ഗാന്ധിയെ മറക്കാന്‍ ഭരണകൂടം നിര്‍ബന്ധിപ്പിക്കുന്നു-കെ. സച്ചിദാനന്ദന്‍

ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം സച്ചിദാനന്ദന് സമ്മാനിച്ചു

തൃശൂര്‍: ഗാന്ധിയെ മറക്കാന്‍ നിര്‍ബന്ധിപ്പിക്കുകയും ഗാന്ധിജിയെ കൊന്നവരെ ആഘോഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദന്‍ പറഞ്ഞു. മഹാകവി ടി. ഉബൈദിന്റെ സ്മരണയ്ക്കായി ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം തൃശൂര്‍ എം.ഐ.സി ഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്ത് ഒരു ചിത്രം പുറത്തുവന്നു. അതില്‍ ചെറിയ ഗാന്ധിയും ആ ഗാന്ധിക്ക് മീതെ തലയുയര്‍ത്തി നില്‍ക്കുന്ന സവര്‍ക്കരുടെ ചിത്രവുമായിരുന്നു. ഗാന്ധിജിയെയും നെഹ്‌റുവിനെയും പോലുള്ളവര്‍ തമസ്‌കരിക്കപ്പെടുകയും വര്‍ഗീയതയുടെ രാജ്യത്തെ പ്രതീകങ്ങളായ സവര്‍ക്കറും ഗോഡ്സെയും പോലുള്ളവര്‍ മേല്‍കൈ നേടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.


ഉത്തര കേരളത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ നിരക്ഷരതയും അന്ധവിശ്വാസങ്ങളും മാറ്റി വിദ്യാഭ്യാസത്തിലൂടെ ന്യൂനപക്ഷ സമൂഹത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ച മഹാ കവിയായിരുന്നു ടി. ഉബൈദെന്ന് അവാര്‍ഡ് ദാനം നിര്‍വഹിച്ച മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭിപ്രായപ്പെട്ടു. കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് തൃശൂര്‍ ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സി.എച്ച് റഷീദ്, കല്ലട്ര മാഹിന്‍ ഹാജി, പി.എം അമീര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ.ഇ.എ. ബക്കര്‍, മാഹിന്‍ കേളോട്ട് എ. ഹമീദ് ഹാജി, കെ.സി.എം. ഷരീഫ്, സിദ്ദീഖ് പള്ളിപുഴ, ടി.സി. കബീര്‍, അന്‍വര്‍ കോളിയടുക്കം, ഹനീഫ് കാട്ടക്കാല്‍, സുബിന്‍ കോപ്പ, ആര്‍.വി അബ്ദുറഹീം, ഐ.ഐ അബ്ദുല്‍ മജീദ്, അസീസ് താണിപാടം, പി.കെ ഷാഹുല്‍ ഹമീദ്, എം.വിഷക്കീര്‍, സി.കെ. ജാഫര്‍ സാദിഖ്, നൗഷാദ് വാളൂര്‍, പി.കെ. ബഷീര്‍, എം.പി കുഞ്ഞികോയ തങ്ങള്‍, ജലീല്‍ വലിയകത്ത്, മുഹമ്മദ് വെട്ടുകാട്, ബഷീര്‍ വരവൂര്‍, മുസ്തഫ വടുതല എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഖാളിയാര്‍ ഖിറാഅത്ത് നടത്തി. കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി അബ്ബാസ് കളനാട് നന്ദിയും പറഞ്ഞു.



Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it