വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പ്-2025: മൂസ ഷരീഫ്-നവീന്‍ പുലിഗില്ല സഖ്യം ഇന്ന് സൗദിയില്‍ കളത്തിലിറങ്ങും

കാസര്‍കോട്: സൗദി അറേബ്യയില്‍ ഇന്ന് മുതല്‍ നടക്കുന്ന വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ റാലി പ്രതാപത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഇന്ത്യന്‍ താരങ്ങളായ ഡ്രൈവര്‍ നവീന്‍ പുലിഗില്ലയും സഹഡ്രൈവര്‍ മൂസ ഷരീഫും കളത്തിലിറങ്ങും. നവംബര്‍ 29 വരെ മത്സരം നീണ്ടുനില്‍ക്കും. മാര്‍ച്ചില്‍ നടന്ന കെനിയ റൗണ്ടില്‍ ആദ്യമായി ഡബ്ല്യൂ.ആര്‍.സിയില്‍ ഒരുമിച്ചു അരങ്ങേറ്റം കുറിച്ച ആദ്യ പൂര്‍ണ്ണ ഇന്ത്യന്‍ ഡ്രൈവര്‍ കോ-ഡ്രൈവര്‍ കൂട്ടുകെട്ടായ നവീനും മൂസയും, ഇപ്പോള്‍ ഡബ്ല്യൂ.ആര്‍.സി-3 വിഭാഗത്തില്‍ അവരുടെ രണ്ടാമത്തെ മത്സരത്തിന് ഒരുങ്ങുകയാണ്.

ഹൈദരാബാദിലെ നവീന്‍ പുലിഗില്ല അടുത്തിടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. ടാന്‍സാനിയ റാലിയില്‍ അദ്ദേഹം പോഡിയം ഫിനിഷ് നേടിയപ്പോള്‍, സഹഡ്രൈവര്‍ മൂസ ഷരീഫിന്റെ 100-ാമത്തെ അന്താരാഷ്ട്ര റാലിയെന്ന അടയാളവും അവിടെ പതിഞ്ഞു. കൂടാതെ, ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് (ഐ.എന്‍.ആര്‍.സി) റൗണ്ടായ കോര്‍ഗിലെ റോബസ്റ്റ റാലിയില്‍ 3ടി വിഭാഗത്തില്‍ നവീന്‍ വിജയം നേടിയിരുന്നു.

കാസര്‍കോട്ടുകാരനായ മൂസ ഷരീഫ് ഇതിനകം 343 റാലികളും 101 അന്താരാഷ്ട്ര മത്സരങ്ങളും പിന്നിട്ടു. 2025 സീസണിലെ 17-ാം മത്സരത്തിലേക്കാണ് അദ്ദേഹം പ്രവേശിക്കുന്നത്. അന്താരാഷ്ട്ര റാലികളില്‍ പരിചയസമ്പന്നനായ ഷരീഫ് പെയ്സ് നോട്ട് കമാന്‍ഡ് ചെയ്യുന്നതില്‍ വിദഗ്ധനാണ്.

നൈറോബിയിലെ ആഫ്രിക്ക എക്കോ സ്‌പോര്‍ട്‌സ് തയ്യാറാക്കിയ ഫോഡ് ഫിയസ്റ്റ റാലി3 കാര്‍ ഉപയോഗിച്ചാണ് ഇവര്‍ മത്സരിക്കുന്നത്. 41 ടീമുകള്‍ മത്സരത്തിനിറങ്ങുന്ന സാഹചര്യത്തില്‍ മത്സരം കടുക്കുമെങ്കിലും, നവീനും മൂസയും തികഞ്ഞ പ്രതീക്ഷയിലാണ്.

'ഇത് ഞങ്ങള്‍ക്കും ഇന്ത്യന്‍ റാലി ലോകത്തിനും ഒരു അഭിമാന നിമിഷമാണ്. പൂര്‍ണ്ണമായ ഒരു ഇന്ത്യന്‍ ഡ്രൈവര്‍ കോഡ്രൈവര്‍ കൂട്ടുകെട്ടായി ഡബ്ല്യൂ.ആര്‍.സിയില്‍ അരങ്ങേറ്റം കുറിക്കുക എന്നത് ഞങ്ങളുടെ സ്വപ്‌നം ആയിരുന്നു, അത് സാധ്യമായി. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയ്ക്ക് ലോക റാലി സര്‍ക്യൂട്ടില്‍ ശക്തമായ സാന്നിധ്യമുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍' -നവീനും മൂസാ ഷരീഫും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it