നോമ്പുകാരുടെ മനം നിറച്ച് തെരുവത്ത് മാതൃക: നെയ്ക്കഞ്ഞിക്ക് എഴുപതിന്റെ പരിമളം; 17 വര്‍ഷങ്ങള്‍ പിന്നിട്ട് ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള നോമ്പ് തുറ കിറ്റ് വിതരണം

കാസര്‍കോട്: തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദിന് കീഴില്‍ നോമ്പ് കാലത്ത് നെയ്കഞ്ഞി വിതരണം തുടങ്ങി 70 വര്‍ഷം പിന്നിടുമ്പോള്‍ തീവണ്ടി യാത്രക്കാര്‍ക്കുള്ള നോമ്പ് തുറ വിഭവ വിതരണം 17 വര്‍ഷവും പിന്നിട്ടു. നോമ്പുകാരുടെ വയറും മനസും വര്‍ഷങ്ങളായി നിറപ്പിക്കുന്നതിന്റെ സായൂജ്യത്തിലാണ് കമ്മിറ്റി. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ നെയ്കഞ്ഞി വിതരണം ഇതുവരെ മുടങ്ങിയിട്ടില്ലെന്ന് മാത്രമല്ല പില്‍ക്കാലത്ത് ആരംഭിച്ച ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള നോമ്പ് തുറ കിറ്റ് നല്‍കലും കൂടുതല്‍ സജീവമായി മുന്നോട്ട് കൊണ്ടുപോവുന്നത് മാതൃകയാവുകയാണ്. നെയ്കഞ്ഞിയുടെ രുചിയറിഞ്ഞ് പുറത്ത് നിന്നുള്ളവരും വാങ്ങാനെത്തുന്നു. രുചിക്കൂട്ടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ഏവരും പറയുന്നത്. തെരുവത്ത് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയവരില്‍ പലരും നെയ്കഞ്ഞി വാങ്ങാന്‍ എത്തുന്നുണ്ട്. ജീരകവും ചെറുപയറും മുന്തിയ ഇനം അരിയും നെയ്യും ചേര്‍ത്താണ് നെയ്കഞ്ഞി ഒരുക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് തന്നെ കഞ്ഞിയുണ്ടാക്കാന്‍ തുടങ്ങും. വൈകിട്ട് 4 മണിയോടെയാണ് വിതരണം ആരംഭിക്കുന്നത്. വലിയ അടുപ്പു കൂട്ടി, വിറക് ഉപയോഗിച്ചാണ് ഇപ്പോഴും പാചകം ചെയ്യുന്നത്. തെരുവത്ത് പള്ളിക്ക് തൊട്ടരുമ്മി നില്‍ക്കുന്ന റെയില്‍വെ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് നോമ്പ് തുറ കിറ്റ് നല്‍കിയാലോ എന്ന ആലോചനയില്‍ നിന്നാണ് കിറ്റ് വതരണവും ആരംഭിച്ചത്. നോമ്പ് തുറക്കുന്ന സമയത്ത് യാത്രക്കാര്‍ ട്രെയിനിലുണ്ടാവുന്നതും നോമ്പ് തുറ സാധനങ്ങള്‍ കിട്ടാതെ വിഷമിക്കരുതെന്നും കരുതിയാണ് ആശ്വാസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. വൈകിട്ട് 4 മണി കഴിഞ്ഞാണ് നോമ്പ് തുറ വിഭവങ്ങളുടെ വിതരണം. പഴവര്‍ഗങ്ങളും സര്‍ബത്തും അടങ്ങിയതാണ് കിറ്റ്. തീവണ്ടി യാത്രക്കാരായ നിരവധി വിശ്വാസികള്‍ക്ക് ഇത് അനുഗ്രഹമാവുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മിറ്റിയെ നാട്ടുകാരും പ്രവാസികളും സഹായിക്കുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it