സൗപര്‍ണ്ണികാമൃതം പുരസ്‌ക്കാരം സമ്മാനിച്ചു

മൂകാംബികാ സംഗീതാര്‍ച്ചനാ സമിതിയുടെ സൗപര്‍ണ്ണികാമൃതം പുരസ്‌ക്കാരം കവിയും ഗാനരചയിതാവുമായ ആര്‍.കെ. ദാമോദരന് മൂകാംബികാ ക്ഷേത്രം അര്‍ച്ചകരും തന്ത്രിമാരുമായ നരസിംഹ അഡിഗ, ഗോവിന്ദ അഡിഗ, ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷ്, ഗായകന്‍ വിജയ് യേശുദാസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കുന്നു
കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബികാ സംഗീതാര്‍ച്ചനാ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സൗപര്‍ണികാമൃതം പുരസ്‌ക്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ ആര്‍.കെ.ദാമോദരന് മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ സമര്‍പ്പിച്ചു. ക്ഷേത്രം അര്‍ച്ചകരും തന്ത്രിവര്യന്മാരുമായ നരസിംഹ അഡിഗ, ഗോവിന്ദ അഡിഗ, ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷ്, പ്രശസ്ത ഗായകന്‍ വിജയ് യേശുദാസ് എന്നിവര്‍ ചേര്‍ന്നാണ് ശില്‍പ്പവും പ്രശസ്തി പത്രവും പൊന്നാടയും 10100/രൂപയും അടങ്ങിയ പുരസ്‌ക്കാരം സമ്മാനിച്ചത്. നരസിംഹ അഡിഗയും ഗോവിന്ദ അഡിഗയും അനുഗ്രഹ ഭാഷണം നടത്തി. മൂകാംബികാ സംഗീതാര്‍ച്ചന സമിതി ചെയര്‍മാനും സംഗീതജ്ഞനും ഗായകനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.സി.സി.പി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഡോ. ആനക്കൈ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിജയ് യേശുദാസ്, ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷ് സംസാരിച്ചു. പുരസ്‌ക്കാര ജേതാവ് ആര്‍.കെ. ദാമോദരന്‍ മറുപടി പറഞ്ഞു. സംഗീതാര്‍ച്ചനാ സമിതി ജനറല്‍ കണ്‍വീനര്‍ വി.വി. പ്രഭാകരന്‍ സ്വാഗതവും സന്തോഷ് ചൈതന്യ നന്ദിയും പറഞ്ഞു.

