ശുചിത്വ സാഗരം സുന്ദരതീരം; ജില്ലയില്‍ ശേഖരിച്ചത് 21 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

ഉദുമ: കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായുള്ള ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഇന്നലെ തുടക്കം കുറിച്ചു. പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ കടല്‍തീരങ്ങളില്‍ നിന്ന് 21 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു.

1500 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ തീരം ശുചീകരിക്കാനെത്തി. രാവിലെ 7 മുതല്‍ 11 വരെ തീരത്തു നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലയില്‍ ശാസ്ത്രീയമായി സംസ്‌കരിക്കും. ജില്ലാതല ഉദ്ഘാടനം ഉദുമ മണ്ഡലത്തിലെ കാപ്പില്‍ കോടി കടപ്പുറത്ത് നടന്നു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീഷ് വകുപ്പ്, ഉദുമ പഞ്ചായത്ത്, ബേക്കല്‍ പൊലീസ്, തീരദേശ പൊലീസ്, ഹരിതകര്‍മ സേനാഗംങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ, ജൈവ വൈവിധ്യ സേനാഗംങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. എ.എസ്.പി അപര്‍ണ മുഖ്യാതിഥിയായിരുന്നു. ജലീല്‍ കാപ്പില്‍, വി.കെ അശോകന്‍, കെ. വിനയകുമാര്‍, കെ. സന്തോഷ് കുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. കായിഞ്ഞി എന്നിവര്‍ സംസാരിച്ചു. ഫിഷറീഷ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ ലബീബ് സ്വാഗതവും ചാര്‍ജ് ഓഫീസര്‍ അരുണേന്ദു രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

വിവിധ ഭാഗങ്ങളില്‍ നടന്ന ശുചീകരണത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it