അക്കൂച്ച, കണ്ണീരുണങ്ങുന്നില്ലല്ലോ...
അക്കുച്ച, ജദീദ് റോഡ് ശൂന്യമാണിന്ന്, നിശ്ചലവും. ഒരുനാടിനെയാകെ കണ്ണീരിലാഴ്ത്തി താങ്കള്‍ ഇത്രപെട്ടെന്ന് പോയിക്കളഞ്ഞല്ലോ. കുറേ നാളായി മരണം ഈ പരിസരങ്ങളില്‍ തലങ്ങും വിലങ്ങും നിര്‍ദാക്ഷണ്യം ജീവനുകളെ കവര്‍ന്നത് കണ്ട്, നമ്മള്‍ വല്ലാത്തൊരു നടുക്കത്തോടെ സംസാരിച്ചത് മൂന്ന്, നാല് ആഴ്ച മുമ്പാണ്. ഉത്തരദേശത്തില്‍ നിറയെ മരണവാര്‍ത്തകളാണല്ലോ എന്ന് പറഞ്ഞ് താങ്കള്‍ വല്ലാതെ ആകുലപ്പെട്ട ആ നാള്‍ എനിക്ക് മറക്കാനാകില്ല. വല്ലാത്തൊരു ഭയം അക്കുച്ചയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടിരുന്നു. മൂത്ത ജ്യേഷ്ഠന്‍ മാമൂച്ചയെ കുറിച്ചോര്‍ത്ത് അദ്ദേഹത്തിന് ദീര്‍ഘായുസ് നല്‍കണമേ റബ്ബേ […]
അക്കുച്ച, ജദീദ് റോഡ് ശൂന്യമാണിന്ന്, നിശ്ചലവും. ഒരുനാടിനെയാകെ കണ്ണീരിലാഴ്ത്തി താങ്കള്‍ ഇത്രപെട്ടെന്ന് പോയിക്കളഞ്ഞല്ലോ. കുറേ നാളായി മരണം ഈ പരിസരങ്ങളില്‍ തലങ്ങും വിലങ്ങും നിര്‍ദാക്ഷണ്യം ജീവനുകളെ കവര്‍ന്നത് കണ്ട്, നമ്മള്‍ വല്ലാത്തൊരു നടുക്കത്തോടെ സംസാരിച്ചത് മൂന്ന്, നാല് ആഴ്ച മുമ്പാണ്. ഉത്തരദേശത്തില്‍ നിറയെ മരണവാര്‍ത്തകളാണല്ലോ എന്ന് പറഞ്ഞ് താങ്കള്‍ വല്ലാതെ ആകുലപ്പെട്ട ആ നാള്‍ എനിക്ക് മറക്കാനാകില്ല. വല്ലാത്തൊരു ഭയം അക്കുച്ചയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടിരുന്നു. മൂത്ത ജ്യേഷ്ഠന്‍ മാമൂച്ചയെ കുറിച്ചോര്‍ത്ത് അദ്ദേഹത്തിന് ദീര്‍ഘായുസ് നല്‍കണമേ റബ്ബേ […]
അക്കുച്ച,
ജദീദ് റോഡ് ശൂന്യമാണിന്ന്, നിശ്ചലവും. ഒരുനാടിനെയാകെ കണ്ണീരിലാഴ്ത്തി താങ്കള്‍ ഇത്രപെട്ടെന്ന് പോയിക്കളഞ്ഞല്ലോ.
കുറേ നാളായി മരണം ഈ പരിസരങ്ങളില്‍ തലങ്ങും വിലങ്ങും നിര്‍ദാക്ഷണ്യം ജീവനുകളെ കവര്‍ന്നത് കണ്ട്, നമ്മള്‍ വല്ലാത്തൊരു നടുക്കത്തോടെ സംസാരിച്ചത് മൂന്ന്, നാല് ആഴ്ച മുമ്പാണ്. ഉത്തരദേശത്തില്‍ നിറയെ മരണവാര്‍ത്തകളാണല്ലോ എന്ന് പറഞ്ഞ് താങ്കള്‍ വല്ലാതെ ആകുലപ്പെട്ട ആ നാള്‍ എനിക്ക് മറക്കാനാകില്ല. വല്ലാത്തൊരു ഭയം അക്കുച്ചയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടിരുന്നു. മൂത്ത ജ്യേഷ്ഠന്‍ മാമൂച്ചയെ കുറിച്ചോര്‍ത്ത് അദ്ദേഹത്തിന് ദീര്‍ഘായുസ് നല്‍കണമേ റബ്ബേ എന്ന് താങ്കള്‍ പ്രാര്‍ത്ഥിച്ചതും എന്നോട് പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞതും ഞാന്‍ മറന്നിട്ടില്ല.
