ടി. ഉബൈദ്: അക്ഷരങ്ങളെ ആയുധമാക്കിയ ഉത്തരകേരളത്തിലെ ആക്ടിവിസ്റ്റ്-അംബികാസുതന്‍ മാങ്ങാട്

കാസര്‍കോട്: ഉത്തരകേരളം കണ്ട ഏറ്റവും വലിയ ആക്ടിവിസ്റ്റായിരുന്നു കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ടി. ഉബൈദെന്നും അദ്ദേഹത്തിന്റെ പണിയായുധം അക്ഷരങ്ങളായിരുന്നുവെന്നും പ്രശസ്ത കഥാകൃത്ത് ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. കാസര്‍കോട് സാഹിത്യവേദി ഉബൈദ് അനുസ്മരണ ദിനത്തില്‍ ആരംഭിച്ച അക്ഷര വെളിച്ചം സര്‍ഗസഞ്ചാരം തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷരത്തിന്റെ ശക്തികൊണ്ടാണ് ഉബൈദ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതി ജയിച്ചത്. വിവാഹം പോലും വിപ്ലവമാക്കിയ കവിയായിരുന്നു അദ്ദേഹം. ഇരുപത്തിനാലാം വയസ്സില്‍ രചിച്ച നവരത്നമാലിക എന്ന പുസ്തകത്തിന്റെ കോപ്പി വിതരണം ചെയ്തുകൊണ്ടാണ് ഉബൈദ് തന്റെ വിവാഹസല്‍ക്കാരം നടത്തിയത്. ഈയടുത്ത ദിവസങ്ങളില്‍ ഒരു യുവാവ് വിവാഹ ദിവസം പുസ്തകം വിതരണം ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ 75 വര്‍ഷം മുമ്പ് ഉബൈദ് അതു ചെയ്തു എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ മഹത്വം മനസിലാകുന്നത്. സമുദായത്തിന്റെ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ ടി. ഉബൈദിനെ വി.ടി. ഭട്ടതിരിപ്പാടിനൊപ്പം ചേര്‍ത്തുനിര്‍ത്തി വായിക്കേണ്ടതാണ്. വിളക്കുവെയ്ക്കുവിന്‍ വിളയ്ക്കുവെക്കുവിന്‍ വെളിച്ചം കാണട്ടെ എന്നു പറയുമ്പോള്‍ എല്ലാ സമുദായത്തിലെയും ഇരുട്ട് നീക്കാനാണ് കവി ആഹ്വാനം ചെയ്യുന്നത്. ബ്രിട്ടനെ തകര്‍ക്കുന്നതിനും മുമ്പേ ഇടിച്ചു നിരത്തേണ്ടത് ജാതീയതയുടെ മതിലുകളാണെന്നും അദ്ദേഹം പറയുന്നുണ്ട്. വേലിക്കെട്ടുകളില്ലാത്ത ഒരു വിശ്വസമൂഹം എന്നതായിരുന്നു ഉബൈദിന്റെ സ്വപ്‌നമെന്നും അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. കവി പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. പദ്മനാഭന്‍ ബ്ലാത്തൂര്‍, കന്നഡ കവിയും വിവര്‍ത്തകനുമായ രാധാകൃഷ്ണ ഉളിയത്തടുക്ക, അഡ്വ. വി.എം മുനീര്‍, ടി.എ ഷാഫി, ജാഥാ ക്യാപ്റ്റനും സാഹിത്യവേദി പ്രസിഡണ്ടുമായ എ.എസ്. മുഹമ്മദ് കുഞ്ഞി, ജാഥാ വൈസ് ക്യാപ്റ്റന്‍ എരിയാല്‍ ഷരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സാഹിത്യവേദി സെക്രട്ടറി എം.വി സന്തോഷ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് നൗഫല്‍ തായല്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഗായകരായ ഇസ്മയില്‍ തളങ്കര, ഇസ്മയില്‍ ചെമനാട്, യൂസുഫ് കട്ടത്തടുക്ക, ടി.കെ അന്‍വര്‍ എന്നിവര്‍ ഉബൈദ് മാഷിന്റെ ഗാനങ്ങള്‍ ആലപിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it