സൗത്ത് സോണ്‍ യൂത്ത് ഫെസ്റ്റിവലില്‍ തിളങ്ങി പെരിയ കേന്ദ്ര സര്‍വകലാശാല

പെരിയ: 39-ാമത് ഇന്റര്‍ യൂണിവേഴ്‌സിറ്റി സൗത്ത് സോണ്‍ യൂത്ത് ഫെസ്റ്റിവലില്‍ തിളക്കമാര്‍ന്ന നേട്ടവുമായി കേരള കേന്ദ്ര സര്‍വകലാശാല. ചെന്നൈ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സില്‍ നടന്ന ഫെസ്റ്റിവലില്‍ കേരള കേന്ദ്ര സര്‍വകലാശാല അഞ്ചാം സ്ഥാനം നേടി. കേരളം, തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ 28 സര്‍വകലാശാലകളോട് മത്സരിച്ചാണ് ഈ നേട്ടം. പ്രൊസഷന്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ക്ലാസിക്കല്‍ ഡാന്‍സ് (ദേവിക എസ്.നായര്‍), കൊളാഷ് (ഗ്രേസ് മറിയ ഫിലിപ്പ്) എന്നിവയില്‍ രണ്ടാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗം (ഗൗതം ശങ്കര്‍), സ്‌കിറ്റ് എന്നിവയില്‍ മൂന്നാം സ്ഥാനവും നേടി. രണ്ടിനങ്ങളില്‍ വീതം നാല്, അഞ്ച് സ്ഥാനങ്ങളും കരസ്ഥമാക്കി. 44 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 58 പേരടങ്ങുന്ന സംഘമാണ് സര്‍വകലാശാലയെ പ്രതിനിധീകരിച്ചത്. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ. ശ്രാവണ, അസിസ്റ്റന്റ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായ ഡോ. ബിന്ദു ടി.വി, ഡോ. രാജേന്ദ്ര ബൈക്കാഡി, ഗസ്റ്റ് ഫാക്കല്‍റ്റി വിഷ്ണു പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മികച്ച നേട്ടം കരസ്ഥമാക്കിയ സംഘത്തിന് സര്‍വകലാശാലയില്‍ സ്വീകരണം നല്‍കി. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അഭിനന്ദിച്ചു. രജിസ്ട്രാര്‍ ഡോ. ആര്‍. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട എന്നിവര്‍ സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it