പി.കെ കുഞ്ഞാലിക്കുട്ടിയും കര്‍ണാടക മന്ത്രി സമീര്‍ അഹ്മദ് ഖാനും തെരുവത്ത് മെമ്മോയിര്‍സില്‍
'വീണ്ടും വീണ്ടും കാണാന്‍ മോഹം'

കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാനും പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എയും തെരുവത്ത് മെമ്മോയിര്‍സില്‍ ഖാദര്‍ തെരുവത്തിനൊപ്പം
കാസര്‍കോട്: ആത്മസുഹൃത്ത് ഖാദര്‍ തെരുവത്ത് കാസര്‍കോടിന് സമ്മാനിച്ച വിദ്യാനഗറിലെ 'തെരുവത്ത് മെമ്മോയിര്‍സ്' സന്ദര്‍ശിക്കാന്‍ മുസ്ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി വീണ്ടും എത്തി. ഒപ്പം കര്‍ണാടക വഖഫ്-ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീര്‍ അഹ്മദ് ഖാനും ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലി 'തെരുവത്ത് മെമ്മോയിര്‍സ്' ഉദ്ഘാടനം ചെയ്ത ചടങ്ങിലും അതിഥിയായി പി.കെ. കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നു. ഇന്ന് കാസര്‍കോട്ട് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി രാവിലെ തന്നെ പ്രിയ സുഹൃത്ത് ഖാദര്‍ തെരുവത്തിന്റെ വീട്ടിലെത്തുകയായിരുന്നു. ഖാദര്‍ തെരുവത്തിന്റെ ക്ഷണം സ്വീകരിച്ച് കര്‍ണാടക മന്ത്രി സമീര്‍ അഹ്മദ് ഖാനും ഇവിടെയെത്തി. പിന്നീട് രണ്ടുപേരും 'തെരുവത്ത് മെമ്മോയിര്‍സ്' സന്ദര്‍ശിച്ചു. ഇന്ത്യക്ക് അഭിമാനം പകരുന്ന കാര്യങ്ങളാണ് മെമ്മോയിര്‍സില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും രാജ്യത്തെ ഏതെങ്കിലും പ്രധാന നഗരത്തിലാണ് ഇത്തരമൊരു സ്ഥാപനം വേണ്ടതെന്നും സമീര്‍ അഹ്മദ് ഖാന്‍ പറഞ്ഞു. കണ്ടാലും കണ്ടാലും മതിവരാത്ത വിസ്മയ കാഴ്ചകളാണ് തെരുവത്ത് മെമ്മോയിര്‍സിനെ വേറിട്ട് നിര്‍ത്തുന്നതെന്നും അതുകൊണ്ടാണ് വീണ്ടും വീണ്ടും കാണാന്‍ കൊതി തോന്നുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രാതല്‍ കഴിച്ചാണ് ഇരുവരും മടങ്ങിയത്. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഒപ്പമുണ്ടായിരുന്നു.

