റവന്യൂ ജില്ലാ കലോത്സവം: ബേക്കല്‍ ഫെസ്റ്റുമായി സഹകരിച്ച് ഇശല്‍ വിരുന്ന് 22ന്

മൊഗ്രാല്‍: 64-ാമത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലുമായി സഹകരിച്ച് ഇശല്‍ വിരുന്ന് സംഘടിപ്പിക്കും. 22ന് വൈകിട്ട് അഞ്ചിന് മൊഗ്രാല്‍ ഇശല്‍ ഗ്രാമത്തിലെ ഗായകര്‍ മാപ്പിളപ്പാട്ടും കൊട്ടിപ്പാട്ടും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കും. 29 മുതല്‍ 31 വരെയാണ് ജില്ലാ കലോത്സവം മൊഗ്രാല്‍ ഗവ. വി.എച്ച്.എസ്.എസില്‍ നടക്കുന്നത്. ബീച്ച് ഫെസ്റ്റ് ഒരുക്കങ്ങളുടെ അവലോകനത്തിന്റെ ഭാഗമായി മീഡിയ കോര്‍ഡിനേറ്റര്‍ കല്ലമ്പലം നജീബ്, അസി. കോര്‍ഡിനേറ്റര്‍മാരായ എം.മുഹമ്മദ് ഇര്‍ഷാദ്, സി.എച്ച് മുഹമ്മദ് ഷെമീര്‍, എന്‍. മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ ഫെസ്റ്റിവല്‍ ഗ്രാമം സന്ദര്‍ശിച്ചു. കലോത്സവ പ്രചരണ പരിപാടികളുടെ ഭാഗമായി ഫ്‌ളാഷ് മോബ് ടീം നാളെ പ്രയാണം തുടങ്ങും. മൊഗ്രാല്‍ സ്‌കൂളിലെ 19 അംഗങ്ങളടങ്ങിയ ടീമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കലാപ്രകടനം നടത്തുക. ഫ്‌ളാഷ് മോബ് എ.കെ.എം. അഷ്‌റഫ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യും. കലവറ നിറക്കലും കോക്കനട്ട് ചലഞ്ചുമായി ഫുഡ് കമ്മിറ്റിയും സംഘാടക സമിതിയും രംഗത്തുണ്ട്. കുമ്പള, മഞ്ചേശ്വരം, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ ശേഖരിക്കുന്ന തേങ്ങ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ 23ന് സംഘാടകര്‍ നേരിട്ടെത്തി സ്വീകരിക്കും.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it