ഉബൈദ് നവോത്ഥാന നായകന്‍- ഫൈസല്‍ എളേറ്റില്‍

'മാനവികാദര്‍ശം-സമൂഹത്തിലും ഉബൈദ് കവിതകളിലും' പ്രകാശനം ചെയ്തു

കാസര്‍കോട്: കവി ടി. ഉബൈദ് നവോത്ഥാന നായകനാണെന്നും ഉബൈദിന്റെ കവിതകളും പാട്ടുകളും പുതിയ കാലത്ത് കൂടുതല്‍ പ്രചരിക്കുന്നുണ്ടെന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്നും മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ പറഞ്ഞു.

ഉബൈദ് ദിനത്തിന്റെ ഭാഗമായി കവി ടി. ഉബൈദ് കലാ-സാഹിത്യ പഠനകേന്ദ്രവും ഉത്തരദേശം പബ്ലിഷേഴ്‌സും ചേര്‍ന്ന് സിറ്റി ടവര്‍ ഹാളില്‍ സംഘടിപ്പിച്ച ഉബൈദ് അനുസ്മരണ-പുസ്തക പ്രകാശന ചടങ്ങില്‍, ഉത്തരദേശം പബ്ലിഷേഴ്‌സ് ആദ്യമായി പ്രസാധനം നിര്‍വ്വഹിക്കുന്ന, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്റെ 'മാനവികാദര്‍ശം-സമൂഹത്തിലും ഉബൈദ് കവിതകളിലും' എന്ന പുസ്തകം പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ പ്രഭാഷകന്‍ ഡോ. അസീസ് തരുവണ പുസ്തകം ഏറ്റുവാങ്ങി.

ഉത്തരേദശത്തിന്റെ അച്ചടിശാലയില്‍ നിന്ന് പുസ്തകങ്ങളും ഇറങ്ങുന്നത് അതിരറ്റ സന്തോഷം പകരുന്നുണ്ടെന്ന് ഫൈസല്‍ എളേറ്റില്‍ കൂട്ടിച്ചേര്‍ത്തു. പാടിയും പറഞ്ഞുമുള്ള അദ്ദേഹത്തിന്റെ പ്രസം ഗം സദസ്സിനെ പിടിച്ചിരുത്തി.

ഉബൈദ് കൊളുത്തിവെച്ച പ്രകാശത്തിന്റെ രശ്മികള്‍ 50 വര്‍ഷം കഴിഞ്ഞിട്ടും മങ്ങാതെ കിടക്കുന്നുണ്ടെന്നും മാപ്പിളപ്പാട്ട് എന്തെന്ന് പരിചയപ്പെടുത്തുകയും ഭാഷാ സാഹിത്യത്തില്‍ അതിനൊരു ഇടമുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്ത കവിയായിരുന്നു ഉബൈദെന്നും ഡോ. അസീസ് തരുവണ പറഞ്ഞു. ഉത്തരദേശം പുസ്തക പ്രസാധന രംഗത്തേക്ക് കൂടി കാലെടുത്ത് വെച്ചത് വലിയ സന്തോഷം പകരുന്ന കാര്യമാണെന്നും ആദ്യ പ്രസാധനം ഉബൈദിന്റെ പേരിലുള്ള പുസ്തകമായത് കാലം കാത്തുവെച്ച സമ്മാനമാണെന്നും ഡോ. അസീസ് തരുവണ കൂട്ടിച്ചേര്‍ത്തു. അനുസ്മരണ ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്നില്‍ നിന്ന് നടന്നുവന്ന് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ പഠിച്ച തന്റെ കുട്ടിക്കാലത്ത് ഉബൈദ് മാഷുമായി ഉണ്ടായ നിരന്തര സമ്പര്‍ക്കത്തെ എം.എല്‍.എ ഓര്‍ത്തെടുത്തു. ചന്ദ്രികയില്‍ താനൊരു കുറിപ്പെഴുതിയതിനെ ഉബൈദ് മാഷ് ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ച സംഭവവും എം.എല്‍.എ വിവരിച്ചു. ഉത്തരദേശം പുസ്തക പ്രസാധക രംഗത്തേക്ക് കടന്നതോടെ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനുള്ള വാതിലാണ് തുറക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉബൈദ് പഠനകേന്ദ്രം വൈസ് പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. കവി ടി. ഉബൈദിന്റെ ജീവിതത്തിലേക്ക് സദസിനെ കൈ പിടിച്ച് കൊണ്ടുപോവുകയായിരുന്നു റഹ്മാന്‍ തായലങ്ങാടി. ഉബൈദും ഉത്തരദേശവും സംഗമിക്കുന്ന വേദിയായി ഇത് മാറിയെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. ബി.എഫ് മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, നാരയണന്‍ പേരിയ, എ. അബ്ദുല്‍ റഹ്മാന്‍, എ.എസ് മുഹമ്മദ്കുഞ്ഞി, അബു ത്വാഈ, ഡോ. എ.കെ അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍ രചനാനുഭവം വിവരിച്ച് സംസാരിച്ചു. ഇസ്മയില്‍ ചെമനാട് ടി. ഉബൈദിന്റെ ഗാനം പാടി കേള്‍പ്പിച്ചു. ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ്മദ് സ്വാഗതവും ടി. ഉബൈദ് കലാ-സാഹിത്യ പഠനകേന്ദ്രം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി നന്ദിയും പറഞ്ഞു.


ടി. ഉബൈദ് അനുസ്മരണം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it