തീരദേശ ഹൈവെ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങി

കാസര്‍കോട്: തീരദേശ മേഖലയിലെ വികസന സ്വപ്‌നങ്ങള്‍ക്ക് കുതിപ്പേകാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച തീരദേശ ഹൈവെ പദ്ധതി ചര്‍ച്ചകളിലും യോഗങ്ങളിലും ഒതുങ്ങി. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് തീരദേശ ഹൈവെ പദ്ധതിയെ കുറിച്ച് ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും തുടക്കമിട്ടത്. ജില്ലയില്‍ ജില്ലയുടെ ചുമതല കൂടി വഹിച്ചിരുന്ന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു തീരദേശ മേഖലകളില്‍ വികസന സമിതി യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്തത്. തീരദേശ ഹൈവെ വരുന്നതുമായി ബന്ധപ്പെട്ട് തീരദേശ ജനതയുടെ ആശങ്ക അകറ്റുകയായിരുന്നു യോഗങ്ങളുടെ ലക്ഷ്യം. ഭൂമി ഏറ്റെടുക്കലില്‍ ഉണ്ടാകുന്ന ആശങ്കകളും ബദല്‍ നിര്‍ദ്ദേശങ്ങളും വരെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കടലാസിലൊതുങ്ങി. 57 കിലോമീറ്ററാണ് തീരദേശ ഹൈവെയുടെ ജില്ലയിലെ ദൈര്‍ഘ്യം. 11 കിലോമീറ്റര്‍ സംസ്ഥാന പാതയുടെയും 16 കിലോമീറ്റര്‍ ദേശീയപാതയുടെയും ഭാഗമായാണ് തീരദേശ ഹൈവേ കടന്നുപോകുന്നതെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിനായി പഠനവും നടത്തി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. 2021 ഓടെ തീരദേശ ഹൈവെ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് ഉതകുന്നതായിരുന്നു പദ്ധതിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. കിഫ്ബിയുടെ സഹായത്തോടെയായിരുന്നു പദ്ധതിയുടെ നിര്‍മ്മാണം. പദ്ധതി നിര്‍ത്തിവെച്ചതിനെ കുറിച്ച് സര്‍ക്കാരിന് ഇപ്പോള്‍ മിണ്ടാട്ടമില്ല.

