വഖഫ് സ്വത്ത് രജിസ്‌ട്രേഷന്‍: കര്‍ണാടക സര്‍ക്കാര്‍ അത്ഭുതം കാണിച്ചു-കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വഖഫ് നിയമത്തിന്റെ ഭാഗമായി രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ വിവരണം ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിച്ച് കര്‍ണാടകയിലെ മുഴുവന്‍ സ്വത്തുക്കളും അപ്ലോഡ് ചെയ്ത കര്‍ണാടക സര്‍ക്കാര്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയം നോക്കി എസ്.ഐ.ആര്‍, വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കൊണ്ടുവന്നത് ദുരുദ്ദേശപരമാണ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ കാണാപുറങ്ങളെ സംബന്ധിച്ചും കേന്ദ്ര വഖഫ് നിയമപ്രകാരം വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ചും വിശദീകരിക്കുന്നതിനും സംശയ നിവാരണത്തിനുമായി മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രത്യേക കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കര്‍ണാടക വഖഫ്-ന്യൂനപക്ഷ-ഹൗസിംഗ് വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. നിയമ വിദഗ്ധനും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ് ഷാ വിഷയാവതരണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലി, കര്‍ണ്ണാടക പി.സി.സി വൈസ് പ്രസിഡണ്ട് ഇനായത്ത് അലി, പി.എം മുനീര്‍ ഹാജി, വിവിധ മുസ്ലിം സംഘടനാ പ്രതിനിധികളായ ചെങ്കള അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്വി ചേരൂര്‍, അബ്ദുല്‍ മജീദ് ബാഖവി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എ.പി സൈനുദ്ദീന്‍, അബ്ദുല്‍ റൗഫ് മദനി, ഷഫീഖ് നസ്‌റുല്ല, എ.പി.പി കുഞ്ഞഹമ്മദ് ചന്തേര, ഇംതിയാസ്, ആരിഫ് കാപ്പില്‍, വി.കെ.പി ഇസ്മായില്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ ഫോര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ബഷീര്‍ വെള്ളിക്കോത്ത് സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it