മധൂര്‍ ക്ഷേത്രത്തില്‍ മൂടപ്പ സേവക്കെത്തിയത് പതിനായിരങ്ങള്‍

കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ഇന്നലെ നടന്ന, മഹാ ഗണപതിയെ അപ്പം കൊണ്ട് മൂടുന്ന അതിപ്രധാനവും വിശിഷ്ടവുമായ മൂടപ്പ സേവ ചടങ്ങിന് എത്തിയത് പതിനായിരങ്ങള്‍. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്രത്തില്‍ മൂടപ്പ സേവ നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടകയിലെ സുള്ള്യ, പുത്തൂര്‍, ബംഗളൂരു, മംഗളൂരു, സുബ്രഹ്മണ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമായി പതിനായിരങ്ങളാണെത്തിയത്. ക്ഷേത്ര ചുമരിലെ മഹാഗണപതിക്ക് ആറര അടിയോളം ഉയരത്തില്‍ കരിമ്പ് കൊണ്ട് വേലിയൊരുക്കി അഷ്ടദ്രവ്യങ്ങള്‍ സഹിതം 144 സേര്‍ അരിയുടെ ഉണ്ണിയപ്പവും 111 സേര്‍ അരിയുടെ പച്ചപ്പവും മഹാഗണപതിയുടെ കഴുത്തുവരെ ഉയരത്തില്‍ നിവേദിക്കുന്നതാണ് ചടങ്ങ്.

മദനന്തേശ്വരന് മൂന്ന് മൂട അരിയുടെ അപ്പവും ഒരു മൂട അരിയുടെ നിവേദ്യവും സമര്‍പ്പിച്ചു. രാത്രി 11 മണിയോടെയായിരുന്നു മൂടപ്പസേവ സമര്‍പ്പണം. മഹാഗണപതിക്ക്, തേന്‍, പഞ്ചസാര, എള്ള്, കരിമ്പ്, അവല്‍, മലര്‍ എന്നിവയും സമര്‍പ്പിച്ചു. ക്ഷേത്ര തന്ത്രി ഉളിയത്തായ വിഷ്ണു ആസ്രയാണ് ഉണ്ണിയപ്പം നിവേദിച്ചത്. ശനിയാഴ്ച ഉച്ചയോടെ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. ശനിയാഴ്ച രാത്രി ഉത്സവ ബലി കഴിഞ്ഞ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ഉളിയത്തടുക്കയിലേക്ക് ദേവന്റെ എഴുന്നള്ളത്ത് പുറപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഉണ്ണിയപ്പ മധ്യത്തിലുള്ള മധൂര്‍ സിദ്ധിവിനായക ദേവന്റെ ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ പതിനായിരങ്ങള്‍ എത്തിയിരുന്നു. നിവേദിച്ച ഉണ്ണിയപ്പം എത്തിച്ചേര്‍ന്ന മുഴുവനാളുകള്‍ക്കും പ്രസാദമായി നല്‍കി.

ഇതിന് മുമ്പ് 1795, 1797, 1962, 1992 വര്‍ഷങ്ങളിലും മൂടപ്പ സേവ നടന്നതായി രേഖകളുണ്ട്. ഇനിയൊരു മൂടപ്പ സേവ കൂടി കാണാന്‍ തങ്ങളുടെ ജീവിതത്തില്‍ അവസരമുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പലരും തൊഴുത് മടങ്ങിയത്.

27ന് ആരംഭിച്ച ക്ഷേത്രത്തിലെ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെയും മൂടപ്പ സേവയുടെയും പ്രധാന ചടങ്ങുകള്‍ സമാപിച്ചു. ഇന്ന് രാവിലെ സമാപന സഭയും നടന്നു.


മൂടപ്പ സേവ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന വിശ്വാസികള്‍



മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന മൂടപ്പ സേവ ദര്‍ശനത്തിന് ശേഷം ഭക്ത ജനങ്ങള്‍ക്ക് പ്രസാദമായി ഉണ്ണിയപ്പം നല്‍കുന്നു


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it