മരണം, ഇവിടെ എവിടെയൊക്കെ പാത്തും പതുങ്ങിയും നില്‍പ്പുണ്ടെന്ന് നമ്മള്‍ ഭയന്നതും അല്ലാഹുവിനോട് കാവലിനെ തേടിയതും ഓര്‍മ്മയുണ്ട്. പക്ഷെ... ഞങ്ങളെയെല്ലാം കരയിപ്പിച്ച് കൊണ്ട് താങ്കള്‍ പൊയ്ക്ക ളഞ്ഞല്ലോ.
കട തുറക്കാത്തപ്പോള്‍, പള്ളിയില്‍ താങ്കളെ കാണാത്തപ്പോള്‍ മിത്തുവിനോട് അന്വേഷിച്ചിരുന്നു. ഉപ്പയ്ക്ക് പനിയാണെന്നാണ് മിത്തു പറഞ്ഞത്. അക്കൂച്ചയെ കാണാന്‍ വീട്ടില്‍ പോയിരുന്നുവെന്നും വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഉമ്പായിച്ചാന്റെ ശംസു പറഞ്ഞത് കേട്ടപ്പോള്‍ ആശ്വാസവുമായി. നമ്മള്‍ അവസാനമായി കണ്ടത് കഴിഞ്ഞമാസം ആറിന് കൊട്ടയാടി ഇക്കുവിന്റെ വീട്ടില്‍, പുരകുടി കൂടല്‍ ചടങ്ങില്‍ വെച്ചാണ്. അന്ന് വെള്ളിയാഴ്ച സുബഹിക്ക് വീട് കുടികൂടി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ പതിവ് ചിരി ചിരിച്ച് സലാം ചൊല്ലി കൈനീട്ടി താങ്കള്‍ എന്നെ യാത്രയാക്കി. അന്ന് എന്തോ ഒരു വല്ലായ്ക താങ്കളുടെ മുഖത്ത് ഞാന്‍ കണ്ടിരുന്നു. പക്ഷെ പിന്നീടൊരിക്കലും ഞാന്‍ താങ്കളെ കണ്ടില്ല. കെ.എസ്. അബ്ദുല്ല സാഹിബിന് ഏറ്റവും ഇഷ്ടപ്പെട്ട നേരം പ്രഭാതമായിരുന്നു; സുബഹിന്റെ നേരം. അതുകൊണ്ട് തന്നെ കെ.എസിന്റെ മരണാനന്തരം സുഹൃത്തുക്കള്‍ ചേര്‍ന്നിറക്കിയ ഓര്‍മ്മ പുസ്തകത്തിന് സുബഹി എന്ന പേരിട്ടു. കെ.എസിന്റെ നാട്ടുകാരനായ താങ്കള്‍ക്കും സുബഹി നേരം ഏറെ പ്രിയപ്പെട്ടതായിരുന്നല്ലോ. സുബഹിക്ക് പള്ളിയിലേക്കുള്ള ഒരോ യാത്രയിലും എന്റെ കണി ത്രീ സ്റ്റാര്‍ അന്തച്ചയും നിങ്ങളും ആയിരുന്നു. വീട്ടില്‍ നിന്നിറങ്ങി ഞാന്‍ റോഡിലെത്തുമ്പോഴേക്കും ആദ്യത്തെ ഗേറ്റ് തുറന്ന് ത്രീസ്റ്റാര്‍ അന്തച്ച മുന്നില്‍ നടക്കുന്നുണ്ടാവും. മുന്നിലെ റോഡിലൂടെ കൈ പൊക്കി, ഉറക്കെ സലാം ചൊല്ലി താങ്കളും നടന്നുവരും. സുബഹി കഴിഞ്ഞ് മതിലിന് ചാരി കുറേ നേരം താങ്കളവിടെ ഇരുന്ന് ദിക്‌റ് ചൊല്ലുക പതിവായിരുന്നുവല്ലോ.
ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധാലുവായിരുന്ന താങ്കള്‍ക്ക് ജീവിതത്തിലൊരിക്കലും അസുഖം വന്നിട്ടില്ലെന്നറിഞ്ഞ് ഞങ്ങളൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്. പ്രായം ഏഴുപതിനോടടുത്തിട്ടും നല്ല അരോഗദൃഡഗാത്രനായിരുന്ന താങ്കളെ കുറിച്ച് ഞങ്ങള്‍ ചെറുപ്പക്കാര്‍ പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നത് ആവേശത്തോടെയാണ്. ആരോഗ്യം നന്നായി ശ്രദ്ധിക്കണമെന് പറഞ്ഞ് ഞങ്ങള്‍ ചൂണ്ടിക്കാട്ടാറുണ്ടായിരുന്നത് അക്കൂച്ചയെയായിരുന്നു. കാല്‍മുട്ടിന് ചെറിയൊരു വേദനയല്ലാതെ താങ്കളെ മറ്റ് അസുഖങ്ങളൊന്നും അലട്ടിയിരുന്നില്ല. ജദീദ് റോഡിന്റെ ഒരു കാവലാളെ പോലെയായിരുന്നുവല്ലോ താങ്കള്‍ ജീവിച്ചത്. ഖത്തറില്‍ നിന്ന് തിരിച്ചെത്തി പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നോണം താങ്കള്‍ ജദീദ് റോഡ് പള്ളിയോട് ചേര്‍ന്ന് ആരംഭിച്ച 'പീടേക്കാരന്‍ ഗ്രോസറി' ജദീദ് റോഡിന് വലിയൊരു അജന തന്നെയായിരുന്നു. പണ്ട്, താങ്കളുടെ വാപ്പ പൗരപ്രമുഖനായിരുന്ന പി.എന്‍ അബ്ദുല്‍ ഖാദര്‍ ഹാജി നടത്തിയിരുന്ന അതേ കട. താങ്കള്‍ കട തുറക്കുമ്പോള്‍ ജദീദ് റോഡ് ഉണരും. അല്ലാത്തപ്പോഴെല്ലാം വല്ലാത്തൊരു മൂകതയായിരുന്നു. താങ്കള്‍ ആസ്പത്രിയിലായതിനെ തുടര്‍ന്ന് കുറേ നാളായി കട തുറക്കാത്തതിനാല്‍ ജദീദ് റോഡിന്റെ വെളിച്ചം തന്നെ കെട്ട നിലയിലായിരുന്നു. ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് മസ്ജിദിന്റെ ട്രഷറര്‍ ആയിരുന്നുവെങ്കിലും പള്ളിയുടെ ഭരണചുമതല മൊത്തമായി വഹിച്ച ഒരാളായിട്ടാണ് മഹല്ലുകാര്‍ താങ്കളെ കണ്ടത്. പള്ളിയുടെ ഭരണനിര്‍വ്വഹണത്തിലും വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതിലും താങ്കള്‍ കാണിച്ച സൂക്ഷ്മത ഞങ്ങള്‍ക്ക് മറക്കാനാവില്ല. ആര്‍ക്കെങ്കിലും നല്‍കാനുള്ളവ താങ്കളുടെ കടയില്‍ വലിയ ധൈര്യത്തോടെയാണ് എല്ലാവരും ഏല്‍പ്പിക്കാറുണ്ടായിരുന്നത്. അത് കാശാവട്ടെ, മറ്റെന്തുമാവട്ടെ, സുരക്ഷിതമായി അവ താങ്കള്‍ അവിടെ സൂക്ഷിച്ചിരുന്നു. വൈകുന്നേരങ്ങളില്‍ താങ്കളുടെ വീട്ടില്‍ നിന്ന് കൊടുത്തയച്ചിരുന്ന ചായയും പലഹാരങ്ങളും ജദീദ് റോഡ് വായനശാലയില്‍ കൂടിയിരിക്കുന്നവര്‍ക്ക് വീതിച്ച് നല്‍കി താങ്കള്‍ അനുഭവിച്ചിരുന്ന സന്തോഷം ഞങ്ങള്‍ കണ്ടതാണ്.
