ഓര്‍മ്മകളുടെ തോരാമഴയായി കാസര്‍കോട് സാഹിത്യവേദിയുടെ മഴക്യാമ്പ്

ദുരയുടെ അന്ത്യത്തില്‍ മാത്രമേ ദുരന്തങ്ങള്‍ ഇല്ലാതാവൂ-ടി.പി. പദ്മനാഭന്‍

കാസര്‍കോട്: ദുരയുടെ അന്ത്യത്തില്‍ മാത്രമേ ദുരന്തങ്ങള്‍ ഇല്ലാതാവുകയുള്ളുവെന്ന് കോട്ടഞ്ചേരി വനവിദ്യാലയം ഡയറക്ടരും സൂചിമുഖി മാസിക പത്രാധിപരുമായ ടി.പി. പദ്മനാഭന്‍ പറഞ്ഞു. ബദിയടുക്ക-മുള്ളേരിയ റോഡിലെ വീണാവാദിനിയില്‍ കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച 'പെയ്‌തൊഴിയാതെ' മഴക്യാമ്പില്‍ 'മഴയുടെ വര്‍ണ്ണഭേദങ്ങള്‍' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് 12 മാസവും മഴയാണ്. മഴക്ക് പുറമെ മഞ്ഞുമഴയൊക്കെയായി അത് പെയ്തുകൊണ്ടേയിരിക്കുന്നു. പക്ഷെ മഴയെ ആസ്വാദിക്കാനുള്ള മനസ്സ് പുതു തലമുറക്കില്ല. മഴ പെയ്യുമ്പോള്‍ വാതിലടച്ച് വീട്ടിനകത്തിരുന്ന് ടെലിവിഷനിലും മൊബൈല്‍ ഫോണിലും ലയിച്ചിരിക്കുകയാണ് അവര്‍. മഴ പ്രകൃതിയുടെ പ്രതിഭാസമാണ്. ഏതൊരു മനസ്സിലാണ് മഴ...മഴ... എന്ന് കേള്‍ക്കുമ്പോള്‍ കുട... കുട... എന്ന് പറയുന്നതിന് പകരം മല... മല..., ഇല... ഇല... എന്ന് പറയുന്നുവോ അന്ന് മാത്രമേ നമ്മുടെ നാട് രക്ഷപ്പെടുകയുള്ളു. തവളകളെയും ഒച്ചിനെയുമൊക്കെ കാണുമ്പോള്‍ ഭീകര ജീവികളെ പോലെ ഭയപ്പെടുന്ന നമ്മുടെ മനസ്സ് എന്തൊരു ബീഭത്സമാണ്. ഓരോ പുല്‍ത്തകിടിക്കും നിലനില്‍ക്കാനുള്ള അവകാശമുണ്ട്. മഴക്ക് പെയ്യാനുള്ള അവകാശമുണ്ട്. മരങ്ങള്‍ക്ക് നിലനില്‍ക്കാനും വേരുകള്‍ക്ക് ആഴ്‌നിറങ്ങാനുമുള്ള അവകാശമുണ്ട്. ഈ അവകാശത്തെ തടസ്സപ്പെടുത്തുമ്പോഴാണ് ഭൂമി ദുരന്തത്തിലേക്ക് വഴി മാറുന്നത്. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ ആകാശത്തേക്ക് നോക്കാറുണ്ടോ. പൂക്കളെയും തുമ്പികളെയും നിരീക്ഷിച്ച് നോക്കിയാല്‍, സ്‌നേഹിച്ചാല്‍ അവ നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കും-പദ്മനാഭന്‍ പറഞ്ഞു. 'മണ്ണും മഴയും മനുഷ്യനും' എന്ന വിഷയത്തെ അധികരിച്ച് ഡോ. ഇ. ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. നന്മയുടെ മാമ്പൂക്കളുടെ പാരമ്പര്യം പിന്തുടരുന്ന കൂട്ടായ്മയാണ് കാസര്‍കോട് സാഹിത്യവേദി എന്നും ഇത്തരമൊരു ക്യാമ്പ് കാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം സി.എല്‍. ഹമീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.വി. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. വീണാവാദിനി സ്ഥാപകന്‍ യോഗീഷ് ശര്‍മ്മ മുഖ്യാതിഥിയായിരുന്നു. 'അന്ന് തോരാമഴയായിരുന്നു' എന്ന വിഷയത്തില്‍ ജീവിതത്തിലെ മറക്കാനാവാത്ത മഴ അനുഭവങ്ങളെ ക്കുറിച്ച് ക്യാമ്പ് അംഗങ്ങള്‍ സംസാരിച്ചു. 'ഇശലുകളുടെ പെരുമഴക്കാലം' കവി പി.എസ്. ഹമീദും, 'മഴ: കഥകളില്‍ കവിതകളില്‍' പദ്മനാഭന്‍ ബ്ലാത്തൂരും, 'ആതുരാലയത്തിലെ രാത്രിമഴ' ഡോ. എ.എ. അബ്ദുല്‍ സത്താ റും, 'മഴ: വാര്‍ത്തകളില്‍' മാധ്യമ പ്രവര്‍ത്തകന്‍ ടി.എ. ഷാഫിയും, 'മഴയും പുഴയും കടന്ന്' നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീറും, 'വിദ്യാലയമുറ്റത്തെ മഴ' എം.എ. മുംതാസും, 'കുടജാദ്രിയിലെ മഴയോര്‍മ്മകള്‍' രേഖാകൃഷ്ണനും, 'പുണ്യഭൂമിയിലെ മഴ' റഹീം ചൂരിയും 'മഴച്ചായം' ഷാഫി എ. നെല്ലിക്കുന്നും, 'കള്ളക്കര്‍ക്കിടകം' റഹ്മാന്‍ മുട്ടത്തൊടിയും അവതരിപ്പിച്ചു. ക്യാമ്പ് അസി. ഡയറക്ടര്‍ എരിയാല്‍ ഷരീഫ് നന്ദി പറഞ്ഞു. മുജീബ് അഹമ്മദ്, കെ.എം. അബ്ബാസ്, രവീന്ദ്രന്‍ രാവണേശ്വരം, വേണുകണ്ണന്‍, ഡോ. വിനോദ് കുമാര്‍ പെരുമ്പള, അബൂബക്കര്‍ ഗിരി, അഹമ്മദലി കുമ്പള, മജീദ് പള്ളിക്കാല്‍, മുംതാസ് റഹീം, ബബിത വേണുകണ്ണന്‍, മെഹ്മൂദ് കെ.എസ്., അസീസ് കടവത്ത്, ഉസ്മാന്‍ പള്ളിക്കാല്‍, ശ്രീകുട്ടി ജില്‍ജിത്ത്, ലിപിന പി, ആഭേരി വി.വി സംസാരിച്ചു.


ക്യാമ്പില്‍ പങ്കെടുത്തവര്‍ അതിഥികള്‍ക്കൊപ്പം

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it