പി.എ അബ്ദുല്‍റഹ്‌മാന്‍ ഹാജിയെ ഓര്‍ക്കുമ്പോള്‍...

തളങ്കര ജദീദ് റോഡിന്റെ സാമൂഹ്യ, സാംസ്‌കാരിക, മത രംഗങ്ങളിലെ പുരോഗതിയില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുകയും കെ.എം. അഹ്‌മദ് മാഷിനൊപ്പം ജദീദ് റോഡ് യുവജന വായനശാല സ്ഥാപിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്ത പി.എ അബ്ദുല്‍റഹ്‌മാന്‍ ഹാജിയുടെ വേര്‍പാട് ഒരു നാടിന്റെയാകെ വേദനയാണ്. ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് പള്ളിയുടേയും ബിര്‍റുല്‍ ഇസ്ലാം മദ്രസയുടേയും പ്രസിഡണ്ട് എന്ന നിലയില്‍ അബ്ദുല്‍റഹ്‌മാന്‍ ഹാജി നടത്തിയ പ്രവര്‍ത്തനങ്ങളും നാട് മറക്കില്ല. 1965ലാണ് ജദീദ് റോഡ് യുവജന വായനശാല സ്ഥാപിതമായത്. 57 വര്‍ഷം പൂര്‍ത്തിയാവുന്നു. […]

