എസ്.ഐ.ആര്‍ ഹിയറിംഗ്: പ്രവാസികള്‍ ആശങ്കയില്‍

കാസര്‍കോട്: എസ്.ഐ. ആര്‍. (തീവ്ര വോട്ടര്‍ പട്ടിക) പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഹിയറിംഗ് ബൂത്ത് തലത്തില്‍ ആരംഭിച്ചു. കഴിഞ്ഞയാഴ്ച്ച പ്രസിദ്ധീകരിച്ച എസ്.ഐ.ആര്‍. കരട് പട്ടികയില്‍ വന്നതും 2002ലെ പട്ടികയില്‍ വരാത്തതും ബന്ധുക്കളുടെ വിവരങ്ങള്‍ എന്യുമറേഷന്‍ ഫോമില്‍ എഴുതിയവര്‍ക്കാണ് ഹിയറിംഗ് നോട്ടീസ് ബി.എല്‍.ഒമാര്‍ നല്‍കിയിട്ടുള്ളത്. എസ്.ഐ.ആര്‍. ഹിയറിംഗ് തുടങ്ങിയതോടെ പ്രവാസികള്‍ ആശങ്കയിലാണ്. എന്യുമറേഷന്‍ ഫോമുകള്‍ നല്‍കിയ പ്രവാസികള്‍ ഹിയറിംഗ് സമയത്ത് ചുമതലപ്പെടുത്തിയ ബന്ധു ഹാജരായാല്‍ മതിയെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നെങ്കിലും സിസ്റ്റത്തില്‍ കയറണമെങ്കില്‍ ഇ.ആര്‍.ഒ, വോട്ടര്‍, ബി.എല്‍.ഒ. എന്നിവര്‍ ഒന്നിച്ചിരുന്ന ഫോട്ടോ അപ്‌ലോഡ് ചെയ്താല്‍ മാത്രമേ ഹിയറിംഗ് പൂര്‍ണമാകുന്നുള്ളൂ. ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് ലഭിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൊണ്ടുവരേണ്ട രേഖകളിലാണ്. ആവശ്യമായ രേഖകളുടെ ഒറിജിനലിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയപകര്‍പ്പും ഹാജരാക്കണം. ആധാര്‍, പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള അംഗീകൃത ബോര്‍ഡുകള്‍/സര്‍വകലാശാലകള്‍ നല്‍കിയ മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള 13 രേഖകളില്‍ ഒന്നാണ് ഹാജരാക്കേണ്ടത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it