത്സാ കേന്ദ്രത്തിനും ഗോപി മാഷ് നേതൃത്വം നല്‍കുന്നുണ്ട്. മരണത്തെ അതിജീവിക്കാന്‍ മാത്രം മനുഷ്യന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. മരണം ഗോപി മാഷിനെയും കീഴടക്കി. അറുത്തൊമ്പതാം വയസ്സില്‍. മരണത്തിന് പ്രായഭേദമില്ല. എപ്പോഴും കടന്നുവരാം. ഗോപി മാഷ് വിട പറഞ്ഞു. അത് ഇനി ഒരു യാഥാര്‍ഥ്യം. എല്ലാവരും ഒരു നാള്‍ കടന്നുപോകേണ്ട കടമ്പ.

ഗോപി മാഷിന്റെ ജീവിത മാതൃക പിന്തുടരുകയാണ് അദ്ദേഹത്തിന് നമുക്ക് സമര്‍പ്പിക്കാവുന്ന ഒരേയൊരു കാര്യം. പ്രിയപ്പെട്ട ഗോപി മാഷിന് കാസര്‍കോട് ജനതയുടെ ആദരാഞ്ജലികള്‍... പ്രിയപ്പെട്ട അധ്യാപകന്, പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരന്, ആത്മ സുഹൃത്തിന് വിട...

Related Articles
Next Story
Share it