DRUGS | കാഞ്ഞങ്ങാട്ട് ചൂതാട്ടത്തിനും ലഹരി വില്‍പ്പനക്കും എതിരെ നടപടി ശക്തമാക്കി പൊലീസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍ ഒറ്റ നമ്പര്‍ ലോട്ടറികള്‍, മദ്യം മയക്കുമരുന്ന് ലഹരിവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനക്കെതിരെ നടപടികള്‍ ശക്തമാക്കി പൊലീസ്. ലോട്ടറി സ്റ്റാളുകളുടെ മറവില്‍ ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് അറിയിച്ചു. ഇത്തരം ലോട്ടറിസ്റ്റാള്‍ ഉടമകള്‍ക്കെതിരെ ലോട്ടറി വകുപ്പിന്റെ കൂടി സഹകരണത്തോടെ നടപടിയെടുക്കും. ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുക. തട്ടുകടകളുടെ മറവില്‍ മദ്യവും മറ്റു ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയും നടപടി ശക്തമാക്കും. ലൈസന്‍സ് ഉള്ള കടകള്‍ ആണെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടികള്‍ എടുക്കും. ലൈസന്‍സില്ലാത്ത കടകളിലാണ് വില്‍പ്പനയും മറ്റു നടക്കുന്നതെങ്കില്‍ ഇവ ഏറ്റെടുക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളോട് ആവശ്യപ്പെടും. ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തി ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടവരെ റൗഡി ലിസ്റ്റില്‍ പെടുത്തുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു. ഇത്തരക്കാരെ നല്ല നടപ്പിന് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ഡി.ഒ കോടതിയിലും കേസ് നല്‍കും.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it