ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ബദിയടുക്ക: ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ പള്ളത്തടുക്കയില്‍ റോഡില്‍ രൂപപ്പെട്ട വലിയ കുഴികള്‍ അടച്ച് റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാവുന്നു. ഇന്ന് രാവിലെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം കോണ്‍ ഗ്രസിന്റെ നേതൃത്വത്തിലും റോഡില്‍ സമരം നടത്തിയിരുന്നു. വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. കുഴികള്‍ തെറ്റിക്കുന്നതിനിടയില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. വെള്ളം ഒഴുകി പോകാനുള്ള സംവിധാനമോ ഓവുചാലോ ഇല്ലാത്തതാണ് റോഡ് തകര്‍ച്ചക്ക് കാരണമാകുന്നത്. കര്‍ണ്ണാടക, പുത്തൂര്‍, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്താവുന്ന റോഡായതിനാല്‍ കൂടുതല്‍ വാഹനങ്ങളും ഈ വഴിയാണ് ആശ്രയിക്കുന്നത്. ഉക്കിനടുക്ക മെഡിക്കല്‍ കൊളേജിലേക്കുള്ള പ്രധാന വഴി കൂടിയാണിത്. റോഡ് നന്നാക്കാന്‍ അടിയന്തര നടപടിയുണ്ടാവണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it