സംസ്ഥാന ട്രാന്‍സ്‌ജെന്റര്‍ കലോത്സവത്തില്‍ ജില്ലക്ക് നാലാം സ്ഥാനം

വര്‍ണ്ണപ്പകിട്ടില്‍ മത്സരിച്ച കാസര്‍കോട് ജില്ലാ ടീം
കാസര്‍കോട്: സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന കാലോത്സവം വര്‍ണ്ണപ്പകിട്ട് 2025-2026ല്‍ 140 പോയിന്റോടെ കാസര്‍കോട് ജില്ല നാലാം സ്ഥാനം നേടി. മറ്റ് ജില്ലകളെ അപേക്ഷിച്ച് ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ എണ്ണം കാസര്‍കോട് ജില്ലയില്‍ കുറവാണെങ്കിലും സാമൂഹിക നീതി വകുപ്പിന്റെ പിന്തുണയോടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ജില്ലയിലെ മത്സരാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തു.
ട്രാന്‍സ്ജെന്റര്‍ പ്രവര്‍ത്തകയും കലാപരിശീലകയുമായ ഇഷ കിഷോറിന് ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ചാരുലതയ്ക്ക് കുച്ചിപ്പുടിയിലും മാപ്പിളപ്പാട്ടിലും സംഗീതക്ക് നാടോടി നൃത്തത്തിലും കാര്‍ത്തികക്ക് ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും സജ്ന ഉബൈസിന് ഫാന്‍സി ഡ്രെസ്സിലും ലാവണ്യ, വര്‍ഷ എന്നിവര്‍ക്ക് സെമി ക്ലാസിക്കല്‍ നൃത്തത്തിനും ഇതള്‍ കനിക്ക് കവിതാ രചനയിലും എ ഗ്രേഡ് ലഭിച്ചു. ഗ്രൂപ്പ് ഇനങ്ങളില്‍ തിരുവാതിരക്ക് എ ഗ്രേഡും ജില്ലയില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്കാണ്. ട്രോഫിയും സര്‍ട്ടിഫിക്കറ്റിനോടുമൊപ്പം കാലോത്സവത്തില്‍ സിംഗിള്‍ ഇനങ്ങള്‍ക്ക് എ ഗ്രേഡ് ലഭിച്ചവര്‍ക്ക് 3000 രൂപയും ഗ്രൂപ്പ് ഇനങ്ങള്‍ക്ക് എ ഗ്രേഡ് ലഭിച്ചവര്‍ക്ക് 7500 രൂപയുമാണ് സാമൂഹ്യ നീതിവകുപ്പ് നല്‍കുന്ന സമ്മാനത്തുക.