വാഗ്ദാനങ്ങള്‍ ഇടത് സര്‍ക്കാരിന്റെ വോട്ട് തന്ത്രം-രമേശ് ചെന്നിത്തല

ബദിയടുക്ക: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നത് വോട്ട് പിടിക്കാനുള്ള തന്ത്രമാണെന്നും കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാന സര്‍ക്കാറായി പ്രഖ്യാപനം നടത്തുമ്പോള്‍ പത്ത് വര്‍ഷം കൊണ്ട് സി.പി.എമ്മുകാരുടെ ദാരിദ്ര്യം മാത്രമാണ് ഇല്ലാതായെന്നും എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ഭരണത്തിന്റെ തണലില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ കോടികള്‍ സമ്പാദിച്ചുവെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സര്‍ക്കാനിനെ കേരള ജനത താഴെ ഇറക്കുമെന്നും ബദിയടുക്ക പഞ്ചായത്ത് യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആസ്പത്രികളില്‍ മരുന്നും ചികിത്സയുമില്ല വൈദ്യുതി ചാര്‍ജ്ജ്, വെള്ളക്കരം, ഭൂമി രജിസ്‌ട്രേഷന്‍, ബസ് ടിക്കറ്റ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചു കേരള ജനതയെ ഇടതു പക്ഷ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും സംസ്ഥാന സര്‍ക്കാറും മോദി സര്‍ക്കാറും ഒരേ തൂവല്‍ പക്ഷികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. നീലകണ്ഠന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍, എ. സുബ്ബയ്യ റൈ, എം. നാരായണ നീര്‍ച്ചാല്‍, മാഹിന്‍ കേളോട്ട്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്‍, ശ്യാം പ്രസാദ് മാന്യ, ഗംഗാധര ഗോളിയടുക്ക, കുഞ്ചാര്‍ മുഹമ്മദ്, ബി. ശാന്ത, എം. അബ്ബാസ്, ഖാദര്‍ മാന്യ, പി. ജയശ്രി, കര്‍ണാടക മിനിമം വേജ് ബോര്‍ഡ് ചെയര്‍മാന്‍ പി.എം ഷാഹിദ് തുടങ്ങിയവര്‍ സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it