കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബൃഹത് കന്നഡ-മലയാളം നിഘണ്ടു പ്രകാശനം ചെയ്തു

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബൃഹത് കന്നഡ-മലയാളം നിഘണ്ടു കര്‍ണാടക തുളു അക്കാദമി പ്രസിഡണ്ട് താരാനാഥ് ഗട്ടി കാപ്പിക്കാട് മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എക്ക് നല്കി പ്രകാശനം ചെയ്യുന്നു
കാസര്‍കോട്: കന്നഡ ഭാഷയിലെ മുഴുവന്‍ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി ബി.ടി ജയറാം സമ്പാദനം നടത്തി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബൃഹത് കന്നഡ-മലയാളം നിഘണ്ടു മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കര്‍ണാടക തുളു അക്കാദമി പ്രസിഡണ്ട് താരാനാഥ് ഗട്ടി കാപ്പിക്കാട് പ്രകാശനം ചെയ്തു. മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പുസ്തകം ഏറ്റുവാങ്ങി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സത്യന്‍ എം. ആമുഖഭാഷണം നടത്തി. എഴുത്തുകാരിയും വിവര്‍ത്തകയുമായ ഡോ. മീനാക്ഷി രാമചന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും വിവര്‍ത്തകനുമായ കെ.വി കുമാരന്‍, ഗ്രന്ഥകാരന്‍ ബി.ടി ജയറാം എന്നിവര്‍ സംസാരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ കെ.ആര്‍. സരിതകുമാരി സ്വാഗതവും പി.ആര്‍.ഒ. റാഫി പൂക്കോം നന്ദിയും പറഞ്ഞു. 1800 രൂപ വിലയുള്ള നിഘണ്ടു കാസര്‍കോട്ടുകാര്‍ക്ക് ഗ്രന്ഥകാരനോട് നേരിട്ടും കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ നിന്നും വാങ്ങാം.