എസ്.ഐ.ആര്‍: ബി.എല്‍.ഒ ആപ്പ് വോട്ടര്‍മാര്‍ക്കും ബി.എല്‍. ഒമാര്‍ക്കും ആപ്പാകുന്നു, നെറ്റ്‌വര്‍ക്ക് പ്രശ്‌നം രൂക്ഷം

കാസര്‍കോട്: വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി (എസ്.ഐ.ആര്‍) ബി.എല്‍.ഒമാര്‍ നല്‍കിയ എന്യുമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച് തിരികെ വാങ്ങി ബി.എല്‍.ഒ ആപ്പില്‍ കയറ്റാന്‍ തുടങ്ങി. അതിനിടെ നെറ്റ്‌വര്‍ക്ക് പ്രശ്‌നമുള്ളത് ബി.എല്‍.ഒമാരെ ദുരിതത്തിലാക്കുന്നു. പല ബി.എല്‍.ഒമാരും ഉറക്കമൊഴിച്ച് പാതിരാത്രിയാണ് വിവരങ്ങള്‍ ആപ്പില്‍ കയറ്റുന്നത്. പല ബി.എല്‍.ഒമാര്‍ക്കും പകുതി പോലും ഫോമുകള്‍ തിരിച്ച് കിട്ടിയിട്ടില്ല. തിരിച്ച് കിട്ടിയ ഫോമുകളില്‍ ഇതുവരെ 50 എണ്ണം പോലും ബി.എല്‍.ഒ ആപ്പില്‍ കയറ്റാന്‍ പറ്റാത്തവരും നിരവധിയാണ്. ട്രെയിനിംഗ് കിട്ടിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ ബി.എല്‍.ഒമാരെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാറ്റിയിരുന്നു. ആവശ്യമായ പരിശീലനം നല്‍കാതെയാണ് പുതിയ ആളുകളെ എടുത്തത്. ഇവര്‍ ആകെ പ്രയാസത്തിലും മാനസിക സംഘര്‍ഷത്തിലുമാണ്. 2002ലെ വോട്ടര്‍ ലിസ്റ്റില്‍ ഉള്ളവരും അവരുടെ മക്കള്‍, പേരക്കുട്ടികള്‍ ഇവര്‍ പ്രധാനമായും ബി.എല്‍.ഒ ആപ്പില്‍ കയറുന്നു. ഇതില്‍ തന്നെ പുതിയ ഫോട്ടോ നല്‍കിയത് സ്‌കാന്‍ ചെയ്യാന്‍ ഒരുപാട് സമയമെടുക്കുന്നു. നെറ്റ്‌വര്‍ക്ക് പ്രശ്‌നം മൂലം ദിവസവും 25, 50 ഫോമുകള്‍ മാത്രമാണ് ബി.എല്‍.ഒമാര്‍ക്ക് ആപ്പില്‍ കയറ്റാന്‍ പറ്റുന്നത്. 2002ല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരും മാതാപിതാക്കളുടെയും അവരുടെ അച്ഛനമ്മമാരുടെയും പേരില്ലാത്തവരും ആശങ്കയിലാണ്. സഹോദരങ്ങളുടെ, മറ്റു ബന്ധുക്കളുടെ പേരുകള്‍ എഴുതിയാല്‍ ബി.എല്‍.ഒ ആപ്പില്‍ കയറുന്നില്ല എന്ന പ്രചരണമാണ് അവരെ ആശങ്കയിലാക്കുന്നത്. എസ്.ഐ ആറുമായി നില നില്‍ക്കുന്ന ആശങ്കയും ഭയവും അകറ്റാന്‍ സര്‍വ്വകക്ഷികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

