വ്യവസായ മേഖലയിലെ പുരോഗതി വിലയിരുത്തി സെമിനാര്‍
എന്റെ കേരളം പ്രദര്‍ശന വിപണന മേള

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യവസായ മേഖലയിലെ പുരോഗതി എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
കാലിക്കടവ്: എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ അഞ്ചാം ദിവസം വ്യവസായ മേഖലയിലെ പുരോഗതി എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒരു വ്യവസായം വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ അതിനെതിരെ പരാതി പറയുന്ന സാഹചര്യം ഉണ്ടാവരുതെന്നും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ എ.കെ ശ്യാം പ്രസാദ്, കെ. എസ്.എസ്.ഐ.എ സെക്രട്ടറി മുജീബ് അഹ്മദ് എന്നിവര്‍ വിഷയാവതരണം നടത്തി. നിലവില്‍ കേരളത്തില്‍ റെഡ് കാറ്റഗറി ലിസ്റ്റില്‍ വരാത്ത എല്ലാ വ്യവസായ സംരംഭങ്ങളും ഏത് സമയത്തും തുടങ്ങാന്‍ സാധിക്കുന്ന വണ്ണം വ്യവസായ അന്തരീക്ഷം മാറിയിട്ടുണ്ടെന്നും സംരംഭം ആരംഭിക്കുന്നതിന് മുന്നേ ലൈസന്‍സ് ആവശ്യമാണെന്ന നിയമം ഇപ്പോള്‍ കേരളത്തിലില്ലെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം ലൈസന്‍സ് എടുത്താല്‍ മതി എന്ന നിയമം വന്ന ശേഷം വ്യവസായ മേഖലയില്‍ വന്‍ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും എ.കെ ശ്യാം പ്രസാദ് പറഞ്ഞു. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കുക എന്നതിന് പകരം അഞ്ച് വര്‍ഷത്തേക്ക് പുതുക്കി നല്‍കുന്നത് സംരംഭകര്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ലെന്ന് മുജീബ് അഹ്മദ് പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍ രേഖ നന്ദിയും പറഞ്ഞു.