കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്കിന് 30ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ തറക്കല്ലിടും

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി പുതിയ അക്കാദമിക് ബ്ലോക്കിന് 30ന് കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ തറക്കല്ലിടും. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം പ്രധാന മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52.68 കോടി രൂപയാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണത്തിന് അനുവദിച്ചതെന്ന് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍. ജയപ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് പെരിയ ക്യാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗൂര്‍ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍ ജയപ്രകാശ്, സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. സജി ടി.ജി. എന്നിവര്‍ സംസാരിക്കും.
ബസിനസ് സ്റ്റഡീസ് സ്‌കൂളിന് കീഴിലുള്ള മാനേജ്‌മെന്റ് സ്റ്റഡീസ്, ടൂറിസം സ്റ്റഡീസ്, കൊമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് എന്നീ പഠന വിഭാഗങ്ങള്‍ക്കായാണ് നാല് നിലകളിലുള്ള കെട്ടിടം ഒരുങ്ങുന്നത്. 7500 സ്‌ക്വയര്‍ മീറ്ററില്‍ കേരളീയ മാതൃകയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 25 സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ ലൈബ്രറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, ഓഫീസ് മുറികള്‍ എന്നിവയുണ്ടാകും. 50 കിലോ വാട്ട് സോളാര്‍ പവര്‍ പ്ലാന്റ്, 1 ലക്ഷം ലിറ്ററിന്റെ മഴവെള്ള സംഭരണി, 500 പേരെ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍ തുടങ്ങിയവയും ഉണ്ടാവും.
പത്രസമ്മേളനത്തില്‍ ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ. സുജിത് എന്നിവരും പങ്കെടുത്തു.

