വിവരം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വിമുഖത-വിവരാവകാശ കമ്മീഷണര്‍

കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ വിവരങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കുന്നതില്‍ സംസ്ഥാനത്ത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ഹക്കിം. ഇവര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം. വിവരങ്ങള്‍ കയ്യിലുണ്ടായിട്ടും അത് നല്‍കാന്‍ മടിക്കുന്ന പ്രവണത സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ വ്യാപകമായി കാണുന്നുണ്ട്. ബോധപൂര്‍വ്വം വിവരം മറച്ചു വയ്ക്കുക, അതിന് രാജ്യസുരക്ഷ പോലുള്ള വകുപ്പുകള്‍ ഉദ്ധരിക്കുക തുടങ്ങിയ പ്രവണത കൂടിവരുന്നു. ഇത് വ്യക്തമാക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് […]

കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ വിവരങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കുന്നതില്‍ സംസ്ഥാനത്ത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ഹക്കിം. ഇവര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം. വിവരങ്ങള്‍ കയ്യിലുണ്ടായിട്ടും അത് നല്‍കാന്‍ മടിക്കുന്ന പ്രവണത സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ വ്യാപകമായി കാണുന്നുണ്ട്. ബോധപൂര്‍വ്വം വിവരം മറച്ചു വയ്ക്കുക, അതിന് രാജ്യസുരക്ഷ പോലുള്ള വകുപ്പുകള്‍ ഉദ്ധരിക്കുക തുടങ്ങിയ പ്രവണത കൂടിവരുന്നു. ഇത് വ്യക്തമാക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എന്തോ മറച്ചു വയ്ക്കാനുണ്ടെന്നാണ്. കാസര്‍കോട് ജില്ലയില്‍ പരിഗണിച്ച പരാതികളിലും ഇത്തരം നിലപാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
അപേക്ഷ ലഭിച്ചാല്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ നല്‍കണമെന്നാണ് നിയമം
വിവരങ്ങള്‍ കയ്യിലുണ്ടായിട്ടും അപേക്ഷകന് നല്‍കാതിരുന്നാല്‍ 25000 രൂപ പിഴ ഈടാക്കുകയും വകുപ്പ് തല അച്ചടക്ക നടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്യും. വിവരം സമയത്ത് ലഭിക്കാത്തതിനാല്‍ അപേക്ഷകര്‍ക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷന് കാര്യ കാരണ സഹിതം ബോധ്യപ്പെട്ടാല്‍ കമ്മീഷന്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരവും നല്‍കേണ്ടിവരും.
വിവരാവകശ അപേക്ഷകള്‍ കയ്യില്‍ കിട്ടിയാല്‍ അഞ്ച് ദിവസത്തിനകം ആദ്യ പടി പൂര്‍ത്തിയാക്കിയിരിക്കണം. മറ്റ് വകുപ്പുകളിലേക്കോ ഓഫീസുകളിലേക്കോ അയച്ചുകെടുക്കേണ്ട ഫയലാണെങ്കില്‍ അവ അയച്ചു കൊടുക്കണം. സൗജന്യമായി നല്‍കാന്‍ കഴിയാത്ത വിവരമാണെങ്കില്‍ അതിന് തുക അടക്കാന്‍ അപേക്ഷകനെ അറിയിക്കുകയും 30 ദിവസത്തിന് മുമ്പ് ഫീസ് വാങ്ങി വിവരം ലഭ്യമാക്കുകയും വേണമെന്നും കമ്മീഷണര്‍ പറഞ്ഞു.
ഉദ്യോഗസ്ഥരെ വലയ്ക്കരുത്
വിവരാവകാശ പ്രകാരം അപേക്ഷ നല്‍കി ഉദ്യോഗസ്ഥരെ വലയ്ക്കാമെന്ന ചിന്തയോടെ നിരന്തരം അപേക്ഷകള്‍ നല്‍കുന്ന വ്യക്തികളെ കമ്മീഷന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യലാണ്. കാസര്‍കോട് ജില്ലയില്‍ ചില സ്ഥിരം അപേക്ഷകരുണ്ട്. വിവരം ലഭിക്കുക എന്നതിനേക്കാള്‍ ഓഫീസറെ വരുതിയിലാക്കുക എന്നതാണോ ലക്ഷ്യമെന്ന് കമ്മീഷന്‍ സംശയിക്കുന്നുണ്ട്. ഓഫീസുകള്‍ക്ക് സമയ നഷ്ടം ഉണ്ടാക്കുന്നതും പ്രധാനപ്പെട്ട മറ്റ് അപേക്ഷകള്‍ക്ക് ലഭിക്കേണ്ടുന്ന ശ്രദ്ധ തെറ്റിക്കുന്നതുമായ ഇത്തരം പ്രവണത ഒഴിവാക്കാനായി അപേക്ഷകരെ നിരുത്സാഹപ്പെടുത്താനുള്ള വഴികള്‍ കമ്മീഷന്‍ ആലോചിച്ചു വരികയാണ്.
അപേക്ഷിച്ചില്ലെങ്കിലും വിവരം നല്‍കണം
വകുപ്പുകളുടെ സേവനങ്ങള്‍, ഉത്തരവുകള്‍, പുതിയ തീരുമാനങ്ങള്‍, പ്രദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എല്ലാ ഓഫീസും സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. അപേക്ഷ കൂടാതെതന്നെ പൊതുജനങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍വ്യൂകളുടെ മാര്‍ക്ക് വിവരം ഇനം തിരിച്ചു നല്‍കണം
