കൊളങ്ങാട്ട് മലയിലുണ്ടായത് അപകടകരമായ രീതിയിലുള്ള വിള്ളല്‍
കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു, നിരവധി കുടുംബങ്ങളെ മാറ്റി

കൊളങ്ങാട്ടു മലയില്‍ വിള്ളലുണ്ടായ സ്ഥലം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിക്കുന്നു
കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ പഞ്ചായത്തിലെ തുരുത്തി വില്ലേജ് പരിധിയിലെ അംബേദ്കര്‍ ഉന്നതിയില്‍ കൊളങ്ങാട്ടു മലയുടെ ഒരുഭാഗം ഉരുള്‍പൊട്ടലിന് മുന്നോടിയായി കാണപ്പെടുന്ന വിധത്തിലുള്ള വിള്ളലുകള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും തഹസില്‍ദാര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആഴമേറിയ വിളളലുകളുടെ നീളം കൂടി വരുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കോളനിയിലെ 17 കുടുംബങ്ങളോടും ഉടന്‍ തന്നെ മാറി താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. ഉന്നതിയില്‍ താമസിക്കുന്നവരെ കാടങ്കോട് ജി.എഫ്.വി.എച്ച്.എസ.്എസ് സ്‌കൂളില്‍ ക്യാമ്പിലേക്ക് മാറ്റി. മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്കും മാറി. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങള്‍, ഫോറസ്റ്റ്, പൊലീസ്, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ കലക്ടറോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
സുനാമി കോളനിയില്‍ വെള്ളക്കെട്ട്; താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു
കാഞ്ഞങ്ങാട്: പുഞ്ചാവി കടപ്പുറം, കുശാല്‍നഗര്‍ സുനാമി കോളനികളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമസക്കാരെ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പുഞ്ചാവി സുനാമി കോളനിയില്‍ 44 കുടുംബങ്ങളും കുശാല്‍നഗര്‍ കോളനിയില്‍ 10 കുടുംബങ്ങളുമാണുള്ളത്. ഇവരെ പുഞ്ചാവി എല്‍.പി സ്‌കൂള്‍, ഹൊസ്ദുര്‍ഗ് കടപ്പുറം ഫിഷറീസ് സ്‌കൂള്‍ എന്നിവിടങ്ങളിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്. അതിനിടെ മാറ്റി പാര്‍പ്പിച്ചവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര കമ്മിറ്റി നേതൃത്വത്തില്‍ എത്തിച്ചു.
പുഞ്ചാവി സുനാമി കോളനിയിലുണ്ടായ വെള്ളക്കെട്ട്
ജില്ലയില്‍ എട്ട് ക്യാമ്പുകള്‍ തുറന്നു
കാസര്‍കോട്: ജില്ലയില്‍ വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍ പറമ്പ ജി.എല്‍.പി.എസില്‍ 15ന് ആംരംഭിച്ച ക്യാമ്പില്‍ 44 പേരാണ് ഉള്ളത്. ഇതില്‍ ഏഴ് മുതിര്‍ന്ന പൗരന്‍മാരും ഏഴ് കുട്ടികളും രണ്ട് ഗര്‍ഭിണികളുമുണ്ട്. വെസ്റ്റ് എളേരി വില്ലേജിലെ കോട്ടമല എം.ജി.എം.യു.പി.എസില്‍ 18 പേരുണ്ട്. ഹൊസ്ദുര്‍ഗ് താലൂക്കില്‍ ആറ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച് വരുന്നു.