കാസര്‍കോട്ടെ സെറിബ്രല്‍ പാള്‍സി ബാധിച്ച ഓരോ കുട്ടിയും ഓരോ വേദനകളാണ്. കഴിഞ്ഞ ദിവസം മരിച്ച ബാദുഷയുടെ മരണവും അടുത്തറിയുന്നതു കൊണ്ട് വ്യക്തിപരമായി ചിലതൊക്കെ പറയാന്‍ പ്രേരിപ്പിക്കുന്നു.
2006ല്‍ വി.എസ്.അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായ ശേഷം പ്രഖ്യാപിച്ച, എന്‍ഡോസള്‍ഫാന്‍ കാരണം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അരലക്ഷം രൂപയുടെ ചെക്ക് നല്‍കുന്ന വേദിയില്‍ തലവളര്‍ന്ന ഒരു കുഞ്ഞുമായി പര്‍ദ്ദയണിഞ്ഞ ഒരു ഉമ്മയെ കണ്ടിരുന്നു. കുഞ്ഞിനെ ഒരു കാണിക്കപോലെയാണ് ആ ഉമ്മ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് നീട്ടിയത്. മാതൃഭൂമിയിലെ രാമനാഥപൈ എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ആ ഫോട്ടോ ചിലരെങ്കിലും ഇന്ന് ഓര്‍ക്കുന്നുണ്ടാകും. തലവളര്‍ന്നവനായിട്ടും ബാദുഷയെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍പ്പെടുത്താന്‍ ആ ഉമ്മ ഒരു പാട് അലയേണ്ടി വന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ച ബോവിക്കാനത്തു നിന്നും ശപിക്കപ്പെട്ട ആ ഇടം വിട്ട് കാസര്‍കോട് പള്ളത്തെ വാടകവീട്ടിലേക്ക് മാറിത്താമസിച്ച കഥ പറഞ്ഞപ്പോള്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത കാസര്‍േേകാട് നഗരത്തിലും തലവളര്‍ന്ന കുഞ്ഞുങ്ങളോ എന്ന നഗരവാസിയുടെ സംശയം തീര്‍ന്നത്. ഒടുവില്‍ സുപ്രീം കോടതി വിധിയനുസരിച്ചുള്ള ആരോഗ്യ വിദഗ്ധ സംഘത്തിന്റെ പരിശോധനകള്‍ കഴിഞ്ഞ് അവന്‍ ലിസ്റ്റില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടു. അപ്പോള്‍ ആ ഉമ്മയുടെ പ്രശ്‌നം അവര്‍ക്ക് സുരക്ഷിതമായി കേറിക്കിടക്കാന്‍ വീടില്ല എന്നതായി. ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന തല്ല അവന്റെ തല വലുപ്പം എന്നത് വൈദ്യശാസ്ത്രത്തിന്റെ തന്നെ നിഗമനമായിരുന്നു. നഗരത്തില്‍ വീട്ടുജോലിക്ക് പോയാണ് ഉമ്മ മകനെ പോറ്റുന്നത്. അവരില്ലാത്തപ്പോള്‍ അവന്റെ അടുത്ത് എപ്പോഴും ആള് കാവല്‍ വേണം. മറ്റു കുട്ടികളിലാരെങ്കിലും സ്‌കൂളില്‍ പോവാതെ അവന്റെ അടുത്ത് കാവല്‍ നില്ക്കും. ഒരു ജീവിതം മുടങ്ങുമ്പോള്‍ മറ്റു ജീവിതവും മുടങ്ങും. സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ കാലത്ത് രാഷ്ടാന്തരീയ നിരോധനത്തിനായി നടന്ന ഒപ്പുമര സമര കാലത്ത് വടകരയിലെ സൈമ എന്ന സംഘടന എന്‍വിസാജിലൂടെ ആ ഉമ്മയുടെ ഒരു വര്‍ഷത്തെ വീട്ടുചെലവിലേക്കായി ഒപ്പുമരത്തിന്നടിയില്‍ വെച്ച് തന്നെ അവര്‍ക്ക് ചെക്കുകള്‍ നല്കി. കാസ്‌റോട്ടാര്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് തുടര്‍ന്നുള്ള വീട്ടുവാടക നല്കി. യഹ്‌യ തളങ്കരയുടെ നേതൃത്വത്തില്‍ പാണക്കാട് തങ്ങളും സംഘവും വന്ന് പത്ത് രോഗികളെ സഹായിച്ചപ്പോള്‍ അവരിലൊന്നായി ബാദുഷയ്ക്കു സാമ്പത്തിക സഹായം കിട്ടി. തുടര്‍ന്ന് ബി.എം. അബ്ദുറഹമാന്‍ ഫൗണ്ടേഷന്റെ ബി.എ. മഹ്‌മൂദ് അവര്‍ക്കു വീട് നിര്‍മ്മാണത്തിന് ധനസഹായവുമായി വന്ന് ചെക്ക് കൈമാറി. ആരോഗ്യ ശാസ്ത്ര കണ്ടെത്തലനുസരിച്ച് നിയമപ്രകാരം ലിസ്റ്റിലകപ്പെട്ട ആ കുട്ടിക്ക് വീടിനായി മൂന്നുസെന്റ് സ്ഥലം ചെങ്കള പഞ്ചായത്ത് പതിച്ചു നല്കി. കിട്ടിയ പണം കൊണ്ട് വീടിന്റെ ചുമരുവരെ ആ ഉമ്മ എത്തിച്ചു. അപ്പോഴാണ് യഹ്‌യ തളങ്കര വീട് വാര്‍ക്കാനുളള ധനസഹായം എത്തിച്ചത്. വീടുപണി ഏതാണ്ടായതോടെയാണ് ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ 2010 ല്‍ നിര്‍ദ്ദേശിച്ച ആശ്വാസധനത്തിലെ ഒന്നാം ഗഡു കാസര്‍കോട്ടെ അന്നത്തെ കലക്ടര്‍ ജീവന്‍ ബാബുവും ഡെ. കലക്ടര്‍ സുധീര്‍ ബാബുവും ചേര്‍ന്ന് ഡോക്ടര്‍ അഷീലിലൂടെ വീടിന്റെ പാലുകാച്ചല്‍ ദിവസം ആ വീട്ടില്‍ എത്തിച്ചത്. ഇതിന് ഞാന്‍ ദൃക്‌സാക്ഷിയായിരുന്നു. വര്‍ഷം എട്ടു കൂടിക്കഴിഞ്ഞു. ജനിച്ചപ്പോള്‍ മുതല്‍ വേദന തിന്നാന്‍ മാത്രം വിധിക്കപ്പെട്ട ആ അരക്കുരുന്നിന്റെ ഇരുപത് വര്‍ഷം മാത്രമായ ജീവിതത്തിന് അറുതി വന്നിരിക്കുന്നു.
തലവളര്‍ന്ന നിലയില്‍ ജനിച്ച മറ്റനേകം അരജീവിതങ്ങള്‍ ഇനിയുമിവിടെ അറുതികള്‍ക്കായി കാത്തിരിക്കുന്നു. ബാദുഷയുടെ മരണം ആദ്യം ഉണര്‍ത്തുന്നത് എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ അന്തമില്ലാത്ത ഭവിഷ്യത്തിനെപ്പറ്റിയാണ്. രണ്ടാമത് ഉണര്‍ത്തുന്നത് എന്‍ഡോസള്‍ഫാന്റെ ഇരകള്‍ക്കായി സുപ്രീം കോടതി ശാസ്ത്രീയമായി തെളിയിച്ച, പുറപ്പെടുവിച്ച വിധിയുടെ നടപ്പിലാക്കലിനെപ്പറ്റിയാണ്. വിധി വന്നിട്ട് 10 വര്‍ഷത്തോളമായി. എന്നിട്ടും വിധിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കിയിട്ടില്ല. ഒരു ജനത മുഴുവന്‍ മരിച്ചുതീര്‍ന്നിട്ട് അത് നടപ്പിലാക്കിയിട്ട് എന്ത് കാര്യം?! വിധിയിലെ കാര്യമെന്തെന്ന് ബാദുഷയുടെ ആത്മാവിനെ ഓര്‍ത്തെങ്കിലും നാം അറിയണം. ഓരോ രോഗിക്കും 5 ലക്ഷം രൂപയുടെ താല്ക്കാലിക നഷ്ട പരിഹാരം. ആഘാതമുള്ള 13 പഞ്ചായത്തുകള്‍ കേന്ദ്രമാക്കി ഈ രോഗികള്‍ക്കായി ഒരു സമഗ്രപാലിയേറ്റീവ് ആസ്പത്രി. ഇതിന് സ്ഥലം കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കണം. ആസ്പത്രി കേന്ദ്രസര്‍ക്കാര്‍ പണിയണം. ഇരകള്‍ക്ക് ആജീവനാന്ത സൗജന്യ ചികിത്സ നല്‍കണം. ബാദുഷ മംഗലാപുരത്ത് പോയി മരിക്കേണ്ടി വന്നത് ഈ ആസ്പത്രി ഇവിടെ ഇല്ലാത്തതിനാലാണ്. ലിസ്റ്റിലുള്ള രോഗികള്‍ക്ക് ഭാഗികമായി മാത്രമേ നഷ്ടപരിഹാരം നല്കിയിട്ടുള്ളു. ഒരു സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടിയുടെ ജീവിതം നിലനില്ക്കുന്നത് ഈ സമഗ്ര പാലിയേറ്റീവ് വ്യവസ്ഥ വരുമ്പോഴാണ്. ഈ വിധി വന്ന ശേഷമുള്ള ബാദുഷയുടെ 8 വര്‍ഷ ജീവിതം ഇത്തരമൊരു പാലിയേറ്റീവ് സുരക്ഷയിലായിരുന്നു കഴിയേണ്ടിയിരുന്നത്. ബാദുഷയുടെ മരണം ബാക്കിയുള്ള സെറിബ്രല്‍ പാള്‍സി രോഗികളെ സമാശ്വസിപ്പിക്കാനുള്ള സുപ്രീം കോടതി തന്നെ വിധിച്ച ആരോഗ്യ സ്ഥാപനങ്ങളെ എത്രയും വേഗം കാസര്‍ക്കോട്ട് സ്ഥാപിക്കാനുള്ള ഒരു കാരണമെങ്കിലും ആകേണ്ടതാണ് ഈ തിരഞ്ഞെടുപ്പ് പൂര്‍വ്വ കാലത്ത്, അതോടൊപ്പം ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നാം തിരിച്ചറിയണം. എന്‍ഡോസള്‍ഫാനെക്കാള്‍ വിഷമയമായിട്ടാണ് ഇവിടെ ഇപ്പോള്‍ ബ്യൂറോക്രസി പ്രവര്‍ത്തിക്കുന്നത്. ഈയടുത്തകാലത്ത് പത്രങ്ങളില്‍ നിറയുന്നത് കലക്ടറും സംഘവും ആവര്‍ത്തിച്ചു പറയുന്ന ലിസ്റ്റില്‍ മുഴുവന്‍ അനര്‍ഹരാണെന്ന പ്രസ്താവനകളാണ്. ഇതേ ഔദ്യോഗിക സംവിധാനം തന്നെയല്ലേ ലിസ്റ്റുണ്ടാക്കിയത്.? ലിസ്റ്റില്‍ അനര്‍ഹരുണ്ടെങ്കില്‍ അവ കോടതിയെ ബോധ്യപ്പെടുത്തി പ്രോട്ടോകോളുകള്‍ നടപ്പിലാക്കേണ്ടതും ഇതേ സംവിധാനമല്ലേ. സുപ്രീം കോടതി നിര്‍ദേശിച്ച പ്രോട്ടോകോളുകള്‍ ലംഘിച്ച് രോഗികളുടെ ലിസ്റ്റുണ്ടാക്കിയാല്‍ അതിന് നിയമ പ്രാബല്യം കിട്ടില്ല. വിജിലന്‍സന്വേഷണവും നടക്കുന്നുണ്ടല്ലോ. പിന്നെ എവിടെയാണ് കുഴപ്പം. അനര്‍ഹര്‍ ലിസ്റ്റില്‍ കയറി കൂടിയത് ലിസ്റ്റുണ്ടാക്കിയ ഔദ്യോഗിക സംവിധാനം തന്നെ പുനര്‍വിചിന്തനം ചെയ്യണം. അതിനു പകരം വന്ധ്യതയുടെ പേരില്‍ ലിസ്റ്റു ചെയ്യപ്പെട്ടവര്‍ പിന്നീട് പ്രസവിച്ചു എന്ന കാരണം പറഞ്ഞ് അവരെ കുറ്റവാളികളാക്കുന്നത് ശാസ്ത്രീയമായ നടപടിയാണോ? വിഷം തളിച്ച 22 വര്‍ഷങ്ങളില്‍ വന്ധ്യത പിടിപെട്ടവര്‍ 2000 മുതല്‍ 2010 വരെയുള്ള പത്തുവര്‍ഷം കീടനാശിനി തളിക്കാത്ത കാലത്ത് അതിന്റെ ലഃുീൗെൃല ഏറ്റിട്ടില്ലാത്തവര്‍ക്ക് ചികിത്സയിലൂടെയും മറ്റും വന്ധ്യതാ നിവാരണം സാധ്യമാവുന്നത് ശാസ്ത്രീയ സത്യമല്ലേ…..? കോടതി കീട നാശിനി ഹോളിഡേ പ്രഖ്യാപിച്ച ഒരു ദശകവും അതിനുശേഷമുളള 2020 വരെയുളള മറ്റൊരു ദശകവും കാസര്‍ക്കോട്ട് വന്ന മാറ്റം കലക്ടര്‍ പഠിച്ചിട്ടുണ്ടോ ? ഇരുപത് വര്‍ഷം ഈ ഗ്രാമങ്ങളിലെ ജീവജാലങ്ങളെ പഠിച്ചിട്ടാണ് അത് പറയേണ്ടത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനായി സുപ്രീം കോടതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി ഹെല്‍ത്ത് വിഭാഗത്തിലെ ഡോ. ജയകൃഷ്ണനും സംഘവും വന്ന് 2000 മുതല്‍ 2010 വരെ എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത കാലത്തെ മാറ്റങ്ങള്‍ പഠിച്ചപ്പോള്‍ ജീവിതം തിരിച്ചു വരുന്നത് രേഖപ്പെടുത്തുകയുണ്ടായി. ആ ആരോഗ്യ റിപ്പോര്‍ട്ടാണ് എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്റെ അടിയാധാരം. ഇത് ഇന്ന് കാസര്‍ക്കോടിനും ബാധകമാണ്. കോവിഡ് കാലത്ത് പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറഞ്ഞ് അന്തരീക്ഷം ശുദ്ധികരിക്കപ്പെട്ടപ്പോള്‍ ജലരാശികളൊക്കെയും കടലിലെയും പുഴയിലെയും മത്സ്യങ്ങളടക്കം കൂടുതല്‍ ആരോഗ്യവാന്മാരാകുന്നത് നാം അനുഭവിക്കുന്നു. വിഷം തളിക്കുന്ന കാലത്ത് രോഗം ഉല്പാദിപ്പിക്കപ്പെടുന്നു. തളിക്കാത്ത കാലത്ത് ജീവിതം തിരിച്ചു വരും എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ഇതേ ശാസ്ത്രം വന്ധ്യതയ്ക്കും ബാധകമാണ്. ശാസ്ത്രീയമായ ആരോഗ്യസത്യങ്ങളെ ബ്യൂറോക്രസിയുടെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പൊളിച്ചു കളയാമെന്ന് ആരും വ്യാമോഹിക്കരുത്. ഇന്ത്യയിലെ പരമോന്നത ആരോഗ്യ സ്ഥാപനവും പരമോന്നത നീതിപീഠവും കണ്ടെത്തിയ സത്യങ്ങളെ മായ്ച്ചു കളയാന്‍ ശ്രമിച്ചാല്‍ സാധിക്കുകയില്ല. ശാസ്ത്രസത്യങ്ങള്‍ക്ക് അത്രയും ബലമുണ്ട് എന്നോര്‍ക്കുക. ആരോഗ്യ ശാസ്ത്ര സത്യങ്ങളുടെ ഈ ഭരണഘടനാവകാശത്തിലാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം നില്ക്കുന്നത് എന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കയാണ് 20 വര്‍ഷം ഒരു അരക്കുരുന്നു മാത്രമായി ജീവിച്ച എന്‍ഡോസള്‍ഫാന്‍ ആഘാതത്താലുണ്ടായ എന്‍ഡോക്രയിന്‍ ഡിസ്‌റപ്ഷനിലൂടെ സെറിബ്രല്‍ പാള്‍സി ബാധിച്ച ബാദുഷയുടെ മരണം നമ്മെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നത്. ഭരണഘടനാ വിധിയനുസരിച്ച് ആരോഗ്യ വിദഗ്ധരാല്‍ ലിസ്റ്റു ചെയ്യപ്പെട്ട ഓരോ ഇരയ്ക്കും സൗജന്യ ചികിത്സയും താല്ക്കാലിക നഷ്ടപരിഹാരവും സര്‍ക്കാര്‍ ലഭ്യമാക്കണം. കോടതി നിര്‍ദേശിച്ച അത്തരമൊരു പാലിയേറ്റീവ് ആസ്പത്രി ഉണ്ടായിരുന്നെങ്കില്‍ ബാദുഷയ്ക്ക് മംഗലാപുരത്ത് പോയി മരിക്കേണ്ടി വരില്ലായിരുന്നു. പ്രധാനമന്ത്രി വന്ന് എയിംസിനെപ്പറ്റി സൂചിപ്പിച്ച നിലയ്ക്ക് കേന്ദ്രം, കേരളത്തിന് തരേണ്ട എയിംസ് ഈ ഭരണഘടനാ വിധികളുടെ അടിസ്ഥാനത്തില്‍ കാസര്‍ക്കോട്ട് സ്ഥാപിക്കാനായി ഒരു സര്‍വകക്ഷി സംഘത്തില്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ഈ വൈകിയ വേളയിലെങ്കിലും നാം ശ്രമിക്കേണ്ടതാണ്. ഈ ചിന്തയിലേക്കെത്തിച്ച ബാദുഷയുടെ ആത്മാവിന് അഞ്ജലികള്‍..