എസ്.ഐ.ആര്‍ ജില്ലയില്‍ പുരോഗമിക്കുന്നു; വി.ഐ.പി. വോട്ടര്‍മാര്‍ക്ക് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു

കാസര്‍കോട്: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിക്കുന്നു. ഇന്നലെ മുതല്‍ ബി.എല്‍.ഒ മാരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയുള്ള വിവര ശേഖരണം ആരംഭിച്ചു. വിവിധ മണ്ഡലങ്ങളിലെ വി.ഐ.പി വോട്ടര്‍മാര്‍ക്ക് ബി.എല്‍.ഒമാര്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു. ജില്ലാ തല ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. എസ്.ഐ.ആറിന്റെ കാസര്‍കോട് നിയോജക മണ്ഡലത്തിലെ ആദ്യ അംഗമായി ചേര്‍ന്ന ശേഷം ഔദ്യോഗിക വസതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവരും 18 വയസ്സ് പൂര്‍ത്തിയായവരുമായ എല്ലാവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. നിശ്ചിത രേഖകളും നിശ്ചിത സമയക്രമങ്ങളും പാലിച്ച് എല്ലാവരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോഴും സാങ്കേതിക കാരണങ്ങളാല്‍ നാട്ടിലെ ഒരാളും പട്ടികയില്‍ നിന്ന് പുറത്താകുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു. കലക്ടര്‍ക്ക് ബി.എല്‍. ഒ എ. പുഷ്പാവതി എന്യുമറേഷന്‍ ഫോം കൈമാറി. വിവിധ മണ്ഡലങ്ങളിലെ വി.ഐ.പി വോട്ടര്‍മാര്‍ക്ക് ഡെപ്യൂട്ടി കലക്ടര്‍മാരുടെയും താഹ്സില്‍ദാര്‍മാരുടെയും സാന്നിധ്യത്തില്‍ ബി.എല്‍.ഒമാര്‍ എന്യൂമറേഷന്‍ ഫോം നല്‍കി. വില്ലേജുകളിലെ വി.ഐ.പി വോട്ടര്‍മാര്‍ക്ക് വില്ലേജ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ ബി.എല്‍.ഒമാര്‍ എന്യൂമറേഷന്‍ ഫോം നല്‍കി.

മഞ്ചേശ്വരം മണ്ഡലത്തില്‍ എ.കെ.എം അഷറഫ് എം.എല്‍.എക്ക് ഡെപ്യൂട്ടി കലക്ടര്‍ രഘുമണി, താഹസില്‍ദാര്‍ പി. സജിത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ബി. എല്‍.ഒ എന്യുമറേഷന്‍ ഫോം കൈമാറി. റിട്ട. ഹൈക്കോടതി ജസ്റ്റിസ് മൂസ കുഞ്ഞിക്ക് ബി.എല്‍.ഒ എന്യുമറേഷന്‍ ഫോം കൈമാറി.

കാസര്‍കോട് മണ്ഡലത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് ബി.എല്‍.ഒ എന്യുമറേഷന്‍ ഫോം കൈമാറി. സച്ചിദാനന്ദ സ്വാമി ഇടനീര്‍ മഠം, പത്മശ്രീ സത്യനാരായണ ബളേരി, ആര്‍ട്ടിസ്റ്റ് പുണിഞ്ചിത്തായ, കാസര്‍കോട് നഗരസഭ അധ്യക്ഷന്‍ അബ്ബാസ് ബീഗം, റിട്ട. ഐ.എസ്.ഓഫീസര്‍ ശശിധര, ഡോ. ജയപ്രകാശ് നാരായണ തോട്ടത്തൊടി എന്നിവര്‍ക്കും ബി.എല്‍.ഒ എന്യുമറേഷന്‍ ഫോം കൈമാറി.

ഉദുമ മണ്ഡലത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി ബാലകൃഷ്ണന്‍ നായര്‍, അരുണ്‍ ബാലഗോപാലന്‍ ഐ.പി.എസ്, ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് എം.എ റഹ്മാന്‍, പി.എ അബ്ദുല്ല കുഞ്ഞി എന്നിവര്‍ക്ക് ബി.എല്‍.ഒ മാര്‍ എന്യൂമറേഷന്‍ ഫോം നല്‍കി.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബലകൃഷ്ണന്‍ എന്നിവര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നടന്‍മാരായ പി.പി കുഞ്ഞികൃഷ്ണന്‍, ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ക്കും എന്യൂമറേഷന്‍ ഫോം നല്‍കി. ആര്‍. ആര്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. അജേഷ് നേതൃത്വം നല്‍കി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it