എസ്.ഐ.ആര്‍: 2002ലെ വിവരങ്ങള്‍ നല്‍കുന്നത് തെറ്റിയാല്‍ രേഖകള്‍ ഹാജരാക്കേണ്ടി വരും

കാസര്‍കോട്: എസ്.ഐ.ആറിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുന്നതിന് ബി.എല്‍.ഒമാര്‍ വീടുകളിലെത്തി എന്യുമറേഷന്‍ ഫോമുകള്‍ നല്‍കി തുടങ്ങി. 2025ലെ വോട്ടര്‍ പട്ടികയിലെ വോട്ടറുടെ ഫോട്ടോ പതിപ്പിച്ച വിവരങ്ങളാണ് ഫോമിലുള്ളത്. ഇതില്‍ വ്യക്തമായി പൂരിപ്പിക്കേണ്ട ഭാഗങ്ങളാണുള്ളത്. ഒന്നാമത്തേത് വോട്ടറുടെ ജനന തീയ്യതി, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മാതാപിതാക്കളുടെയുടെയും പങ്കാളിയുടെയും പേരുകളും വോട്ടര്‍ ഐ.ഡി നമ്പറുമാണ്. രണ്ടാമത്തേത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. വോട്ടറുടെ 2002ലെ വിവരങ്ങളാണ് ഇതിലെഴുതേണ്ടത്. ഇവിടെയാണ് പലര്‍ക്കും സംശയം. വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, 2002ലെ സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലത്തിന്റെ പേര്, നമ്പര്‍, ബൂത്ത് നമ്പര്‍, ക്രമ നമ്പര്‍ എന്നിവ ചേര്‍ക്കണം. ഇതില്‍ മൂന്നാമത്തെ കോളത്തിലാണ് 2002ലെ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 2025ലെ വോട്ടറുടെ ബന്ധുവിന്റെ വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. ഇതില്‍ 2002ലെ വോട്ടറുടെ ബന്ധുവിന്റെ വിവരങ്ങളാണ് ചേര്‍ക്കുന്നത്. ഈ കോളത്തിലും ആശയക്കുഴപ്പമുണ്ട്. വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, ബന്ധം എന്നിവ ഇതിലും ചോദിക്കുന്നുണ്ട്. ഇത് കിട്ടിയവര്‍ എങ്ങനെ പൂരിപ്പിക്കണമെന്നറിയാതെ ആശങ്കയിലാണ്. 2025ലെ വോട്ടര്‍ പട്ടികയിലുള്ള പലര്‍ക്കും ഇത് വരെ ഫോറം കിട്ടാത്തവരുണ്ട്. 2002ലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാനും പലരും പരക്കം പായുന്നു. 2002ലെ വിവരങ്ങള്‍ വോട്ടറുമായി ഒത്ത് വന്നില്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കേണ്ടി വരും. ഇത് പിന്നീട് വലിയ പ്രയാസം സൃഷ്ടിക്കും. എന്യുമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ സന്നദ്ധ സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സഹായിക്കാന്‍ ഇറങ്ങിയില്ലെങ്കില്‍ ഫോമുകള്‍ കിട്ടിയവര്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് കഷ്ടപ്പെടും. വിവിധ ഭാഗങ്ങളില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും ഹെല്‍പ്പ് ഡെസ്‌ക്കും സംഘടിപ്പിക്കുന്നുണ്ട്. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ബോധവല്‍ക്കരണ ക്ലാസ് ഇന്ന് രാത്രി 7 മണിക്ക് അഡ്രസ്സ് വില്ലയില്‍ നടക്കും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it