ബേക്കല്‍ കോട്ടയിലെ മതിലുകള്‍ മഴയില്‍ ഇടിഞ്ഞു

ബേക്കല്‍ കോട്ടയിലെ മതില്‍ ഇടിഞ്ഞ നിലയില്‍
ഉദുമ: ബേക്കല്‍ കോട്ടയുടെ രണ്ട് ഭാഗത്തെ മതില്‍ കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞു. അഞ്ചാം നമ്പര്‍ കൊത്തളത്തിനടുത്തും പ്രവേശന കവാടത്തിനടുത്തുമാണ് ഇന്നലെ മതില്‍ ഇടിഞ്ഞിരിക്കുന്നത്. കോട്ടയുടെ തെക്ക്-കിഴക്ക് ഭാഗത്ത് കടല്‍ത്തീരത്തുള്ള പാലമരത്തിന് സമീപം രണ്ട് കൊത്തളങ്ങള്‍ക്കിടയിലാണ് വലിയ മതിലിടിച്ചില്‍ ഉണ്ടായത്. കഴിഞ്ഞവര്‍ഷം ഇതിലൂടെ ചെങ്കല്ല് പാകി ഒരുക്കിയ നടപ്പാതക്കും മതിലിടിച്ചില്‍ ഭീഷണിയായിട്ടുണ്ട്. കൂടുതല്‍ മതില്‍ ഇടിയാതിരിക്കാന്‍ രണ്ടിടത്തും പ്ലാസ്റ്റിക് ഷീറ്റിട്ട് വെള്ളം ഇറങ്ങാത്ത വിധമാക്കിയിരിക്കുകയാണ്. സന്ദര്‍ശകര്‍ ഈ ഭാഗത്തേക്ക് പോകുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്ര പുരാവസ്തുവകുപ്പിന്റെ കീഴിലുള്ളതാണ് ബേക്കല്‍ കോട്ട. പ്രവേശന കവാടത്തിന്റെ കിഴക്കുഭാഗത്തുള്ള രണ്ടാമത്തെ കൊത്തളം 5 വര്‍ഷം മുമ്പ് ഇടിഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘം കോട്ടയുടെ തനിമ നഷ്ടപ്പെടാതെ പുനര്‍സൃഷ്ടിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇപ്പോള്‍ തകര്‍ന്ന ഭാഗം മഴക്കാലത്തിന് ശേഷം പഴയപോലെ കെട്ടിയുയര്‍ത്തുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.