മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം-ജോസ് കെ. മാണി

യൂത്ത് ഫ്രണ്ട് തീരദേശ സംരക്ഷണ യാത്രക്ക് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴിക്കാടന്‍ നയിക്കുന്ന തീരദേശ സംരക്ഷണ യാത്ര കാസര്‍കോട് കടപ്പുറം കുറുമ്പ ഭഗവതി ക്ഷേത്ര പരിസരത്ത് ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആദ്ദേഹം. മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്തിന്റെ അവകാശം പൂര്‍ണമായി വിട്ടുകൊടുക്കണം. മതിയായ പഠനം നടത്താതെയുള്ള കടല്‍ മണല്‍ ഖനനം തീരദേശ ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. ഇതിനായി ഒരിഞ്ച് ഭൂമി പോലും വിട്ടു നല്‍കേണ്ട-അദ്ദേഹം പറഞ്ഞു. കടല്‍ മണല്‍ ഖനനം സംബന്ധിച്ച് എന്തെങ്കിലും സാമൂഹിക ആഘാത പഠനം നടത്തിയോ എന്നത് സംബന്ധിച്ചുള്ള രാജ്യസഭയിലെ തന്റെ ചോദ്യം കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയതായും ഈ നീക്കവുമായി അവര്‍ക്കിനി മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു. 'കടലവകാശം കടലിന്റെ മക്കള്‍ക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര. സിറിയക്ക് ചാഴിക്കാടന്‍ അധ്യക്ഷത വഹിച്ചു. കുറുമ്പ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് കെ. പ്രഭാകരന്‍ മുഖ്യാതിഥിയായിരുന്നു. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജന. സെക്ര ട്ടറി അഡ്വ. അലക്‌സ് കോഴിമല ആമുഖ പ്രസംഗവും ജനറല്‍ സെകട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍ മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. യാത്ര ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍, മുന്‍ എം.പി തോമസ് ചാഴിക്കാടന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍. ജയരാജ് എം.എല്‍.എ, എം. എല്‍.എമാരായ അഡ്വ. ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it