'സ്വാഗതം കലകളേ, പ്രതിഭ തന്‍ പൂക്കളേ...' നാടുണര്‍ത്തി സ്വാഗതഗാനം

മൊഗ്രാല്‍: 'സ്വാഗതം കലകളേ, പ്രതിഭ തന്‍ പൂക്കളേ... നിറവിന്റെ പീലി വിടര്‍ത്തും മയൂരമേ... മധുവൂറുമഴകിന്റെ കോകില നാദമേ... മൊഗ്രാല്‍ എന്നോരിശലിന്റെ ഗ്രാമത്തില്‍ വന്നാലും... പൂക്കളം പോലതി ഭംഗിയാര്‍ന്ന സോദരത്വം വിരിയുന്ന നാട്ടില്‍...'

അറുപത്തി നാലു കണ്ഠങ്ങളിലൂടെ ഒരേ സ്വരത്തില്‍ ഒരേ താളത്തില്‍ ഒരേ ഈണത്തില്‍ കലാപ്രതിഭകളെയും ആസ്വാദകരെയും ജില്ലാ കലോത്സവത്തിലേക്ക് സ്വാഗതം ചെയ്തപ്പോള്‍ അത് ഇശല്‍ ഗ്രാമത്തിന് കുളിരുകോരുന്ന അനുഭവമായി. അറുപത്തിനാലാമത് ജില്ലാ കലോത്സവത്തിന്റെ പ്രതീകമായാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന അറുപത്തിനാലുപേര്‍ ചേര്‍ന്ന് സ്വാഗതഗാനം ആലപിക്കാന്‍ അണിനിരന്നത്. രവീന്ദ്രന്‍ പാടി രചനയും വെള്ളിക്കോത്ത് വിഷ്ണു ഭട്ട് സംഗീത സംവിധാനവും നിര്‍വഹിച്ചു. മടിക്കൈ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി താളവാദ്യങ്ങള്‍ കൈകാര്യം ചെയ്തു. മൊഗ്രാല്‍ സ്‌കൂളിലെ സംഗീതാധ്യാപിക പി.ജെ സുഷ്മിത, കൃഷ്ണദാസ് പലേരി, വിജു പയ്യാടക്കത്ത്, വി.എസ് ബിനി, മധു പ്രശാന്ത്, കെ. റഷീദ, സുമി സമീര്‍ തുടങ്ങിയവര്‍ ഗാനാലാപനത്തിന് നേതൃത്വം നല്‍കി.

മൊഗ്രാല്‍ ഗ്രാമത്തിന്റെ പാട്ടുപാരമ്പര്യവും കാസര്‍കോടിന്റെ സവിശേഷതകളായ തെയ്യവും യക്ഷഗാനവും മാപ്പിളപ്പാട്ടും മഹാകവികളും കോട്ടകളും നദികളും കാടും പാടനിലങ്ങളും ആരാധനാലയങ്ങളും ബഹു ഭാഷകളും വയലേലകളും സൗഹാര്‍ദവും പ്രബുദ്ധതയും പരാമര്‍ശിക്കപ്പെടുന്ന ഗാനം കാതിനും ചിന്തക്കും സമൃദ്ധമായ വിരുന്നുകൂടിയായി. വനിതകള്‍ കേരള സാരിയും പുരുഷന്മാര്‍ മെറൂണ്‍ ഷര്‍ട്ടും സ്വര്‍ണക്കര മുണ്ടും ധരിച്ചായിരുന്നു ഗാനം ആലപിക്കാന്‍ അണിനിരന്നത്. അറിയപ്പെടുന്ന കവിയും പ്രാദേശിക ചരിത്രകാരനും ഭാഷാഗവേഷകനുമാണ് സ്വാഗതഗാനം രചിച്ച രവീന്ദ്രന്‍ പാടി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it