'ദേശീയപാതാ നിര്‍മ്മാണത്തിലെ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കണം'

സി.പി.ഐ ജില്ലാ സമ്മേളനം സമാപിച്ചു

വെള്ളരിക്കുണ്ട്: ദേശീയപാത നിര്‍മാണത്തിലെ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലായി ഒഴിഞ്ഞുകിടക്കുന്ന 1500ലധികം വരുന്ന ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നും സി.പി.ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മറ്റു ജില്ലകളില്‍ നിന്നുവരുന്ന ജീവനക്കാര്‍ ഇതര മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സ്ഥലംമാറ്റം നേടുന്നതും മറ്റു ജില്ലകളില്‍ നിന്ന് ശിക്ഷാനടപടിയുടെ ഭാഗമായി ജില്ലയില്‍ നിയമനം നടത്തുന്നതും സര്‍വീസ് മേഖലകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഇത്തരം നിയമനം നിര്‍ത്തലാക്കണമെന്നും യോഗം ഉന്നയിച്ചു. ജില്ലയിലെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കി ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. പ്രകാശ് ബാബു, പി. സന്തോഷ് കുമാര്‍ എം.പി, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, സംസ്ഥാന കണ്‍ട്രോളര്‍ കമ്മിഷണര്‍ ചെയര്‍മാന്‍ സി.പി മുരളി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി. വസന്തം, കെ.കെ അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി.പി ബാബു ചര്‍ച്ചയ്ക്ക് മറുപടി നല്‍കി. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടുകൂടി മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനം സമാപിച്ചു. സമ്മേളനം മൂന്ന് ക്യാന്റിഡേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 38 അംഗ ജില്ലാ കൗണ്‍സിലിനെയും 9 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

സി.പി ബാബു വീണ്ടും സെക്രട്ടറി

വെള്ളരിക്കുണ്ട്: സി.പി ബാബുവിനെ സി.പി.ഐ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. 1975ല്‍ ബാലവേദി യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ച ബാബു 1984ല്‍ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയായും 1992ല്‍ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി, ബി.കെ.എം.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്, കാസര്‍കോട് ഡിസ്ട്രിക്ട് റബ്ബര്‍ ആന്റ് ക്യാഷു ലേബര്‍ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എളേരിത്തട്ട് സ്വദേശിയാണ്. കയ്യൂര്‍ രക്തസാക്ഷി പൊടോര കുഞ്ഞമ്പു നായരുടെ സഹോദരി പൗത്രനാണ്. പരേതനായ അപ്പൂഞ്ഞിനായരുടെയും സി.പി കാര്‍ത്യായണി അമ്മയുടെയും മകനാണ്. ഭാര്യ: എന്‍. ഗീത.




Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it