കാസര്‍കോട്ട് നിയമസഭാ സമിതി പരിഗണിച്ചത് 31 പരാതികള്‍; കൂടുതലും ഭൂമി സംബന്ധമായത്

കാസര്‍കോട്: സാധാരണക്കാര്‍ നല്‍കുന്ന നിയമപരമായ അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിച്ച് ശരിയായ രീതിയില്‍ പരാതി പരിഹരിക്കാന്‍ ആവശ്യമായ നടപടികളും നിയമങ്ങളും നിര്‍ദ്ദേശിക്കാന്‍ ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈ എടുക്കണമെന്ന് കേരള നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി ചെയര്‍മാന്‍ അഡ്വ. ആന്റണി രാജു എം.എല്‍.എ പറഞ്ഞു. കേരള നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതിയുടെ തെളിവെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി പട്ടയം ലഭിക്കാതെ കിടന്ന നിരവധി ഹര്‍ജികളില്‍ സമയബന്ധിതമായി പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമിതിയുടെ തെളിവെടുപ്പിലൂടെ സാധിച്ചു. കാസര്‍കോട് ജില്ലയില്‍ ലഭിച്ച പരാതികളിലേറെയും ഭൂമിയുമായി ബന്ധപ്പെട്ടവയായിരുന്നു. അവയില്‍ പലതും ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന് പരിഹാരമാകാതെ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പുതിയ പത്ത് പരാതികള്‍ സ്വീകരിച്ചു. പുതിയ പരാതികളടക്കം 31 പരാതികള്‍ സമിതി പരിഗണിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിന്റെ പരാതികളിന്മേല്‍ സമയബന്ധിതമായ ഇടപെടല്‍ നടത്തുമെന്ന ഉറപ്പ് സമിതിക്ക് ലഭിച്ചുവെന്നും എം.എല്‍.എ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അച്ഛന്റെ ഓര്‍മ്മകളുറങ്ങുന്ന വീടും പുരയിടവും തങ്ങള്‍ക്ക് വേണം എന്ന ആവശ്യവുമായാണ് കിനാനൂര്‍ വില്ലേജിലെ വി. നാരായണന്‍ സമിതിക്ക് മുന്നിലെത്തിയത്. 15 സെന്റ് സ്ഥലവും വീടുമാണ് നാരായണന്‍ ആവശ്യപ്പെട്ടത്. വിഷയം നേരത്തെ തന്നെ സമിതി പരിശോധിക്കുകയും ഭൂമി പതിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിയുടെ നിയമവശങ്ങള്‍ അന്വേഷിക്കുകയുയും ചെയ്തിരുന്നു. വിഷയത്തില്‍ അപേക്ഷ വെള്ളരിക്കുണ്ട് താലൂക്ക് ഭൂപതിവ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മരണപ്പെട്ട സ്വാതന്ത്ര്യസമരസേനാനി വി. ചന്തുവിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഭൂമി മകനായ നാരായണന് ലഭിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. സമിതി ചെയര്‍മാന്‍ അഡ്വ. ആന്റണി രാജു എം.എല്‍.എ, സമിതി അംഗങ്ങളായ ജി.എസ് ജയലാല്‍ എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, കെ.കെ രമ എം.എല്‍.എ എന്നിവരും കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം പി. അഖില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ അപേക്ഷകര്‍ എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it