ദേശീയപാതയില്‍ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം- മന്ത്രി എ.കെ ശശീന്ദ്രന്‍

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണം നടക്കുന്ന കാസര്‍കോട് ജില്ലയിലെ പ്രദേശങ്ങളില്‍ മതിയായ സുരക്ഷാ മുന്‍കരുതലിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. രണ്ടുദിവസത്തിനകം അതിനാവശ്യമായ നടപടി സ്വീകരിക്കണം. ജില്ലയില്‍ കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയപാത അതോറിറ്റിക്കും നിര്‍മ്മാണ കരാര്‍ കമ്പനികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. രണ്ടും മൂന്നും റീച്ചുകളുടെ നിര്‍മ്മാണ ചുമതല വഹിക്കുന്ന കമ്പനി ഇന്ന് രാവിലെ 10 മണിക്കകം ജില്ലാ കലക്ടര്‍ക്ക് നിര്‍മ്മാണ മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളക്കെട്ടും മണ്ണിടിച്ചിലും തടയുന്നതിനുള്ള അടിയന്തരമായി ചെയ്യുന്ന നടപടികളുടെ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. കലക്ടര്‍ തുടര്‍ന്ന് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ട് വിലയിരുത്തി മന്ത്രി മുഖ്യമന്ത്രിയെ അറിയിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും വിവരങ്ങള്‍ കൈമാറുമെന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മാണ കരാര്‍ കമ്പനി ഉദാസീനത തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് പ്രാദേശിക തലത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കണമെന്നും പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിരന്തരം അവലോകനം നടത്തണമെന്നും മന്ത്രി പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it