സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം ജനകീയ ഉത്സവമാക്കും- മന്ത്രി എ.കെ ശശീന്ദ്രന്‍

ജില്ലാതല സംഘാടകസമിതി യോഗം ചേര്‍ന്നു

കാഞ്ഞങ്ങാട്: 21 മുതല്‍ 27 വരെ കാസര്‍കോട് ജില്ലയില്‍ നടക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ വാര്‍ഷികാഘോഷങ്ങള്‍ ജനകീയ ഉത്സവമാക്കി മാറ്റണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കാലിക്കടവ് പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാതല സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നോക്കം ആയിരുന്ന കാസര്‍കോടിന്റെ വികസന കുതിപ്പിന്റെ സാക്ഷ്യം പ്രകടമാകുന്നതിനാണ് കാസര്‍കോട് ജില്ലയില്‍ സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കുന്നതിന് വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിന് കുടുംബസമേതം എല്ലാവരും എത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സമസ്ത മേഖലകളിലും ഒരു ജനകീയ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെ ദൃശ്യാവിഷ്‌കാരമായിരിക്കും എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഉണ്ടാവുക. ജനങ്ങള്‍ക്ക് നേരിട്ട് സേവനം നല്‍കുന്നതിനുള്ള സ്റ്റാളുകളും സജ്ജമാക്കും. കൂടാതെ വാണിജ്യ സ്റ്റാളുകളും ഒരുക്കും.

കുടുംബശ്രീയുടെയും മറ്റും ഭക്ഷ്യമേള കൃഷിവകുപ്പിന്റെ കാര്‍ഷിക പ്രദര്‍ശന വിപണനമേള എന്നിവ ഉണ്ടാകുമെന്നും കാസര്‍കോടിന്റെ തനതായ കലാ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികള്‍ മേളയുടെ മാറ്റുകൂട്ടുമെന്നും എല്ലാ പരിപാടികളിലും ജനങ്ങളുടെ പൂര്‍ണ്ണപങ്കാളിത്തം ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവന്‍, പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി പ്രസന്നകുമാരി, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ ലക്ഷ്മി തുടങ്ങി ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സബ് കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. എ.ഡി.എം പി. അഖില്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it