യഫാ തായലങ്ങാടി ഇടപ്പെട്ടു; നഗരത്തിന്റെ അടയാളമായ ക്ലോക്ക് ടവറിന് പുതിയ സൗന്ദര്യം

കാസര്‍കോട്: കാസര്‍കോട് നഗരത്തിന്റെ പ്രധാന അടയാളങ്ങളില്‍ ഒന്നായ തായലങ്ങാടിയിലെ ക്ലോക്ക് ടവറിന് പുതുജീവന്‍. തായലങ്ങാടിയുടെ സര്‍വ മേഖലകളിലും നിറഞ്ഞുനില്‍ക്കുന്ന യഫാ തായലങ്ങാടി ആറരലക്ഷം രൂപയോളം ചെലവഴിച്ചാണ് ടവര്‍ ക്ലോക്ക് നവീകരിച്ചത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ തലയയുര്‍ത്തി നില്‍ക്കുന്ന ടവര്‍ ക്ലോക്ക് പലപ്പോഴും ഘടികാരം നിശ്ചലമായി നിന്നതിനാല്‍ വലിയ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ യഫാ തായലങ്ങാടി കാസര്‍കോട് നഗരസഭയുടെ അനുമതിയോടെ ക്ലോക്ക് ടവര്‍ നവീകരിക്കാന്‍ സ്വമേധയാ മുന്നോട്ട് വരികയായിരുന്നു.

കാലങ്ങളായി തിരിഞ്ഞുനോക്കാന്‍ ആരുമില്ലാതെ നിശ്ചലാവസ്ഥയിലായിരുന്ന ക്ലോക്ക് ടവറിന് യഫാ തായലങ്ങാടി പുതിയ സൗന്ദര്യം സമ്മാനിച്ചിരിക്കുകയാണ് ഇപ്പോള്‍.

ക്ലോക്ക് ടവറിന്റെ എല്ലാ കേടുപാടുകളും നന്നാക്കി, നാല് ഭാഗത്തും പുതിയ ഘടികാരം സ്ഥാപിച്ച്, പെയിന്റടിച്ച് മനോഹരമാക്കി, ക്ലോക്ക് ടവറിന്റെ ഒരുവശത്ത് 'ഐലവ് കാസര്‍കോട്-യഫാ തായലങ്ങാടി' എന്നെഴുതിയ വര്‍ണ്ണാക്ഷരങ്ങള്‍ സ്ഥാപിച്ചാണ് ക്ലോക്ക് ടവറിന് പുതുജീവന്‍ നല്‍കിയത്. നവീകരിച്ച ക്ലോക്ക് ടവറിന്റെ ഉദ്ഘാടനം യഫാ തായലങ്ങാടി പ്രസിഡണ്ട് നിയാസ് സോല നിര്‍വഹിച്ചു. പ്രദേശത്തെ പ്രമുഖര്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. ചായ സല്‍ക്കാരവുമുണ്ടായിരുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it