ഏതാനും ദിവസം മുമ്പ് അന്തരിച്ച ബാവിക്കര അബ്ദുല്ല കുഞ്ഞി ഹാജി നേരത്തെ ഞാന്‍ ഖാസിലേനില്‍ താമസിച്ചിരുന്നപ്പോള്‍ എന്റെ അയല്‍വാസിയായിരുന്നു. അസുഖം ബാധിച്ച് കിടപ്പിലായപ്പോള്‍ അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ പോയിരുന്നു. പക്ഷെ സംസാരിക്കാന്‍ പറ്റിയിരുന്നില്ല. അദ്ദേഹം ക്ഷീണിതനായിരുന്നു. പിന്നീടൊരിക്കല്‍ ഖാസിലേനില്പോയി അന്വേഷിച്ചപ്പോള്‍ മകളുടെ വീട്ടിലാണെന്നറിഞ്ഞു. കാണാനൊത്തില്ല. അങ്ങനെയിരിക്കെയാണ് ആ സങ്കട വാര്‍ത്തയറിയുന്നത്. അദ്ദേഹം മരണപ്പെട്ടിരിക്കുന്നു. സീമാന്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മാര്‍ക്കറ്റ് റോഡില്‍ മധുര പലഹാരക്കട ആരംഭിക്കുകയും അതോടൊപ്പം മത-സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറസാന്നിദ്ധ്യമായി കയ്യൊപ്പ് ചാര്‍ത്തി.ചില സംഘടനകളില്‍ ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഖാസിലേന്‍ പള്ളി മദ്രസ്സ, റെയിഞ്ച് മാനേജ്മെന്റ് അസോസിയേഷന് ദഖീറത്തുല്‍ ഉഖ്റാ സംഘത്തിന്റെ കീഴിലുള്ള യതീംഖാന മാനേജര്‍, വലിയ ജമാഅത്ത് പള്ളി കമ്മിറ്റി പ്രവര്ത്തകന്, ആദ്യകാല ആര്.യു.എസ് പൂര്‍വ്വ വിദ്യാത്ഥി സംഘം പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍. അതോടൊപ്പം മുസ്ലിം ലീഗിനെ നെഞ്ചോട് ചേര്‍ത്ത് വെച്ച പ്രവര്ത്തകന് കൂടിയായിരുന്നു. ബാങ്കോട് ശാഖാ ലീഗ് 22-ാം വാര്‍ഡിലെ ദീര്‍ഘകാല പ്രസിഡണ്ടായിരുന്നപ്പോള്‍ ഞാന്‍ സെക്രട്ടറിയായിരുന്നു. അബ്ദുല്ല ഹാജി ഒ.എസ്.എയുടെ പ്രസിഡണ്ടും ഞാന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു. അന്നാണ് ആദ്യമായി ചീരണിയായി ഈ ഭാഗത്ത് നെയ്ച്ചോര്‍ വിതരണം നടത്തിയത്. ദഖീറത്തിന്റെ കീഴിലുള്ള യതീംഖാനയില്‍ ദീര്‍ഘകാലം മാനേജറായിരുന്ന അബ്ദുല്ല ഹാജി അനാഥ മക്കളുടെ യാതനകള്‍ മനസ്സിലാക്കി ബന്ധപെട്ടവരോട് സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കന്നതില് സന്തോഷം കണ്ടെത്തിയിരുന്നു. പരേതനായ മുക്രി ഇബ്രാഹിം ഹാജിയുടെ സഹകരണത്തോടെ മദ്രസ്സയുടെ പുനര്‍നിര്‍മാണത്തിന് ഒരു കമ്മിറ്റി രൂപീകരിക്കുകയും ഗള്‍ഫില്‍ നിന്നും മറ്റും സംഭാവന പിരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്ല ഹാജിയും ഞാനും ഗള്‍ഫ് പര്യടനം നടത്തിയിരുന്നു. യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ ഖാസിലേന്‍ മഹല്‍ നിവാസികളുടെ ആത്മാര്‍ത്ഥമായ സഹകരണത്തോടെ നല്ലൊരു തുക ലഭിക്കുകയുമുണ്ടായി. എല്ലാവരുടെയും സഹകരണത്തോടെ മദ്രസാകെട്ടിടം ഖാസിലേനിന്റെ അഭിമാനമായി തലയുയര്‍ത്തി നില്ക്കുന്നു. ഓര്‍മ്മകള്‍ ഇനിയും ബാക്കി വെച്ച് അബ്ദുല്ല ഹാജി നമ്മെ വിട്ടു പിരിഞ്ഞു. പരേതന്റെ പരലോക ജീവിതം ധന്യമാകട്ടെ…ആമീന്‍…
-ബി.എസ് മഹമൂദ്