ഇശല്‍ ഗ്രാമത്തിന്റെ പൈതൃകംതേടി തമിഴ്‌നാട് സംഘം മൊഗ്രാലില്‍; ഇശലൊത്ത ഗാനങ്ങളുടെ മധുരിമ നിറഞ്ഞു

മൊഗ്രാല്‍: പുരാതന കാലഘട്ടത്തില്‍ ജീവിച്ച് മണ്‍മറഞ്ഞു പോയ മൊഗ്രാല്‍ കവികളുടെ അറബി-മലയാളം-തമിഴ് ഭാഷകള്‍ കോര്‍ത്തിണക്കിയ പാട്ടുകളുടെ പൈതൃകംതേടി തമിഴ്‌നാട്ടില്‍ നിന്നുള്ള റിഹ്‌ല തുളുനാട് കലാ സംസ്‌കാരിക സംഘം മൊഗ്രാലില്‍ എത്തി. ഇവരെ കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്റര്‍ സ്വീകരിച്ചു. സാഹുക്കാര്‍ കുഞ്ഞി ഫാഖീഹ്, ബാലാമുബ്‌നു ഫാഖീഹ്, നടുത്തോപ്പില്‍ അബ്ദുല്ല, നടുത്തോപ്പില്‍ മമ്മുഞ്ഞി മൗലവി, അഹ്മദ് ഇസ്മായില്‍, നടുതോപ്പില്‍ കുഞ്ഞായിശു, എ.കെ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ രചിച്ച ഗാനങ്ങള്‍ അവതരിക്കപ്പെട്ടു. ഇശല്‍ ഗ്രാമത്തിലെ കവികളെക്കുറിച്ച് പഠനം നടത്തുകയും വടക്കിന്റെ ഇശലുകള്‍ എന്ന പുസ്തകം രചിക്കുകയും ചെയ്ത യൂസുഫ് കട്ടത്തടുക്ക താരാട്ട് പാട്ടിന്റെയും പക്ഷിപ്പാട്ടിന്റെയും ഉത്ഭവത്തെ സംബന്ധിച്ച് പാടി അവതരിപ്പിച്ചു. തമിഴ് എഴുത്തുകാരനും ഗവേഷകനുമായ സാലൈ ബഷീറിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തില്‍ പ്രൊഫ. മുഹമ്മദ് ഹസ്സന്‍, അറബി-മലയാളം-ഉറുദു-ബ്യാരി ഭാഷകളുടെ സങ്കരം സംബന്ധിച്ചും മലബാറിലെ മാപ്പിള സംസ്‌ക്കാരത്തെ കുറിച്ചും പഠനം നടത്തികൊണ്ടിരിക്കുന്ന അന്‍സാര്‍ മിടാളം നാഗര്‍കോയില്‍, സല്‍മാന്‍ ആസിഫ്, അബ്ദുല്‍ ലത്തീഫ്, തമീമുല്‍ അന്‍സാരി, ഖാദര്‍ മീരാന്‍ അഷ്‌ക്കര്‍, അലി അഹമ്മദ് തുടങ്ങിയവരും ഉണ്ടായിരുന്നു. എ.കെ അബ്ദുല്‍ റഹ്മാന്‍, താജുദ്ദീന്‍ മൊഗ്രാല്‍, എം.എച്ച് അബ്ദുല്‍ റഹ്മാന്‍ ഉറുമി, എം.