വിവിധ കോഴ്‌സുകള്‍ മാറ്റാനുള്ള നീക്കത്തിനെതിരെ ചാലയിലും നീലേശ്വരത്തും എസ്.എഫ്.ഐ പ്രതിഷേധം

കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കാസര്‍കോട് ചാലയിലെ ടീച്ചര്‍ എജുക്കേഷണല്‍ നിന്ന് ഗണിതം, ഭൗതിക ശാസ്ത്ര കോഴ്‌സുകളും നീലേശ്വരം ഡോ. പി.കെ രാജന്‍ സ്മാരക കാമ്പസില്‍ നിന്ന് മലയാളം, ഹിന്ദി ഭാഷ വിഭാഗം കോഴ്‌സുകളും ജില്ലക്ക് പുറത്തുള്ള കാമ്പസുകളിലേക്ക് മാറ്റാനുള്ള സര്‍വകലാശാലയുടെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. ബി.സി റോഡില്‍ നിന്ന് ചാലയിലെ ടീച്ചര്‍ എജുക്കേഷണല്‍ സെന്ററിലേക്ക് നടന്ന മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. എസ്.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി ഇമ്മാനുവല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ടീച്ചര്‍ ട്രെയിനിംഗ് സെന്റര്‍ ഡയറക്ടറെ ഉപരോധിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡോ. പി.കെ രാജന്‍ സ്മാരക കാമ്പസില്‍ നിന്നും കോഴ്‌സുകള്‍ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ക്യാമ്പസില്‍ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് ജില്ലാ ജോ. സെക്രട്ടറി അനുരാഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ബിപിന്‍ രാജ്, ജില്ലാ സെക്രട്ടറി പ്രണവ് കെ., ജില്ലാ പ്രസിഡണ്ട് ഋഷിത സി. പവിത്രന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി പ്രവിഷ പ്രമോദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ വി.സിയുമായി നടത്തിയ ചര്‍ച്ചയില്‍ കോഴ്‌സുകള്‍ മാറ്റുന്ന കാര്യം യൂണിവേഴ്‌സിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി പുന:പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയതായി അറിയുന്നു.



Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it