കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മ പുതുക്കാന്‍ തെയ്യങ്ങള്‍ പുഴകടന്നെത്തി

കാഞ്ഞങ്ങാട്: പാരമ്പര്യം കൈവിടാതെ കാര്‍ഷിക സമൃദ്ധിയുടെ നല്ലകാല ഓര്‍മ്മകള്‍ പുതുക്കാനും നാടിന് അനുഗ്രഹം ചൊരിയാനും തെയ്യങ്ങള്‍ തോണിയില്‍ അരയിപുഴ കടന്നെത്തി. കാര്‍ത്തിക ചാമുണ്ഡിയും ഗുളികനുമാണ് തോണി കടന്ന് കാലിച്ചേകവന്‍ തെയ്യത്തെ കാണാനിറങ്ങിയത്. സായാഹ്ന സൂര്യന്റെ ശോഭക്കൊപ്പം ചാറ്റല്‍ മഴയിലാണ് തെയ്യങ്ങള്‍ പുഴകടന്ന് മറുകരയിലെത്തിയത്. പരിവാരസമേതമായിരുന്നു യാത്ര. വടക്കേ മലബാറിലെ തെയ്യാട്ടക്കാലത്തിന് തുടക്കം കുറിച്ചാണ് തെയ്യങ്ങള്‍ അരയിപുഴ കടന്നെത്തിയത്. അരയികുന്നിന്റെ താഴ്‌വരയിലെ കാര്‍ത്തിക ചാമുണ്ഡി ദേവാലയ കളിയാട്ടവുമായി ബന്ധപ്പെട്ടാണ് തോണി കയറി പുഴ കടന്നുള്ള തെയ്യങ്ങളുടെ യാത്ര. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മ പുതുക്കാനും കാലിച്ചേകവനോട് നാട്ടുവിശേഷങ്ങള്‍ പറയാനുമാണ് തെയ്യങ്ങളുടെ ഈ ജലസഞ്ചാരം. കാര്‍ത്തിക കാവില്‍ നിന്ന് അരയി ഏരത്ത് മുണ്ട്യ തമ്പുരാന്‍ കൊട്ടാരക്കാവിലേക്കാണ് തെയ്യങ്ങളുടെ യാത്ര. തെയ്യങ്ങളുടെ ജലയാത്രക്ക് സാക്ഷിയാവാനും അനുഗ്രഹം വാങ്ങാനുമായി നൂറുകണക്കിനാളുകളാണ് കാര്‍ത്തിക കാവിലും പുഴയോരത്തും തടിച്ചു കൂടിയത്. കാര്‍ത്തിക ചാമുണ്ഡി, കാലിച്ചാന്‍, ഗുളികന്‍ എന്നീ തെയ്യങ്ങളാണ് കാര്‍ത്തിക ചാമുണ്ഡി ദേവാലയത്തില്‍ കെട്ടിയാടുന്നത്.
തെയ്യങ്ങള്‍ അരയിപുഴ കടക്കുന്നു