എച്ച് അബ്ദുല്‍ ഖാദര്‍, സിദ്ദിഖ് എരിയാല്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. സാവുക്കാര്‍ കുഞ്ഞി ഫഖീഹ് രചിച്ച നാട്ടിപ്പാട്ട്... ഓബേലെ.... ഓഹൂലെ ഓഹൂലെ ഇര്‍ഹം എങ്കളെ ബേലയിലെ..., ബാലമുബ്‌നു ഫാഖീഹിന്റെ പദം... ആ കരുണ രേഖമണി ആക്കി മുഖമാല്‍ മുന്നേ ആദി അഹദാ നാമിലെ അധികം വരുമ ആദി അഹദാ നാമിലെ..., നടുത്തോപ്പില്‍ മമ്മൂഞ്ഞി മൗലവിയുടെ അഹദാമര താരാട്ട് പാട്ട് അഹദാമരത്തില്‍ മറയ്‌ന്തൊരെ ഹഖാല്‍ കുഞ്ഞിനെ കാപ്പ് നീ മന്നാനെ..., മൊഗ്രാലിന്റെ ക്ലാസിക്കല്‍ കൃതിയായ നടത്തോപ്പില്‍ അബ്ദുല്ല എഴുതിയ പക്ഷി പാട്ട് ആദി പെരിയവന്‍ ഏകല്‍ അരുളാലെ ആലത്തില്‍ ആരംഭ ദൂതര്‍ മുഹമ്മദ്..., അഹമ്മദ് ഇസ്മായിലിന്റെ പുതിയ നിക്കാഹ് മാല, ഫുട്‌ബോള്‍ പാട്ട്... കടന്നോളി മണിയറ ക്കയല്‍ ഒപ്പിച്ചേ... മുത്ത് സ്‌നേഹിതരെ പ്രധാന കല്‍ക്കത്തയില്‍ ഘോഷ വിശേഷമേ..., കവി എ.കെ അബ്ദുല്‍ ഖാദറിന്റെ... പുകളൊത്ത മൊഗ്രാലില്‍ കളിത്തിടും ഫുട്‌ബോളര്.... തുടങ്ങി മാപ്പിളപ്പാട്ടിന്റെ ആധുനിക മുഖം ടി. ഉബൈദിന്റെ കേരളഗാനം, തീപിടിച്ച പള്ളി, ദുനിയാവിന്റെ മറിമായം എന്നിവയിലൂടെ സഞ്ചരിച്ച് കാസര്‍കോടിന്റെ ഒട്ടനവധി കവികളുടെ സൃഷ്ടി വൈവിധ്യങ്ങളുടെ കെട്ടഴിച്ചു. തുടര്‍ന്ന് സാവുക്കാര്‍ കുഞ്ഞിഫഖീഹ്, ബാലാമുബ്‌നു ഫഖീഹ് എന്നിവരുടെ ഖബറിടം സംഘം സന്ദര്‍ശിച്ചു. മൊഗ്രാല്‍ കെ.എസ് അബ്ദുല്ല സ്‌കൂളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്റര്‍ പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സെഡ്.എ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. നാട്ടുഭാഷകളുടെ എഴുത്തുകാരന്‍ ബി അബ്ദുല്ലകുഞ്ഞി ഖന്ന ഉദ്ഘാടനം ചെയ്തു. എം. മാഹിന്‍ മാസ്റ്റര്‍, സയ്യിദ് ഹാദി തങ്ങള്‍, ബഷീര്‍ അഹമ്മദ് സിദ്ദിഖ്, എം.എ നജീബ്, എം.എ അബ്ദുല്‍ റഹ്മാന്‍ സുര്‍ത്തിമുല്ല, ഫൈസല്‍ അലി ചെങ്കല്‍, കെ.എം ഇര്‍ഷാദ്, മുഹമ്മദ് കുഞ്ഞി കെ., അഷ്റഫ് പെര്‍വാഡ്, എ.കെ റിയാസ് മുഹമ്മദ്, അബ്ദുല്ല കുഞ്ഞി നടുപ്പളം, മുഹമ്മദ് കുഞ്ഞി ബി.എ, മുഹമ്മദ് ബഷീര്‍ എഞ്ചിനീയര്‍, എ.എം അബ്ദുല്‍ ഖാദര്‍, സി.എം മുഹമ്മദ്, ഹമീദ് പെര്‍വാഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it