നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ റവന്യൂ കാര്‍ഡുകള്‍ ലഭ്യമാക്കും-മന്ത്രി കെ. രാജന്‍

കാസര്‍കോട്: നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ റവന്യൂ കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രൂപ്പ് സ്മാര്‍ട്ട് വില്ലേജ് കെട്ടിട പ്രവൃത്തി ഉദ്ഘാടനവും മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് ഒരേ സമയം 37 വില്ലേജുകള്‍ സ്മാര്‍ട്ട് വില്ലേജുകളാക്കാന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കാസര്‍കോട് താലൂക്കില്‍ മുട്ടത്തൊടി, ചെങ്കള വില്ലേജുകള്‍ ഉള്‍പ്പെട്ട ചെങ്കള ഗ്രൂപ്പ് വില്ലേജ് ഓഫീസിന് വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍ കബീര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.വി ബല്‍രാജന്‍, അബ്ദുല്‍ റസാക്ക്, ജലീല്‍ എരുതുംകടവ്, ഷാഫി സന്തോഷ് നഗര്‍, നാഷണല്‍ അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. അഡിഷണല്‍ മജിസ്ട്രേറ്റ് പി.അഖില്‍ സ്വാഗതവും തഹസില്‍ദാര്‍ എ.എസ് അജിലാല്‍ നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it