അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് പ്രഥമ പരിഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്
ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിന് പദ്ധതി

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിക്കുന്നു
കാസര്‍കോട്: അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് പ്രഥമ പരിഗണന നല്‍കിയുള്ള ജില്ലാ പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 97,27,61,211 രൂപ പ്രതീക്ഷിത വരവും 96,01,21,000 രൂപ പ്രതീക്ഷിത ചെലവും ഉള്‍പ്പെടെ 1,26,40,211 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
വിദ്യാഭ്യാസം, ആരോഗ്യം, കര്‍ഷക ക്ഷേമം, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ എല്ലാ മേഖലകളുടെയും വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റെന്ന് ഷാനവാസ് പാദൂര്‍ പറഞ്ഞു.
ലഹരി ഉപയോഗത്തിനെതിരെ സന്ധിയില്ലാ പോരാട്ടത്തിനൊരുങ്ങാന്‍ ജില്ലാ പഞ്ചായത്ത് റിഥം പദ്ധതി ആവിഷ്‌ക്കരിച്ചു. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗവും മാനസിക പ്രശ്നങ്ങളും വിശകലനം ചെയ്ത് അവരെ കൗണ്‍സിലിംഗിലൂടെയും മറ്റും നേര്‍വഴിയിലേക്ക് നയിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പാരന്റിങ് പരിശീലനം നല്‍കും. വീനസ് ഐ.വി.എഫ് സെന്ററുമായി സഹകരിച്ചാണ് പരിശീലനങ്ങള്‍ നല്‍കുക.
ലഹരിക്കെതിരെ സിനിമ നിര്‍മ്മിച്ചും പുതുതലമുറയെ ചേര്‍ത്ത് പിടിക്കും. സ്‌കൂളുകളില്‍ ചില്‍ഡ്രണ്‍സ് പാര്‍ക്കുകള്‍, ഓപ്പണ്‍ ജിം, മാ-കെയര്‍ എന്നിവയൊരുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 3.75 കോടി രൂപ വകയിരുത്തി.
ലഹരിമുക്തരായവര്‍ വീണ്ടും ലഹരിയിലേക്ക് മടങ്ങുന്നുണ്ടെന്ന് അവര്‍ക്ക് സമൂഹത്തില്‍ സ്വീകാര്യതയോ ഉപജീവനമാര്‍ഗ്ഗമോ ലഭിക്കാത്തതാണ് ഇതിന് കാരണമെന്നുമെന്ന് തിരിച്ചറിഞ്ഞ് ചീമേനി തുറന്ന ജയിലിന് സമീപം ഡീ അഡിക്ഷന്‍ സെന്ററും തൊഴില്‍ പരിശീലന കേന്ദ്രവും സ്ഥാപിക്കും.
തദ്ദേശ ടൂറിസം വികസനത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയും ബി.ആര്‍.ഡി.സിയുമായി സഹകരിച്ച് കാസ്രോടന്‍ സഫാരി പദ്ധതിക്ക് തുടക്കം കുറിക്കും.
സ്ത്രീകള്‍ നേരിടുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ വിജ്ഞാന കേരളം പദ്ധതി ഉപയോഗപ്പെടുത്തും. ജില്ലാ പഞ്ചായത്തിന്റെ ക്യാന്റീന്‍ പ്രീമിയം കഫെയാക്കി മാറ്റും. ടിഷ്യുകള്‍ച്ചര്‍ വാഴ നഴ്സറി ആരംഭിക്കും. കരിക്ക് ഐസ്‌ക്രീം, ഷേക്ക് യൂണിറ്റുകള്‍ ആരംഭിക്കാന്‍ സൗകര്യമൊരുക്കും.
തീരദേശ മേഖലയില്‍ പി.എസ്.സി പരിശീലന ക്ലാസ് ആരംഭിക്കും. ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കടലറിവ് മ്യൂസിയം സ്ഥാപിക്കും. ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരുടെ ഉന്നമനത്തിനായി 9 കോടി 90 ലക്ഷത്തി 67,000 രൂപ മാറ്റിവെച്ചു.
മണ്ണറിഞ്ഞ് കൃഷി പദ്ധതിയുടെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ മണ്ണ് പരിശോധനാ ക്യാമ്പുകള്‍ നടത്തും. നെല്‍കൃഷി വികസനം, ജലസേചന സൗകര്യമൊരുക്കല്‍, മണ്ണ്, ജലസംരക്ഷണം എന്നിവ ഇത്തവണയും ഏറ്റെടുത്തിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ജില്ലയിലെ 25 ഗ്രാമീണ റോഡുകള്‍ നവീകരിക്കും. ഇതിനായി 12.80 കോടി രൂപ വകയിരുത്തി. ഭവന പദ്ധതിക്ക് 12 കോടി രൂപ മാറ്റിവെച്ചു. നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള മീറ്റുകള്‍ നടത്തും.
ജില്ലാ അലോപതി ആസ്പത്രി സാധാരണക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന വിധത്തില്‍ വിപുലീകരിക്കും. മാരകം രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള മരുന്നും ഇഞ്ചക്ഷനും ജില്ലാ ആസ്പത്രിയില്‍ തുടര്‍ന്നും ഉറപ്പാക്കും. കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്കുള്ള മരുന്ന് നല്‍കല്‍ പദ്ധതി തുടരും. ഡയാലിസിസ് സൗകര്യം വിപുലീകരിക്കും.
സായന്തനം കെയര്‍ എന്ന പേരില്‍ വയോജനങ്ങള്‍ക്കായി സമഗ്ര പദ്ധതിയുണ്ടാവും. പ്രായ ഭേദമന്യേ എല്ലാ തലമുറകള്‍ക്കും മാനസീകാരോഗ്യത്തിനും കായിക വിനോദത്തിനും ഒഴിവ് സമയം ചെലവഴിക്കുന്നതിനുമായി മള്‍ട്ടി ജനറേഷന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ബജറ്റില്‍ പ്രത്യേക പരിഗണന.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.എന്‍ സരിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മനു, പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ, ജോമോന്‍ ജോസ്, എം. ഷൈലജ ഭട്ട്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജി. സുധാകരന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.