പലമകള്‍ ഒന്നിപ്പിച്ച് ഏകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ റഹ്മാന്‍ തായലങ്ങാടിയുടെ പുസ്തകത്തിനും വലിയപങ്ക് -ആലങ്കോട് ലീലാ കൃഷ്ണന്‍

കാസര്‍കോട്: ഏക ഭാഷ, ഏക മതം, ഏക ഭക്ഷണം എന്നിങ്ങനെ രാഷ്ട്ര വ്യവഹാരം പരിമിതപ്പെടുത്തുന്ന അത്യന്താപല്‍ക്കരമായ ദശാസന്ധിയില്‍ നമ്മുടെ രാജ്യം നില്‍ക്കുന്ന ഘട്ടത്തിലാണ് പലവിധ പലമകള്‍ ഒന്നിപ്പിച്ച് യഥാര്‍ത്ഥ ഏകത്വം സൃഷ്ടിക്കാനുള്ള നല്ല ശ്രമങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉണ്ടാവുന്നതെന്നും ഈകൂട്ടത്തില്‍ റഹ്മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്ന പുസ്തകം പ്രത്യേകം വായിക്കപ്പെടേണ്ടതുണ്ടെന്നും പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. ഹുബാഷിക പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച റഹ്മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്ന പുസ്തകം നോവലിസ്റ്റ് […]

കാസര്‍കോട്: ഏക ഭാഷ, ഏക മതം, ഏക ഭക്ഷണം എന്നിങ്ങനെ രാഷ്ട്ര വ്യവഹാരം പരിമിതപ്പെടുത്തുന്ന അത്യന്താപല്‍ക്കരമായ ദശാസന്ധിയില്‍ നമ്മുടെ രാജ്യം നില്‍ക്കുന്ന ഘട്ടത്തിലാണ് പലവിധ പലമകള്‍ ഒന്നിപ്പിച്ച് യഥാര്‍ത്ഥ ഏകത്വം സൃഷ്ടിക്കാനുള്ള നല്ല ശ്രമങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉണ്ടാവുന്നതെന്നും ഈകൂട്ടത്തില്‍ റഹ്മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്ന പുസ്തകം പ്രത്യേകം വായിക്കപ്പെടേണ്ടതുണ്ടെന്നും പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. ഹുബാഷിക പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച റഹ്മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്ന പുസ്തകം നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാടിന് കൈമാറി പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഹ്മാന്‍ തായലങ്ങാടിയുടെ മാതൃക എല്ലാ ഗ്രാമങ്ങളും പിന്തുടരേണ്ടതുണ്ട്. ഒരുപക്ഷെ റഹ്മാന് മാത്രം സാധ്യമായ ഒരു പുസ്തകമാണ് വാക്കിന്റെ വടക്കന്‍ വഴികള്‍. ലോകത്തിലെ അത്യപൂര്‍വ്വമായ ഒരു ഭാഷാ പ്രദേശമാണ് കാസര്‍കോട്. ഈ ഭാഷകളൊക്കെ തമ്മില്‍ അത്യന്തം സാഹോദര്യത്തോടെ ഇടപഴകുകയും പരസ്പരം വിഴുങ്ങാതിരിക്കുകയും ബഹുസ്വരതയുടെ ഒരു ഏകത്വം അത്ഭുതരമായി നിലനിര്‍ത്തുകയും ചെയ്യുന്ന ലോകത്തിലെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇത്. കേരളത്തെ സംബന്ധിച്ചിടത്തോളം സവിശേഷ സംസ്‌കാര മേഖലയാണ് കാസര്‍കോട്. അതിന് കാരണം ഇവിടെ വിവിധ ഭാഷകള്‍ തമ്മില്‍ ഇടപഴകുകയും സാഹോദര്യവും ചങ്ങാത്തവും നടത്തുകയും ചെയ്യുന്നുവെന്നതാണ്. പ്രാദേശിക ഭാഷകളുടെ ഒരു വലിയ സംസ്‌കാരവും ചരിത്രവുമാണ് റഹ്മാന്‍ തായലങ്ങാടിയുടെ പുസ്തകത്തില്‍ സംഗ്രഹിച്ചിരിക്കുന്നത്. ഒരു മഹാ നിഘണ്ടുവില്‍ സഞ്ചയിപ്പിക്കേണ്ട വാക്കുകള്‍ വളരെ ലളിതമായി കഥപറയുന്നത് പോലെ പറഞ്ഞുപോവുകയാണ് ഈ പുസ്തകത്തില്‍. കാസര്‍കോടിന്റെ രീതികളെല്ലാം വ്യത്യസ്തമാണ്. ഈ വേറെയാവലുകളാണ് കാസര്‍കോടന്‍ തനിമ. എന്നാല്‍ വേറെയാകുമ്പോള്‍ തന്നെ തങ്ങള്‍ ഭാരതത്തിന്റെ ഭാഗമാണെന്ന് ഈ മണ്ണിന് എപ്പോഴും അടയാളപ്പെടുത്താന്‍ കഴിയുന്നു. ഇവിടെ റഹ്മാന്‍ തായലങ്ങാടി ചെയ്യുന്ന സേവനത്തിന് സാംസ്‌കാരികമായ അനേകം അര്‍ത്ഥങ്ങളുണ്ട്. താന്‍ ദേശീയധാരയില്‍ ഒരുമിച്ച് നില്‍ക്കുമ്പോഴും കാസര്‍കോടിന്റെ വേറെയാവലിന്റെ വക്താവാണെന്നും തന്റെ സ്വത്വം കാസര്‍കോട്ട് ആഴത്തില്‍ വേരൂന്നിനില്‍ക്കുന്നുണ്ടെന്നും ഈ വേരുകള്‍ക്ക് ബലമില്ലെങ്കില്‍ താന്‍ പടിഞ്ഞാറന്‍ കാറ്റുകളില്‍ കടയിളകി വീണുപോകുമെന്നും തിരിച്ചറിഞ്ഞ് റഹ്മാന്‍ തായലങ്ങാടി എന്ന സാംസ്‌കാരിക നായകന്‍ നടത്തുന്ന ഉജ്ജ്വലമായ സാംസ്‌കാരിക സേവനത്തിന്റെ പേരാണ് വാക്കിന്റെ വടക്കന്‍ വഴികള്‍. നാട്ടുഭാഷയിലേക്കും നാട്ടഴകുകളിലേക്കും നാട്ടറിവുകളിലേക്കുമുള്ള തിരിച്ചുപോക്കാണ് റഹ്മാന്‍ തായലങ്ങാടി നടത്തിയിരിക്കുന്നത്. അവിടെ നിന്ന് കണ്ടെത്തിയ നീക്കിയിരിപ്പാണ് ഈ പുസ്തകം. കുറേ കഴിഞ്ഞ് തിരിച്ചുപോകാന്‍ ശ്രമിച്ചാല്‍ നമുക്ക് കഴിഞ്ഞെന്ന് വരില്ല. റഹ്മാന്‍ തായലങ്ങാടി ഇല്ലാത്ത കാലത്ത് നാട്ടുഭാഷകളുടെ നറുമണം നിറയുന്ന ഇത്തരമൊരു പുസ്തകത്തെ കുറിച്ച് സല്‍പ്പിക്കാന്‍ പോലും നമുക്ക് കഴിയില്ലെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.
കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് വി.എസ് അജിത് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, എ. അബ്ദുല്‍റഹ്മാന്‍, കെ.എം ഹനീഫ്, അബു ത്വായി, സുമയ്യ തായത്ത്, നാരായണന്‍ പേരിയ, വി.വി പ്രഭാകരന്‍, മുജീബ് അഹ്മദ്, പി. ദാമോദരന്‍, ഡോ. എ.എ അബ്ദുല്‍സത്താര്‍, ടി.എ ഷാഫി, അഷ്‌റഫലി ചേരങ്കൈ, ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക പ്രസംഗിച്ചു. റഹ്മാന്‍ തായലങ്ങാടി മറുപടി പ്രസംഗം നടത്തി. എം.വി സന്തോഷ് സ്വാഗതവും രേഖാ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it