പോഷണ്‍ മാ പ്രവര്‍ത്തന മികവിന് ജില്ലക്ക് ഒന്നാം സ്ഥാനം

കാസര്‍കോട്: വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന പോഷകാഹാര അവബോധ പദ്ധതിയുടെ കാസര്‍കോട് ജില്ലാ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതല അംഗീകാരം. പോഷകാഹാരവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും കുടുംബങ്ങളില്‍ എല്ലാ അംഗങ്ങള്‍ക്കും പോഷകാഹാരം ഉറപ്പുവരുത്തുന്നതിനുമായുള്ള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതിയാണ് പോഷണ്‍ മാ. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ ടാര്‍ജറ്റ് ആയി നല്‍കിയ 1,61,760 ലക്ഷ്യ പ്രവര്‍ത്തനങ്ങളെ മറികടന്ന് 1,69,352 പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തി കൊണ്ടാണ് ജില്ല വനിതാ ശിശു വികസന വകുപ്പ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ആറു വയസ്സ് വരെയുള്ള കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2018ല്‍ ആരംഭിച്ച പോഷണ്‍ മാ പദ്ധതി വഴി എല്ലാവര്‍ഷവും സെപ്റ്റംബര്‍ മാസം പോഷകാഹാര മാസാചരണം സംഘടിപ്പിച്ചുവരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 16 വരെ നടന്ന പോഷകാഹാര വാരാചരണത്തില്‍ അമിതവണ്ണം, കുട്ടികളുടെ പരിചരണം, ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണം നല്‍കുന്ന രീതികള്‍, പുരുഷന്മാര്‍ക്ക് കൂടി പോഷകാഹാരം ഉറപ്പുവരുത്തല്‍, ശിശു പരിചരണത്തില്‍ പുരുഷ-സ്ത്രീ തുല്യ പങ്കാളിത്തം എന്നി വിഷയങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it