എച്ച്.എം. സുലൈമാന്‍ച്ച മരിച്ചപ്പോള്‍ താങ്കളെ കാണാഞ്ഞിട്ട് പലരും അന്വേഷിക്കുന്നുണ്ടായിരുന്നു. പനി മൂര്‍ച്ഛിച്ചിട്ടുണ്ടെന്നും വിശ്രമത്തിലാണെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലാണെന്നറിഞ്ഞപ്പോഴും അക്കൂച്ച കൂടുതല്‍ ആരോഗ്യവാനായി തിരിച്ചുവരുമെന്ന പ്രതീക്ഷ മാത്രമായിരുന്നു ഞങ്ങള്‍ക്ക്. എല്ലാ അസുഖത്തേയും മറികടക്കാനുള്ള മനക്കരുത്തും ആരോഗ്യവും താങ്കള്‍ക്ക് ഉണ്ടെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു. പക്ഷെ ഏതാനും ദിവസം മുമ്പ് ഞാനും സുഹൃത്തുക്കളായ ഇഖ്ബാലും നവാസും താങ്കളെ കാണാന്‍ വന്നപ്പോള്‍ താങ്കള്‍ നിശ്ചലനായി കിടക്കുന്നത് കണ്ട് ഹൃദയം തേങ്ങി. മിയാദ് ഗള്‍ഫില്‍ നിന്ന് വിളിച്ച് ഉപ്പയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞതായി ഉസ്മാന്‍ ഉസ്താദും ഷരീഫ് ചുങ്കത്തിലും അറിയിച്ചു. എങ്കിലും അല്ലാഹു താങ്കള്‍ക്ക് ദീര്‍ഘായുസ് തന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ നാടൊന്നടങ്കം പ്രാര്‍ത്ഥനയിലായിരുന്നു.
ജദീദ് റോഡ് വായനശാലയില്‍ സുലൈമാന്‍ച്ചയുടെ അനുസ്മരണം സംഘടിപ്പിച്ചപ്പോള്‍, ആസ്പത്രിയില്‍ കഴിയുന്ന അക്കൂച്ചക്കും അന്തച്ചക്കും മറ്റും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാ സദസ്സും ഒരുക്കിയിരുന്നു. പക്ഷെ താങ്കള്‍ ഞങ്ങളെയെല്ലാവരേയും കരയിപ്പിച്ച് കളഞ്ഞുവല്ലോ. ഇന്നലെ രാത്രി സുഹൃത്തുക്കളായ ലുക്മാനുല്‍ ഹക്കീമിനും ഇബ്രാഹിമിനും ഇക്ബാലിനുമൊപ്പം മംഗളൂരുവിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഞങ്ങളെയൊക്കെ കണ്ണീരിലാഴ്ത്തികൊണ്ട് മരണവാര്‍ത്ത എത്തിയത്. ഇന്നലെ ജദീദ് റോഡ് ഉറങ്ങിയിട്ടില്ല. പാതിരാവ് വരെ താങ്കളുടെ മയ്യത്ത് കൊണ്ടുവരുന്നതും കാത്തിരുന്ന നാട്ടുകാര്‍ ഇന്ന് സുബഹിക്ക് മുമ്പേ താങ്കളുടെ വീട്ടില്‍ തടിച്ചുകൂടിയിരുന്നു. മയ്യത്ത് നിസ്‌കാരത്തിനായി ജദീദ് റോഡ് പള്ളിയിലേക്ക് ജനാസ എടുക്കുമ്പോഴേക്കും നൂറുകണക്കിന് ആളുകളാണ് ആ നേരത്ത് പോലും അവിടെ വീണ്ടും തടിച്ചുകൂടിയത്. അത് ഈ നാടിന് വേണ്ടി താങ്കള്‍ സമര്‍പ്പിച്ച സേവനത്തിനുള്ള സ്‌നേഹമായി വേണം കാണാന്‍. ഏഴ് മണിയാവുമ്പോഴേക്കും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തിലെ ആറടിമണ്ണിലേക്ക് താങ്കള്‍ ചേര്‍ന്നു. അല്ലാഹു താങ്കള്‍ക്ക് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് നാട് ഒന്നടങ്കം പ്രാര്‍ത്ഥിക്കുകയാണ്.