തളങ്കര ജദീദ് റോഡിന്റെ സാമൂഹ്യ, സാംസ്‌കാരിക, മത രംഗങ്ങളിലെ പുരോഗതിയില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുകയും കെ.എം. അഹ്‌മദ് മാഷിനൊപ്പം ജദീദ് റോഡ് യുവജന വായനശാല സ്ഥാപിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്ത പി.എ അബ്ദുല്‍റഹ്‌മാന്‍ ഹാജിയുടെ വേര്‍പാട് ഒരു നാടിന്റെയാകെ വേദനയാണ്. ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് പള്ളിയുടേയും ബിര്‍റുല്‍ ഇസ്ലാം മദ്രസയുടേയും പ്രസിഡണ്ട് എന്ന നിലയില്‍ അബ്ദുല്‍റഹ്‌മാന്‍ ഹാജി നടത്തിയ പ്രവര്‍ത്തനങ്ങളും നാട് മറക്കില്ല. 1965ലാണ് ജദീദ് റോഡ് യുവജന വായനശാല സ്ഥാപിതമായത്. 57 വര്‍ഷം പൂര്‍ത്തിയാവുന്നു. ഇന്നും നാടിന് അക്ഷരവെളിച്ചം നല്‍കി വായനശാല ജദീദ് റോഡിന്റെ മണ്ണില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഉബൈദ് മാഷ് ജീവിച്ചിരുന്ന കാലത്ത് തന്നെ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായിരുന്ന അഹ്‌മദ് മാഷിന്റെ നേതൃത്വത്തില്‍ ഒരു വായനശാലക്ക് ജദീദ് റോഡില്‍ തുടക്കം കുറിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുന്‍നിരയില്‍ നിന്നവരിലൊരാള്‍ അബ്ദുല്‍റഹ്‌മാന്‍ ഹാജിയാണ്. പ്രവാസി എന്ന നിലയില്‍ ദീര്‍ഘകാലം ഖത്തറില്‍ പ്രവര്‍ത്തിക്കുമ്പോഴും നാട്ടില്‍ വായനശാല സ്ഥാപിക്കുന്നതിലും അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിലും അബ്ദുല്‍റഹ്‌മാന്‍ ഹാജി അടക്കമുള്ളവര്‍ കെ.എം അഹ്‌മദ് മാഷിന് ശക്തമായ പിന്തുണ നല്‍കി മുന്‍നിരയില്‍ നിന്നു.
ജദീദ് റോഡുകാര്‍ക്ക് പോറ്റമ്മ പോലെയായിരുന്നു ഖത്തര്‍ അന്ന്. ജദീദ് റോഡുകാര്‍ അക്കാലത്ത് കൂടുതലായും ജോലി തേടി എത്തിയത് ഖത്തറിലായിരുന്നു. അഹ്‌മദ് മാഷെ ഖത്തറില്‍ കൊണ്ടുപോയി സ്വീകരണം ഒരുക്കുന്നതിലും ജദീദ് റോഡിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിലുമൊക്കെ പി.എ അബ്ദുല്‍റഹ്‌മാന്‍ ഹാജിയും സി.എ അബ്ദുല്‍ഖാദര്‍ ഹാജി ഖത്തറും സി.എ അബൂബക്കര്‍ ചെങ്കളവും പി.എ അബ്ദുല്ലയും പി.എ മഹമൂദും പി. അബൂബക്കറും പി. മഹമൂദും അബ്ദുല്‍റസാഖും ബഷീര്‍ വോളിബോളുമൊക്കെ മുന്‍നിരയിലുണ്ടായിരുന്നു. പതിറ്റാണ്ടുകളോളം ഖത്തറില്‍ പ്രവാസിയായി ജോലി ചെയ്ത ശേഷം അബ്ദുല്‍ റഹ്‌മാന്‍ ഹാജി നാട്ടിലെത്തുകയും മുംബൈയില്‍ ബന്ധുവിനോടൊപ്പം വസ്ത്രവ്യാപാരം ആരംഭിക്കുകയുമായിരുന്നു. മുംബൈയിലുള്ള കാലം മുതല്‍ തന്നെ ജദീദ് റോഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. പിന്നീട് മുംബൈ വിട്ട് നാട്ടിലെത്തിയതോടെ ജദീദ് റോഡ് പള്ളിയുടേയും മദ്രസയുടേയും പ്രസിഡണ്ട് പദവി ദീര്‍ഘകാലം അദ്ദേഹം അലങ്കരിച്ചു. പക്വമായ തീരുമാനങ്ങളും നേതൃഗുണങ്ങളും കൊണ്ട് അബ്ദുല്‍റഹ്‌മാന്‍ ഹാജി ശ്രദ്ധേയനായിരുന്നു. അബ്ദുല്‍റഹ്‌മാന്‍ ഹാജിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാര്യാ സഹോദരന്‍മാരായ ഡോ. ടി.എ മഹമൂദും ടി.എ അഹമദ് കുഞ്ഞിയും ടി.എ ഖാലിദുമൊക്കെ പ്രോത്സാഹനം നല്‍കി മുന്നി ല്‍ നിന്നു. അബ്ദുല്‍റഹ്‌മാന്‍ ഹാജിയുടെ മകന്‍ പി.എ മുജീബ് റഹ്‌മാനും ജദീദ് റോഡിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ജദീദ് റോഡ് കൂട്ടായ്മയുടെ ദുബായ് ഘടകത്തിന്റെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ് മുജീബ്.
ജദീദ് റോഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ടായിരുന്ന പി. അബൂബക്കറിന്റെയും ഇ. അബ്ദുല്ല ത്രീസ്റ്റാറിന്റെയും എച്ച്.എം സുലൈമാന്റെയും വേര്‍പാടിന് പിന്നാലെ പി.എ അബ്ദുല്‍റഹ്‌മാന്‍ ഹാജിയും യാത്രയായത് ജദീദ് റോഡിന്റെയാകെ നൊമ്പരമായി തീര്‍ന്നിരിക്കുകയാണ്. ആരേയും ആകര്‍ഷിക്കുന്ന പെരുമാറ്റ ഗുണവും നിറഞ്ഞ പുഞ്ചിരിയും അബ്ദുല്‍റഹ്‌മാന്‍ ഹാജിയുടെ വലിയ അടയാളമായിരുന്നു. ആ പുഞ്ചിരി ഇനി ഇല്ലെന്നത് ഞങ്ങളെ സങ്കടപ്പെടുത്തുന്നു. അദ്ദേഹത്തിന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ-ആമീന്‍

Related Articles
Next Story
Share it