ഉദ്യോഗ നിയമനത്തിന് നടത്തുന്ന ഇന്റര്‍വ്യൂകളുടെ മാര്‍ക്കു വിവരം ഇനം തിരിച്ച് നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓരോ വിഭാഗത്തിലും ലഭിച്ച മാര്‍ക്ക് ഇനംതിരിച്ച് രേഖപ്പെടുത്തിയ സ്‌കോര്‍ ഷീറ്റിന്റെ പകര്‍പ്പ് കിട്ടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വ്യക്തി വിവരമെന്ന പേരില്‍ ഇക്കാര്യം പരസ്പരം അറിയിക്കാതെ മറച്ചു വയ്ക്കുന്നത് ഇന്റര്‍വ്യൂവിന്റെ സുതാര്യതയില്‍ സംശയമുണ്ടാക്കും. അതേസമയം മാര്‍ക്ക് വിവരം ലഭിച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ കുറവ് പരിഹരിച്ച് നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അബ്ദുല്‍ ഹക്കിം പറഞ്ഞു.
കാസര്‍ക്കോട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത എം.വി രസ്‌ന ഇനം തിരിച്ച മാര്‍ക്ക് വിവരങ്ങള്‍ തേടി നല്‍കിയ പരാതി കമ്മീഷന്‍ പരിഗണിച്ചു. സ്പ്ലിറ്റ് ഡീറ്റെയില്‍സ് എത്രയും വേഗത്തില്‍ രസ്‌നയ്ക്ക് നല്‍കണമെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. വീണ്ടും മറ്റ് പല ഉപാധികള്‍ പറഞ്ഞ് പരാതിക്കാരിക്ക് വിവരം നല്‍കാതിരിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ കമ്മിഷന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇതേ വിഷയത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലും കുസാറ്റിലും പരാതികള്‍ ലഭിച്ചിരുന്നുവെന്നും അവിടങ്ങളില്‍ നിന്നെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് സ്പ്ലിറ്റ് ഡീറ്റെയില്‍സ് ഉള്ള സ്‌കോര്‍ ഷീറ്റ് വാങ്ങിച്ചു നല്‍കിയിട്ടുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.
കോ ഓപ്പറേറ്റീവ് ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തിയെന്ന് കാണിച്ച് ശിഹാബുദ്ധീന്‍ നല്‍കിയ പരാതി കമ്മീഷന്‍ പരിഗണിച്ചു. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. തെളിവെടുപ്പിന് പരിഗണിച്ച പത്ത് പരാതികളും തീര്‍പ്പാക്കി. അവയില്‍ പലതിലും ഫയലില്‍ ഉണ്ടായിരുന്ന വിവരങ്ങള്‍ കമ്മിഷന്‍ ഇടപെട്ട് തല്‍ക്ഷണം ലഭ്യമാക്കുകയായിരുന്നു.
കമ്മീഷന്‍ ഇടപെട്ടു; കുമാരന് വിവരങ്ങള്‍ ലഭിക്കും
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ നിന്ന് 11 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയത് സംബന്ധിച്ച രേഖകള്‍ ചോദിച്ച് ഏച്ചിക്കാനത്തെ എം. കുമാരന്‍ നല്‍കിയ വിവരവകാശ അപേക്ഷയില്‍ വിവരങ്ങള്‍ നിഷേധിച്ച ഉദ്യോഗസ്ഥര്‍ ഒടുവില്‍ രേഖകള്‍ കമ്മിഷണര്‍ക്ക് രഹസ്യമായി കാണിച്ചു. തനിക്ക് വിവരം വാങ്ങിതരണമെന്ന കുമാരാന്റെ ഹരജിയും ഇന്ന് കാസര്‍കോട്ടെ തെളിവെടുപ്പിനെത്തി.
കമ്മീഷന്‍ ഇടപെട്ടപ്പോഴും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴും തെളിവെടുപ്പിന് വിളിച്ചപ്പോഴും വിസ്താര വേളയിലും ഈ രേഖ ഇല്ലെന്നാണ് ഓഫീസര്‍മാര്‍ പറഞ്ഞത്. അധികൃത മാര്‍ഗ്ഗങ്ങളിലൂടെ രേഖകള്‍ നശിപ്പിച്ചു എന്ന് അവര്‍ വിശദീകരണവും നല്‍കി. പിന്നീട് ഇത് ജില്ലാ മെഡിക്കല്‍ ഓഫീസിലാണെന്നും അന്വേഷിച്ചപ്പോള്‍ ലഭിച്ചില്ലെന്നും പറഞ്ഞു. ഈ പറഞ്ഞ എന്തിനെങ്കിലും തെളിവുണ്ടോ എന്ന കമ്മിഷണര്‍ അബ്ദുല്‍ ഹക്കീമിന്റെ ചോദ്യത്തിനുമുന്നില്‍ അവര്‍ കൈ മലര്‍ത്തി. രണ്ടു ഓഫീസുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങളും ഫയലുകളും രേഖകളുമായി ജനുവരി 11ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാകണമെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ കമ്മിഷണറെ പിന്തുടര്‍ന്ന് ഓഫീസര്‍മാര്‍ ഫയലുകളുമായി എത്തുകയായിരുന്നു. ശേഷം നശിപ്പിച്ചു കളഞ്ഞുവെന്ന് പറഞ്ഞ രേഖകള്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് പ്രതിനിധികള്‍ കമ്മീഷണറെ ഒറ്റയ്ക്ക് കണ്ട് ഹാജരാക്കി. എത്രയും പെട്ടെന്ന് അപേക്ഷകന് വിവരം നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കീം പറഞ്ഞു.

Related Articles
Next Story
Share it